കൊച്ചി: ഫെഡറേഷന്‍ കപ്പ് ഫുട്ബോളിന്റെ രണ്ടാം സെമിയില്‍ സ്പോര്‍ട്ടിംഗ് ക്ലബ്ബ് ഗോവ സ്വന്തം നാട്ടുകാരായ ഡെംപോയെ പരാജയപ്പെടുത്തി. അധികസമയത്തേക്കു നീണ്ട മത്സരത്തില്‍ 3-2നായിരുന്നു സ്പോര്‍ട്ടിംഗിന്റെ ജയം. 105-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ആര്‍ട്ടുറോ ഗാര്‍ഷ്യയാണ് സ്പോര്‍ട്ടിംഗിനെ മുന്നോട്ടു നയിച്ചത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പോരാട്ടമായിരുന്നെങ്കിലും ഇടയ്‌ക്കിടെ താരങ്ങള്‍ കയ്യാങ്കളിയിലേര്‍പ്പെട്ടത് മത്സരത്തിന്റെ നിറംകെടുത്തി.
നിശ്ചിത സമയത്ത് ഇരുടീമുകളും 2-2ന് സമനില പാലിക്കുകയായിരുന്നു. സ്പോര്‍ട്ടിംഗിന് വേണ്ടി ബൊയ്‌മ കര്‍പേയും പെനാല്‍റ്റിയിലൂടെ ആര്‍ട്ടുറോ ഗാര്‍ഷ്യയും ഡെംപോക്ക് വേണ്ടി ടോള്‍ഗെ ഒസ്ബെയും ഹാരൂണ്‍ ഫക്രുദ്ദീനും ഗോളുകള്‍ നേടി. ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായി ഓള്‍ ഗോവന്‍ ഫൈനലിന് കളമൊരുങ്ങി. ആദ്യ സെമിയില്‍ മോഹന്‍ ബഗാനെ ചര്‍ച്ചില്‍ ബ്രദേഴ്സ് കീഴടക്കിയിരുന്നു.
തുടക്കത്തില്‍ ഡെംപോ തുടര്‍ച്ചയായി സ്പോര്‍ട്ടിംഗ് ഏരിയയിലേക്ക് സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ നാലാം മിനിറ്റില്‍ സ്പോര്‍ട്ടിംഗിനാണ് ആദ്യ അവസരം ലഭിച്ചത്. ബോക്സിനുള്ളില്‍ നിന്ന് കാലു ഒഗ്ബ പായിച്ച ഷോട്ട് ബഗാന്‍ പ്രതിരോധനിരക്കാരന്റെ കാലില്‍ തട്ടി റീബൗണ്ട് വന്നത് പിടിച്ചെടുത്ത് വിക്ടോറിനോ ഉതിര്‍ത്ത ഷോട്ട് നേരെ ഡെംപോ ഗോളി ലക്ഷ്മികാന്ത് കാട്ടിമണിയുടെ കയ്യിലേക്കായിരുന്നു. 7-ാം മിനിറ്റില്‍ ഡെംപോക്ക് കോര്‍ണര്‍ ലഭിച്ചു. റോബര്‍ട്ടോ മെന്‍ഡസ് എടുത്ത കിക്ക് ബോക്സിലേക്ക് പറന്നിറങ്ങിയെങ്കിലും സ്പോര്‍ട്ടിംഗ് താരം മാത്യു ഗൊണ്‍സാലസ് ഹെഡ്ഡറിലൂടെ പന്ത് ക്ലിയര്‍ ചെയ്ത് അപകടം ഒഴിവാക്കി. 11-ാം മിനിറ്റില്‍ ഡെംപോ ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും സ്പോര്‍ട്ടിംഗ് ഗോളി രവികുമാര്‍ രക്ഷകന്റെ വേഷത്തില്‍ അവതരിച്ചു. തുടര്‍ന്നും ആധിപത്യം നിലനിര്‍ത്തിയ ഡെംപോ നിരവധി തവണ എതിര്‍ ഗോള്‍മുഖത്തേക്ക് റെയ്ഡ് നടത്തി.
കളിയുടെ ഗതിക്ക് വിപരീതമായി 30-ാം മിനിറ്റില്‍ ഡെംപോയെ ഞെട്ടിച്ചുകൊണ്ട് സ്പോര്‍ട്ടിംഗ് ഗോവ മത്സരത്തിലെ ആദ്യഗോള്‍ നേടി. സ്വന്തം ഏരിയയില്‍ നിന്ന് ഡെംപോയുടെ നാരായണ്‍ ദാസ് എടുത്ത ത്രോ പിടിച്ചെടുത്ത് പന്തുമായി മുന്നേറി പ്രതിരോധനിരക്കാരന്‍ സിമോണ്‍ കൊളോസിമോയെ കബളിപ്പിച്ച് ബോക്സില്‍ പ്രവേശിച്ച അവരുടെ ലൈബീരിയന്‍ താരം ബൊയ്‌മ കാര്‍പെ ഇടതുകാലുകൊണ്ട് പായിച്ച ഷോട്ട് ഡെംപോ ഗോളി ലക്ഷ്മികാന്തിനെ കീഴടക്കി വലയില്‍ പതിച്ചു. (1-0).
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സമനില ഗോളിനായി ഡെംപോ കനത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും സ്പോര്‍ട്ടിംഗ് പ്രതിരോധം കോട്ടകെട്ടി കാത്തു. 72-ാം മിനിറ്റില്‍ ഡെംപോ സമനില പിടിച്ചു.
റോബര്‍ട്ടോ മെന്‍ഡസ് സ്പോര്‍ട്ടിംഗ് താരങ്ങളുടെ തലക്ക് മുകളിലൂടെ കോരിയിട്ടുകൊടുത്ത പന്ത് പിടിച്ചെടുത്ത ഗോള്‍ഗെ ഒസ്ബെ ബോക്സില്‍ പ്രവേശിച്ച ശേഷം ഉതിര്‍ത്ത ബുള്ളറ്റ് ഷോട്ട് വലയില്‍ ഓളങ്ങള്‍ തീര്‍ത്തു (1-1). 82-ാം മിനിറ്റില്‍ സ്പോര്‍ട്ടിംഗ് പെനാല്‍റ്റിയിലൂടെ വീണ്ടും ലീഡ് നേടി (2-1), ഗാര്‍ഷ്യ സ്കോറര്‍. അഞ്ച് മിനിറ്റിനുശേഷം ഹാരൂണ്‍ ഫക്രുദ്ദീന്‍ ഡെംപോയുടെ സമനില പിടിച്ചു. ഫക്രുദ്ദീന്‍ തൊടുത്ത തകര്‍പ്പന്‍ ഷോട്ട് സ്പോര്‍ട്ടിംഗ് ഗോള്‍വര കടന്നു. (2-2). ഇതോടെ പോരാട്ടം അധിക സമയത്തേക്ക് നീണ്ടു.
















