മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 232 റണ്‍സിനെതിരെ രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെടുത്തിട്ടുണ്ട്. 42 റണ്‍സെടുത്ത മഹേല ജയവര്‍ദ്ധനെയാണ് ക്രീസില്‍. 139 റണ്‍സെടുത്ത കൗശല്‍ സില്‍വയുടെയും 75 റണ്‍സെടുത്ത സംഗക്കാരയുടെയും 53 റണ്‍സെടുത്ത കരുണരത്നയുടെയും കരുത്തിലാണ് ശ്രീലങ്ക മികച്ച സ്കോറിലേക്ക് നീങ്ങുന്നത്. അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ ശ്രീലങ്കക്ക് 143 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണുള്ളത്.
വിക്കറ്റ് നഷ്ടപ്പെടാതെ 60 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസമായ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കക്ക് വേണ്ടി കരുണരത്നെയും സില്‍വയും ചേര്‍ന്ന് മികച്ച പ്രകടനം നടത്തി. സ്കോര്‍ 118 റണ്‍സിലെത്തിയശേഷമാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. 53 റണ്‍സെടുത്ത കരുണരത്നയെ ഷാകിബ് അല്‍ ഹസ്സന്റെ പന്തില്‍ റൗബിള്‍ ഇസ്ലാം പിടികൂടി. തുടര്‍ന്നെത്തിയ സംഗക്കാര സില്‍വക്ക് മികച്ച പിന്തുണ നല്‍കി. രണ്ടാം വിക്കറ്റില്‍ സില്‍വയും സംഗക്കാരയും ചേര്‍ന്ന് 155 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ സില്‍വ കരിയറിലെ ആദ്യ സെഞ്ച്വറിയും സംഗക്കാര അര്‍ദ്ധസെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഒടുവില്‍ സ്കോര്‍ 273 റണ്‍സിലെത്തിയപ്പോള്‍ 75 റണ്‍സെടുത്ത സംഗക്കാരയെ അല്‍ അമീന്‍ ഹൊസ്സൈന്റെ പന്തില്‍ നാസിര്‍ ഹൊസൈന്‍ പിടികൂടി. പിന്നീട് സ്കോര്‍ 302 റണ്‍സിലെത്തിയപ്പോള്‍ 139 റണ്‍സെടുത്ത കൗശല്‍ സില്‍വയെ ഷാക്കിബ് അല്‍ ഹസ്സന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. നാലാം വിക്കറ്റില്‍ ജയവര്‍ദ്ധനെയും ചണ്ടിമലും ചേര്‍ന്ന് സ്കോര്‍ 374-ല്‍ എത്തിച്ചു. എന്നാല്‍ 40 റണ്‍സെടുത്ത ചണ്ടിമലിനെ ഷാക്കിബ് ബൗള്‍ഡാക്കിയതോടെ 72 റണ്‍സിന്റെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. ഒരു റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അഞ്ചാം വിക്കറ്റും നഷ്ടമായി. റണ്ണൊന്നുമെടുക്കാതിരുന്ന ലക്മലിനെ ഷൊഹാഗ് ഗാസി നാസിര്‍ ഹൊസൈന്റെ കൈകളിലെത്തിച്ചു. ഇതോടെ രണ്ടാം ദിവസത്തെ കളിയും അവസാനിച്ചു. ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അല്‍ ഹസ്സന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.
















