ലോകകപ്പ് ഫുട്ബോളിനെതിരെ പ്രതിഷേധിച്ച നൂറിലധികംപേരെ സാവോപോളോ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുമ്പോഴും ഫുട്ബോള്‍ ലോകകപ്പിനായി കോടിക്കണക്കിന് ഡോളര്‍ ചെലവിടുന്നെന്നാണ് വിമര്‍ശകരുടെ ആരോപണം.
ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സാവോപോളോയിലാണ് കഴിഞ്ഞ ദിവസം പ്രതിഷേധം അലയടിച്ചത്. ‘ഇവിടെ ഒരു കപ്പുമില്ല’ എന്നെഴുതിയ ബാനറേന്തി തെരുവിലിറങ്ങിയ 2500 ഓളം വരുന്ന ജനക്കൂട്ടം കാറുകള്‍ക്കും കടകള്‍ക്കും ബാങ്കുകള്‍ക്കും പോലീസ് വാഹനങ്ങള്‍ക്കും തീയിട്ടു.തുടര്‍ന്ന് പോലീസുകാരും പ്രകടനക്കാരും ഏറ്റുമുട്ടി. സംഭവവുമായി ബന്ധപ്പെട്ട് 128 പേരെ അറസ്റ്റ് ചെയ്തു.
റിയോ ഡി ജനിറോ ഉള്‍പ്പെടെയുള്ള മറ്റു നഗരങ്ങളിലും പ്രതിഷേധങ്ങള്‍ അരങ്ങേറി. അഴിമതി, മോശം പൊതുജന സേവനം എന്നിവയ്‌ക്കെതിരെ ബ്രസീല്‍ നിലനില്‍ക്കുന്ന ജന രോഷം ലോകകപ്പിന്റെ സംഘാടനത്തെ ഇതിനകം അവതാളത്തിലാക്കിക്കഴിഞ്ഞു. തൊഴിലാളി സമരങ്ങളും തലപൊക്കിയതിനാല്‍ സ്റ്റേഡിയങ്ങളില്‍ മിക്കതിന്റെയും പണി സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ജൂണില്‍ കോണ്‍ഫെഡറേഷന്‍ കപ്പിനിടെയും നിരവധിപേര്‍ സ്റ്റേഡിയങ്ങള്‍ക്കു മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
















