മാഡ്രിഡ്: സ്പാനിഷ് കിങ്ങ്സ് കാപ്പില്‍ റയല്‍ മാഡ്രിഡിന്റെ വിജയാഘോഷം. ആദ്യ പാദ പ്രി-ക്വാര്‍ട്ടറില്‍ ഒസാസുനയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് റയല്‍ നിഷ്പ്രഭമാക്കി.കരീം ബെന്‍സേമയും ജീസ് റോഡ്രിഗസുമാണ് റയലിന്റെ സ്കോറര്‍മാര്‍.
സ്വന്തം തട്ടകത്തില്‍ റയല്‍ നിറഞ്ഞു തന്നെ കളിച്ചു. ഒസാസുന തീവ്രമായി യത്നിച്ചെങ്കിലും മത്സരം ഫലം മാറ്റിയെഴുതാനായില്ല.സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചില അവസരങ്ങള്‍ പാഴാക്കാതിരുന്നെങ്കില്‍ റയലിന് ഇതിലും വലിയ വിജയം നേടാമായിരുന്നു.
പതിഞ്ഞ തുടക്കത്തിനുശേഷം 19-ാം മിനിറ്റിലാണ് റയല്‍ അക്കൗണ്ട് തുറന്നത്. ലൂക്കാ മോഡ്രിച്ചിന്റെ ഫ്രീ കിക്ക് ആറ് വാര അകലെ നിന്ന് ബെന്‍സേമ ഒസാസുനയുടെ വലയില്‍ ചെത്തിയിട്ടു (1-0). പിന്നെ ലഭിച്ച രണ്ട് ഫ്രീ കിക്കുകള്‍ ക്രിസ്റ്റ്യാനോ തുലച്ചു. ക്ലോസ് റേഞ്ചിലൂടെ സ്കോര്‍ ചെയ്യാനുള്ള അവസരം ഒയര്‍ നശിപ്പിച്ചപ്പോള്‍ ഒസാസുനയ്‌ക്കും നിരാശ. രണ്ടാം പകുതിയാരംഭിച്ച് പതിനഞ്ച് മിനിറ്റ് പിന്നിട്ടപ്പോള്‍ കാര്‍ലോ അന്‍സലോട്ടിയുടെ കുട്ടികള്‍ ലീഡ് ഇരട്ടിപ്പിച്ചു.
ഒയെറിന്റ ബാക്ക്പാസ് ചെന്നുപെട്ടത് ബെന്‍സേമയുടെ പാദങ്ങളില്‍. പന്തു ക്രിസ്റ്റ്യാനോയ്‌ക്ക് മറിച്ചു നല്‍കാന്‍ ബെന്‍സേമ അമാന്തിച്ചില്ല; ജീസ്യ്‌ക്കു പാസ് നല്‍കാന്‍ ക്രിസ്റ്റ്യാനോയും. ബോക്സിനുള്ളില്‍ നിന്ന ജീസ് ഉന്നം തെറ്റാതെ ഷൂട്ട് ചെയ്തു (2-0). പിന്നെ മോഡ്രിച്ചിന്റെ മനോഹരമായൊരു പാസ് ക്രിസ്റ്റ്യാനോ പുറത്തേക്കടിച്ചു. റയല്‍ പ്രതിരോധ ഭിത്തിയില്‍ വിള്ളലുണ്ടാക്കാന്‍ ഒസാസുനയ്‌ക്കും സാധിക്കാതെ വന്നപ്പോള്‍ സ്കോര്‍ ലൈനില്‍ പിന്നീട് മാറ്റങ്ങളുണ്ടായില്ല.
















