ബംഗളൂരു: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ (സിസിഎല്‍) നാലാം സീസണിന് അമ്മ കേരള സ്ട്രൈക്കേഴ്സ് ജയത്തോടെ ശുഭാരംഭം കുറിച്ചു. ആദ്യ മത്സരത്തില്‍ തെലുങ്കു വാരിയേഴ്സിനെ നാലു വിക്കറ്റിന് സ്ട്രൈക്കേഴ്സ് തുരത്തി. വാരിയേഴ്സ് ആറു വിക്കറ്റുകള്‍ ബലികഴിച്ച് 142 റണ്‍സ് സ്വരുക്കൂട്ടി. സ്ട്രൈക്കേഴ്സ് അവസാന പന്തില്‍ ലക്ഷ്യം മറികടന്നു.സ്കോര്‍- വാരിയേഴ്സ്- 6ന് 142 (20 ഓവര്‍). സ്ട്രൈക്കേഴ്സ്- 6ന് 143 (20).
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വാരിയേഴ്സ് നിരയില്‍ ആദര്‍ശ് (38 നോട്ടൗട്ട്), സുധീര്‍ ബാബു (26 നോട്ടൗട്ട്), അഖില്‍ (22) എന്നിവര്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. ബിനീഷ് കോടിയേരിയാണ് (2 വിക്കറ്റ്) വാരിയേഴ്സിന് കൂച്ചുവിലങ്ങിട്ടത്. സ്കോര്‍ പിന്തുടര്‍ന്ന സ്ട്രൈക്കേഴ്സിനെ ബിനീഷിന്റെ (41) ബാറ്റും മുന്നോട്ടു നയിച്ചു. പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ രാജീവ് പിള്ളയും (16) സ്ട്രൈക്കേഴ്സിന്റെ വിജയ ശില്‍പ്പികളില്‍ ഒരാളായി. വാരിയേഴ്സിന്റെ ആദര്‍ശ് മൂന്നുപേരെ പുറത്താക്കി. ബിനീഷ് കോടിയേരി കളിയിലെ കേമന്‍.
















