വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിനെതിരായ അവസാന ഏകദിന മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. മൂന്നെണ്ണത്തില്‍ പരാജയപ്പെട്ട് നേരത്തെ തന്നെ പരമ്പര നഷ്ടപ്പെട്ട ഇന്ത്യക്ക് ഇന്ന് അഭിമാനം രക്ഷിക്കാനുള്ള പോരാട്ടമാണ്. മൂന്നാം ഏകദിനം സമനിലയില്‍ കലാശിച്ചതൊഴിച്ചാല്‍ മറ്റ് മൂന്ന് മത്സരങ്ങളിലും ഇന്ത്യയുടെ പരാജയം സമ്പൂര്‍ണ്ണമായിരുന്നു. നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്-ഏകദിന പരമ്പരയും ഇന്ത്യ പരാജയപ്പെട്ടിരുന്നു.
മുന്‍നിര ബാറ്റ്സ്മാന്മാരുടെ ഫോമില്ലായ്‌മയാണ് ഇന്ത്യയെ കുഴക്കുന്നത്. ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി മാത്രമാണ് ഫോമിലുള്ള ഏക ഇന്ത്യന്‍ താരം. ആദ്യ രണ്ട് മത്സരങ്ങളില്‍ വിരാട് കോഹ്ലി ഗംഭീര ഫോമിലായിരുന്നെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ യുവതാരത്തിന് കഴിഞ്ഞില്ല. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ രോഹിത് ശര്‍മ്മ മികച്ച ഇന്നിംഗ്സ് കാഴ്ചവെച്ചതും ജഡേജയുടെയും ക്യാപ്റ്റന്റെയും ഫോമിനെയുമാണ് ഇന്ത്യ ഇന്ന് അവസാന ഏകദിനത്തിലും ആശ്രയിക്കുന്നത്.
ആദ്യ മത്സരത്തില്‍ ഇന്ത്യ 24 റണ്‍സിനും രണ്ടാം മത്സരത്തില്‍ മഴ നിയമം മൂലം 15 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. മൂന്നാം മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ നാലാം മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. നാല് മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റുകള്‍ വീഴ്‌ത്തിയ മുഹമ്മദ് ഷാമി മാത്രമാണ് ബൗളിംഗ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നത്. ഭുവനേശ്വര്‍കുമാറും വരുണ്‍ ആരോണും നിരാശപ്പെടുത്തുകയാണ്. എന്നാല്‍ സ്പിന്നര്‍മാരായ അശ്വിനും ജഡേജക്കും ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം ന്യൂസിലാന്റ് ടീം മികച്ച ഫോമിലാണ്. വില്ല്യംസണും ഗുപ്റ്റിലും റൈഡറും ടെയ്‌ലറും ആന്‍ഡേഴ്സണും മികച്ച ബാറ്റിംഗ് കാഴ്ചവെക്കുന്നതാണ് അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്. സൗത്തിയും മക്ക്ലനാഗനും ഉള്‍പ്പെട്ട ബൗളിംഗ് നിരയും മികച്ചഫോമിലാണ്. എന്തായാലും അവസാന മത്സരത്തിലെങ്കിലും വിജയിക്കാനുറച്ചായിരിക്കും ടീം ഇന്ത്യ ഇന്ന് അവസാന പോരാട്ടത്തിനിറങ്ങുന്നത്.
















