പാരീസ്: സ്കീയിങ് അപകടത്തില്‍ ഗുരുതര പരിക്കേറ്റ ജര്‍മ്മന്‍ ഫോര്‍മുലാവണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കറെ കോമയില്‍ നിന്ന് തത്കാലം ഉണര്ത്തില്ലെന്ന് റിപ്പോര്‍ട്ട്. ഷൂമാക്കര്‍ ചികിത്സയിലുള്ള ഗ്രനോബിളിലെ ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു പ്രമുഖ ദിനപത്രം ഇക്കാര്യം പുറത്തുവിട്ടു. ചികിത്സാപരമായ കാരണങ്ങളാല്‍ ഷൂമാക്കറെ കോമ അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തെ എന്ന് മയക്കത്തില്‍ നിന്ന് ഉണര്ത്തണമെന്നതു സംബന്ധിച്ച് ഡോക്റ്റര്‍മാര്‍ തീരുമാനമെടുത്തിട്ടില്ല. ശിഷ്ടകാലം ഷൂമാക്കര്‍ ജീവച്ഛവമായി കഴിയേണ്ടിവരുമെന്ന ആശങ്കകള്‍ക്ക് ഇടനല്‍കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
ഫ്രഞ്ച് ആല്‍പ്സ് പര്‍വ്വതനിരയിലെ റിസോര്‍ട്ടില്‍ സ്കീയിങ് നടത്തവെ ഡിസംബര്‍ അവസാനമാണ് ഷൂമാക്കര്‍ അപകടത്തില്‍പ്പെട്ടത്.
തലച്ചോറിലേറ്റ ക്ഷതം അദ്ദേഹത്തിന്റെ നില അതീവ സങ്കീര്‍ണമാക്കി. അപകടത്തിന്റെ അടുത്ത ദിവസങ്ങളില്‍ ഷൂമാക്കറെ ഒന്നിലധികം തവണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
















