മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഈ സീസണിലെ ഏറ്റവും ആവേശകരമായ പോരാട്ടം സമനിയില്‍ കലാശിച്ചു. ലീഗില്‍ തുല്യപോയിന്റുമായി ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്ന അത്ലറ്റികോ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള സൂപ്പര്‍പോരാട്ടമാണ് ഗോള്‍രഹിത സമനിലയില്‍ കലാശിച്ചത്. പോയിന്റ് നിലയില്‍ ഇരുവരും ഒപ്പമാണെങ്കിലും ഗോള്‍ ആവറേജില്‍ ബാഴ്സലോണ ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഈ മത്സരത്തില്‍ ഏത് ടീം ജയിച്ചാലും അവര്‍ ഒറ്റക്ക് ഒന്നാം സ്ഥാനത്തെത്തുമായിരുന്നു. സൂപ്പര്‍താരങ്ങളായ മെസ്സിയെയും നെയ്‌മറെയും ആദ്യപകുതിയില്‍ കരയ്‌ക്കിരുത്തിയാണ് ബാഴ്സ കളത്തിലിറങ്ങിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇനിയേസ്റ്റക്ക് പകരമായാണ് മെസ്സി കളത്തിലിറിങ്ങിയത്. 67-ാം മിനിറ്റില്‍ അലക്സി സാഞ്ചസിന് പകരമായി നെയ്‌മറും കളിക്കളത്തിലെത്തി. പന്ത് സമയം കൂടുതല്‍ സമയം നിയന്ത്രിച്ചിട്ടും ബാഴ്സക്ക് അത്ലറ്റികോ മാഡ്രിഡ് വലയില്‍ പന്തെത്തിക്കാന്‍ കഴിയാതിരുന്നതോടെ മത്സരം സമനിലയില്‍ കലാശിച്ചു.
ഇതിനിടെ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അത്ലറ്റികോയുടെ ഡീഗോ കോസ്റ്റയുടെ ഒരു ശ്രമം നേരിയ വ്യത്യാസത്തിനും പിന്നീട് തുറാന്റെ ഒരു ശ്രമം ബാഴ്സ ഗോളി വിക്ടര്‍ വാല്‍ഡസ് രക്ഷപ്പെടുത്തുകയും ചെയ്തു. ബാഴ്സയുടെ പെഡ്രോയും മെസ്സിയും സാവിയും ഫാബ്രഗസും ലഭിച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതോടെയാണ് പോരാട്ടം സമനിലയില്‍ കലാശിച്ചത്.
മറ്റൊരു മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന അത്ലറ്റിക് ബില്‍ബാവോ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് അല്‍മേറിയയെ കീഴടക്കി. ബില്‍ബാവോക്ക് വേണ്ടി ഇബായി ഗോമസ രണ്ട് ഗോളുകള്‍ നേടി. ഹെരേര അഗ്യൂറോ, റിക്കോ മൊറീനോ, അഡ്യൂറിസ്, ലപോര്‍ട്ടെ എന്നിവര്‍ ഓരോ ഗോളുകളും സ്വന്തമാക്കി. മറ്റ് മത്സരങ്ങളില്‍ സെല്‍റ്റ ഡി വീഗോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വലന്‍സിയയെ പരാജയപ്പെടുത്തിയപ്പോള്‍ എല്‍ഷെ-സെവിയ പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചു.
















