ലണ്ടന്‍: വെസ്റ്റ്ഹാമിന്റെ ആകുലതകളിലേക്ക് ഗോള്‍ വര്‍ഷിച്ച് മാഞ്ചെസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് ലീഗ് കപ്പിന്റെ ഫൈനലിലേക്ക് കുതിച്ചു. സെമിയുടെ രണ്ടാം പാദത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ (അഗ്രഗേറ്റ് 9) ജയം. അല്‍വാരൊ നെഗ്രെഡോ (2), സെര്‍ജിയോ അഗ്യൂറോ എന്നിവര്‍ സിറ്റിയുടെ ഗോള്‍ വേട്ടക്കാര്‍. ആദ്യ പാദത്തില്‍ സിറ്റി ആറു ഗോള്‍ക്ക് ജയിച്ചിരുന്നു.
ശനിയാഴ്ച്ച കാര്ഡിഫുമായുള്ള പ്രീമിയര്‍ ലീഗ് മത്സരത്തില്‍ അണിനിരത്തിയ ടീമില്‍ എട്ട് മാറ്റങ്ങള്‍ വരുത്തിയ മാനുവല്‍ പെല്ലഗ്രിനി വെസ്റ്റ്ഹാമിനെതിരായ അങ്കത്തിലൂടെ സിറ്റിയുടെ താരബലം അടിവരയിട്ടുകളഞ്ഞു. ആദ്യ മുഖാമുഖത്തില്‍ പ്രതിരോധപ്പിഴവുകളുടെ പരമ്പര തീര്‍ത്ത വെസ്റ്റ്ഹാം ഇത്തവണയും തെറ്റുകള്‍ ആവര്‍ത്തിച്ചപ്പോള്‍ മാഞ്ചെസ്റ്റര്‍ സംഘത്തിന് കാര്യങ്ങള്‍ എളുപ്പമായി. മൂന്നാം മിനിറ്റില്‍ തന്നെ വെസ്റ്റ്ഹാമിനെ അമ്പരപ്പിച്ച് നെഗ്രെഡോ വെടിപൊട്ടിച്ചു. ഇടതുവിങ്ങില്‍ നിന്ന് ക്രോസ് തൊടുക്കാന്‍ പാകത്തില്‍ ഗെയ്ല് ക്ലിഞ്ചിക്ക് വെസ്റ്റ്ഹാം ഡിഫന്റര്‍മാര്‍ സാവകാശവും ഇടവും നല്കി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നെഗ്രെഡോ ഹെഡ്ഡര്‍ വഴി ലക്ഷ്യം കണ്ടു (1-0).
24-ാം മിനിറ്റില്‍ വെസ്റ്റ്ഹാം അതിലും വലിയ വിധിവൈപരീത്യത്തെ അഭിമുഖീകരിച്ചു. യുവ മിഡ്ഫീല്‍ഡര്‍ മാര്‍ക്കോ ലോപ്പസ് മുന്നോട്ടു കയറി നല്കി പാസ് എതിരാളിയുടെ ഗോള്‍ മുഖത്ത് അങ്കലാപ്പ് സൃഷ്ടിച്ചശേഷം അഗ്യൂറോ കൂളായി ഫിനിഷ് ചെയ്തു (2-0). ആന്‍ഡി കാരോളിനെയും ജോ കോളിനെയുമൊക്കെ മാറ്റി രണ്ടാം പകുതിയില്‍ വെസ്റ്റ്ഹാം ചില പരീക്ഷണങ്ങളൊക്കെ നടത്തിനോക്കി. എങ്കിലും കളിയുടെ സ്വഭാവം മാറിയില്ല.
59-ാം മിനിറ്റില്‍ വെസ്റ്റ്ഹാം പ്രതിരോധത്തിലെ വിള്ളലുകള്‍ മുതലെടുത്ത് ബോക്സിലേക്ക് കയറിയ നെഗ്രെഡോ വിഷമകരമായ ആംഗിളില്‍ നിന്ന് ഗോള്‍ വല കുലുക്കി (3-0). അവസാന നിമിഷങ്ങളിലും സിറ്റിയുടെ ആക്രമണഭീഷണിയെ കാര്യക്ഷമമായി തടഞ്ഞു നിര്‍ത്താന്‍ വെസ്റ്റ്ഹാമിനായില്ല. ഭാഗ്യത്തിന്റെ പിന്‍ബലത്തിലാണ് പിന്നീടൊരു ഗോള്‍ വഴങ്ങാതെ അവര്‍ തടിതപ്പിയത്.
















