ഹൈദരാബാദ്: മഹാരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ കര്‍ണാടക ശക്തമായ നിലയില്‍. മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 305 റണ്‍സിനെതിരെ രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ കര്‍ണാടക വിക്കറ്റ് നഷ്ടപ്പെടുത്താതെ 230 റണ്‍സെടുത്തിട്ടുണ്ട്. 117 റണ്‍സോടെ ഗണേഷ് സതീഷും 94 റണ്‍സുമായി ലോകേഷ് രാഹുലുമാണ് ക്രീസില്‍.
നേരത്തെ അഞ്ചിന് 272 എന്ന നിലയില്‍ രണ്ടാം ദിവസമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച മഹാരാഷ്ട്ര 33 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓള് ഔട്ടായി. 29 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച അതിത്കര് 50 റണ്‍സെടുത്തതൊഴിച്ചാല്‍ ബാക്കിയാരും മികച്ച പ്രകടനം നടത്തിയില്ല. കര്‍ണാടകക്ക് വേണ്ടി വിനയ്കുമാര്‍, മിഥുന്, അരവിന്ദ് എന്നിവര്‍ മൂന്നുവിക്കറ്റുവീതം വീഴ്ത്തി.
തുടര്‍ന്ന് കര്‍ണാടകക്ക് വേണ്ടി ഒന്നാം ഇന്നിംഗ്സ് ആരംഭിച്ചത് ഉത്തപ്പയും രാഹുലും ചേര്‍ന്നായിരുന്നു. എന്നാല്‍ സ്കോര്‍ 14 റണ്‍സിലെത്തിയപ്പോള്‍ 10 റണ്‍സെടുത്ത റോബിന് ഉത്തപ്പ പരിക്കേറ്റ് മടങ്ങി. തുടര്‍ന്ന് ഒത്തുചേര്‍ന്ന രാഹുലും സതീഷും ചേര്‍ന്ന് കര്‍ണാടകയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. ഈ കൂട്ടുകെട്ട് പിരിക്കാന്‍ മഹാരാഷ്ട്ര ബൗളര്‍മാര്‍ ഏറെ പരിശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. 10 വിക്കറ്റും കയ്യിലിരിക്കെ മഹാരാഷ്ട്ര സ്കോറിനെ മറികടക്കാന്‍ കര്‍ണാടകയ്ക്ക് 76 റണ്‍സ് കൂടി മതി.
















