മാഡ്രിഡ്: ബാഴ്സലോണ, അത്ലറ്റികോ മാഡ്രിഡ് എന്നീ ടീമുകള്‍ സ്പാനിഷ് കിംഗ്സ് കപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ഇരുപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്സലോണ ലെവന്റയെയും അത്ലറ്റികോ മാഡ്രിഡ് അത്ലറ്റിക് ബില്‍ബാവോയെയും തകര്‍ത്താണ് അവസാന നാലില്‍ ഇടംപിടിച്ചത്. ആദ്യപാദത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വിജയിച്ച ബാഴ്സലോണ ഇന്നലെ പുലര്‍ച്ചെ സമാപിച്ച രണ്ടാം പാദത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ലെവന്റയെ തകര്‍ത്തത്. അലക്സി സാഞ്ചസ് ബാഴ്സക്ക് വേണ്ടി ഇരട്ട ഗോള്‍ നേടി. ഇതോടെ ഇരുപാദങ്ങളിലുമായി 9-2ന്റെ ഗംഭീര വിജയമാണ് കറ്റാലന്‍ പട കരസ്ഥമാക്കിയത്. എസ്പാനിയോളിനെ കീഴടക്കി റയല്‍ മാഡ്രിഡ് കഴിഞ്ഞ ദിവസം സെമിയിലെത്തിയിരുന്നു.
സൂപ്പര്‍താരം ലയണല്‍ മെസ്സിയെ പകരക്കാരുടെ ബെഞ്ചിലിരുത്തിയാണ് ബാഴ്സലോണ ലെവന്റക്കെതിരായ രണ്ടാം പാദ പോരാട്ടത്തിനിറങ്ങിയത്. ആദ്യപകുതിയില്‍ രണ്ട് ഗോളുകള്‍ നേടിയ ബാഴ്സലോണ രണ്ടാം പകുതിയില്‍ 18 മിനിറ്റിനിടെ മൂന്ന് ഗോളുകള്‍കൂടി സ്വന്തമാക്കി. എന്നാല്‍ മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് ലെവന്റയായിരുന്നു. ബാഴ്സയുടെ സെര്‍ജിയോ റോബര്‍ഡോ സമ്മാനിച്ച സെല്‍ഫ് ഗോളാണ് ലെവന്റക്ക് ലീഡ് നേടിക്കൊടുത്തത്. എന്നാല്‍ 28-ാം മിനിറ്റില്‍ അഡ്രിയാനോയിലൂടെ ബാഴ്സ സമനില പിടിച്ചു. ഫാബ്രഗസിന്റെ പാസില്‍ നിന്ന് അഡ്രിയാനോ 25 വാര അകലെനിന്ന് പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്. പിന്നീട് 44-ാം മിനിറ്റില്‍ ബാഴ്സ ലീഡ് നേടി. ടെല്ലോ നല്‍കിയ ക്രോസ് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ കാര്‍ലോസ് പ്യുയോള്‍ വലയിലെത്തിച്ചു.
പിന്നീട് മത്സരത്തിന്റെ 50, 52 മിനിറ്റുകളില്‍ അലക്സി സാഞ്ചസ് രണ്ട് ഗോളുകള്‍ നേടിയതോടെ ബാഴ്സ 4-1ന് മുന്നിലെത്തി. തുടര്‍ന്ന് 68-ാം മിനിറ്റില്‍ ഫാബ്രഗസും ലക്ഷ്യം കണ്ടതോടെ ബാഴ്സയുടെ ഗോള്‍ വേട്ട പൂര്‍ത്തിയായി.
മറ്റൊരു മത്സരത്തില്‍ അത്ലറ്റിക് ബില്‍ബാവോയെ രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് അത്ലറ്റികോ മാഡ്രിഡ് കിംഗ്സ് കപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം റൗള്‍ ഗാര്‍ഷ്യയും ഡീഗോ കോസ്റ്റയും നേടിയ ഗോളുകള്‍ക്കാണ് അത്. മാഡ്രിഡ് ബില്‍ബാവോയെ കീഴടക്കിയത്. ആദ്യ പാദത്തില്‍ 1-0നായിരുന്നു മാഡ്രിഡിന്റെ വിജയം. ഇതോടെ ഇരുപാദങ്ങളിലുമായി 3-1ന്റെ വിജയമാണ് അത്. മാഡ്രിഡ് സ്വന്തമാക്കിയത്. ഇന്നലെ പുലര്‍ച്ചെ നടന്ന രണ്ടാം പാദത്തില്‍ 41-ാം മിനിറ്റില്‍ അരിറ്റ്സ് സ്യുബെല്‍ഡിയ നേടിയ ഗോളിന് ആദ്യ പകുതിയില്‍ ബില്‍ബാവോ മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് 10 മിനിറ്റിനുശേഷം റൗള്‍ ഗാര്‍ഷ്യയും 86-ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയും ലക്ഷ്യം കണ്ടതോടെ മാഡ്രിഡിന്റെ വിജയം പൂര്‍ത്തിയായി.
















