മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക് ഗംഭീര വിജയം. ഇന്നിംഗ്സിനും 248 റണ്‍സിനുമാണ് ശ്രീലങ്ക ആതിഥേയരായ ബംഗ്ലാദേശിനെ ആദ്യ ടെസ്റ്റില്‍ തകര്‍ത്തുവിട്ടത്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ശ്രീലങ്ക 1-0ന് മുന്നിലെത്തി. ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ 499 റണ്‍സെടുക്കേണ്ടിയിരുന്ന ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ 250 റണ്‍സിന് പുറത്തായതോടെയാണ് ശ്രീലങ്ക തകര്‍പ്പന്‍ വിജയം കരസ്ഥമാക്കിയത്. രണ്ടാം ഇന്നിംഗ്സില്‍ 50 റണ്‍സെടുത്ത മൊനിമുള്‍ ഹഖാണ് ബംഗ്ലാദേശ് നിരയില്‍ ടോപ്സ്കോറര്‍. ശ്രീലങ്കക്ക് വേണ്ടി ആദ്യ ഇന്നിംഗ്സില്‍ പുറത്താകാതെ 203 റണ്‍സെടുത്ത മഹേല ജയവര്‍ദ്ധനെയാണ് മാന്‍ ഓഫ് ദി മാച്ച്. സ്കോര്‍ ചുരുക്കത്തില്‍: ബംഗ്ലാദേശ് 232, 250. ശ്രീലങ്ക 6ന് 730 ഡി.
ഒന്നിന് 35 എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശ് നിരയില്‍ ഒരാളും മികച്ച പ്രകടനം പുറത്തെടുത്തില്ല. 50 റണ്‍സെടുത്ത മൊനിമുള്‍ ഹസ്സന് പുറമെ അവസാന ബാറ്റ്സ്മാനായി ക്രീസിലെത്തിയ അമിന്‍ ഹൊസൈന്‍ പുറത്താകാതെ 32 റണ്‍സും നേടി. 29 റണ്‍സെടുത്ത നാസിര്‍ ഹൊസൈനും 23 റണ്‍സെടുത്ത സൊഹാഗ് ഗാസിയും 25 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസ്സനും ബാറ്റിംഗില്‍ പരാജയപ്പെട്ടതോടെയാണ് ബംഗ്ലാദേശിന് ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നത്. ശ്രീലങ്കക്ക് വേണ്ടി ദില്‍രുവാന്‍ പെരേര 109 റണ്‍സ് വഴങ്ങി അഞ്ചും ലക്മല്‍ 39 റണ്‍സ് വിട്ടുകൊടുത്ത് മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.
















