ഹാമില്ട്ടണ്: ബൗളര്‍മാര്‍ ബുദ്ധിയുപയോഗിക്കേണ്ട സമയമായെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരവും പരാജയപ്പെട്ടതിന് ശേഷമാണ് ധോണിയുടെ പ്രതികരണം.
ഫാസ്റ്റ് ബൗളര്‍മാര്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു തുടങ്ങിയില്ലെങ്കില്‍ 2015ലെ ലോകകപ്പ് ദുഷ്ക്കരമാകുമെന്നും ധോണി പറഞ്ഞു. ക്രിക്കറ്റിലെ പുതിയ നിയമങ്ങള്‍ ബൗളര്‍മാര്‍ക്ക് കഠിനകരമായിട്ടാണ് തുടരുന്നത്.
എന്നാല്‍ ഇവിടെ സംഭവിച്ചത് ബൗളര്‍മാരുടെ മോശം പ്രകടനം തന്നെയാണെന്ന് ധോണി പറഞ്ഞു. പരമ്പര നഷ്ടപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. ടീമിന് സ്ഥിരതയുണ്ടായെ പറ്റൂ എന്നാല്‍ ധാരാളം ബൗളര്‍മാര്‍ക്ക് കഴിവ് തെളിയിക്കാനുമുണ്ട്. പരുക്കൊന്നുമില്ലെങ്കില് ലോകകപ്പ് വരെ നിലവിലെ സ്പിന്നര്‍മാര്‍ തന്നെ തുടരും.
എന്നാല്‍ ഫാസ്റ്റ് ബൗളര്‍മാരുടെ കാര്യത്തില്‍ ഇപ്പോഴും ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ധോണി വിശദമാക്കി. നിലവില്‍ മികച്ച ഫോമില്‍ തുടരുന്ന വിരാട് കോഹ്ലിയെ ഓപ്പണിംഗ് ബാറ്റ്സ്മാനായി ഇറക്കാനും ജിംക്സിനെ മൂന്നാമനായും റായിഡുവിനെ നാലാമനായി ഇറക്കാനുമാണ് തന്റെ തീരുമാനമെന്നും ഇതിനെ കുറിച്ച്
കോഹ്ലിയോട് സംസാരിച്ചപ്പോള്‍ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചെന്നും ധോണി വ്യക്തമാക്കി.
രഹാനെ ഓപ്പണര്‍ സ്ഥാനത്തു വന്നിട്ടുണ്ടെങ്കിലും സിലക്ടര്‍മാരുടെ അഭിപ്രായത്തില്‍ രഹാനെ മധ്യനിരയില്‍ കളിക്കുന്നതാണ് നല്ലത്. അദ്ദേഹം അത് തെളിയിക്കുകയും ചെയ്തെന്ന് ധോണി പറഞ്ഞു.
















