വിറ്റോറിയൊ പോസോയെ പുതുതലമുറയ്‌ക്ക് അത്ര പരിചിതമല്ല. എന്നാല്‍ അദ്ദേഹത്തെ സമകാലികര്‍ വിളിക്കുന്ന ഒരു പേരുണ്ട് തന്ത്രശാലിയായ ഇന്ദ്രജാലക്കാരന്‍. പതിറ്റാണ്ടുകളോളം ഇറ്റാലിയന്‍ ടീമിനെ കളി പഠിപ്പിച്ച പോസോ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും സൂത്രശാലിയായ പരിശീലകനായിരുന്നു. രണ്ടു തവണ ലോകകപ്പ് ജയിച്ച ഏക കോച്ചെന്ന ബഹുമതിയും പോസോയ്‌ക്കു മാത്രം സ്വന്തം. 1934, 38 വര്‍ഷങ്ങളില്‍ അസൂറിപ്പടയെ ലോക വിജയത്തിന്റെ നെറുകയിലെത്തിച്ച പോസോയുടെ നേട്ടം ആവര്‍ത്തിക്കാന്‍ മറ്റൊരു പരിശീലകനും ഇന്നേവരെ സാധിച്ചിട്ടില്ല. ഇറ്റാലിയന്‍ ഫുട്ബോള്‍ ഇപ്പോഴും പിന്തുടരുന്ന പല സ്വഭാവസവിശേഷതകളും രൂപപ്പെട്ടത് പോസോയുടെ കാലത്താണ്. കൂടുതല്‍ ശക്തമായ പ്രതിരോധവും കാര്യക്ഷമമായ പ്രത്യാക്രമണവും സാധ്യമാക്കുന്ന മെറ്റോഡൊ (2-3-2-3) ശൈലിയുടെ സൃഷ്ടാവും പോസോ തന്നെ. 1912-14 കാലയളവില്‍ ഇറ്റാലിയന്‍ കോച്ചെന്ന നിലയില്‍ ആദ്യ ചുവടുവച്ച പോസോ 1929 മുതല്‍ 48 വരെയുള്ള രണ്ടാംഘട്ടത്തില്‍ വിജയങ്ങളുടെ പരമ്പര തീര്‍ത്തു. രണ്ട് ലോകകപ്പുകളും ഒരു ഒളിമ്പിക് സ്വര്‍ണ്ണവും അസൂറികളുടെ ഷെല്‍ഫിലെത്തി. പോസോയ്‌ക്ക് കീഴിലെ 97 മത്സരങ്ങളില്‍ 67 ഇറ്റലി ജയം കണ്ടു. 17 എണ്ണം സമനിലയില്‍ കലാശിച്ചു. പരാജയപ്പെട്ടത് 16 കളികളില്‍ മാത്രം.
പോസോയുടെ ജൈത്രയാത്രക്ക് തുടക്കം കുറിച്ച 1934ലെ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ഇറ്റലി തന്നെയായിരുന്നു. പ്രാഥമിക റൗണ്ടില്‍ അമേരിക്കയെ ഒന്നിനെതിരെ ഏഴു ഗോളുകള്‍ തച്ചുതകര്‍ത്ത ഇറ്റലി ക്വാര്‍ട്ടറില്‍ ഇടം ഉറപ്പിച്ചു. പിന്നാലെ സ്പെയിനെതിരായ അങ്കം. എക്സ്ട്രാ ടൈംവരെ പന്തു തട്ടിയിട്ടും ഇരു ടീമുകള്‍ക്കും സമനില പൂട്ടുപൊളിക്കാന്‍ സാധിച്ചില്ല (1-1). പിറ്റേ ദിവസം റീ മാച്ച്. നാല് ഇറ്റാലിയന്‍ താരങ്ങളും ഏഴ് സ്പാനിഷ് താരങ്ങളും ആ കളിക്കിറങ്ങാന്‍ യോഗ്യരല്ലാതായിത്തീര്‍ന്നു. ഏറെക്കുറെ പുത്തന്‍ സംഘവുമായി ഇരു രാജ്യങ്ങളും കളത്തിലിറങ്ങി. നിര്‍ജീവമായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച ഇറ്റലി സെമിയിലേക്ക് കുതിച്ചു. ഓസ്ട്രിയയോടുള്ള സെമിഫൈനല്‍ അതിലും വിരസനിമിഷങ്ങളാണ് കാണികള്‍ക്ക് സമ്മാനിച്ചത്. ചെളി നിറഞ്ഞ കളത്തിലെ പോരാട്ടത്തിന്റെ 19-ാം മിനിറ്റില്‍ എന്‍ട്രിക്കോ ഗ്വായ്റ്റ നേടിയ ഗോളിന്റെ പിന്‍ബലത്തില്‍ ഇറ്റലി കലാശപ്പോരാട്ടത്തിന് അര്‍ഹതനേടി.
പോസോയുടെ കുശാഗ്രബുദ്ധി ഇറ്റലിയെ ഏറെ സഹായിച്ചെന്നു പറയാം. പോസോ അനുഗ്രഹിച്ചിറക്കിയ തുറപ്പ് ചീട്ട് ലൂയിസിറ്റോ മോണ്ടിയാണ് ഓസ്ട്രിയന്‍ മുന്നേറ്റങ്ങളെ നിര്‍വീര്യക്കാന്‍ ചുക്കാന്‍ പിടിച്ചത്. ഫൈനലില്‍ ചെക്കോസ്ലോവാക്യയെ 2-1ന് കീഴടക്കി ഇറ്റലി ട്രോഫി ഉയര്‍ത്തിയപ്പോള്‍ പോസോ നെഞ്ചുവിരിച്ചു നിന്നു. ആ ജയം പ്രിയ ശിഷ്യര്‍ പോസോയിലെ ദ്രോണന് സമര്‍പ്പിച്ചു. ഒളിമ്പിക് സ്വര്‍ണ്ണനേട്ടത്തിന്റെ തിളക്കത്തോടെ 1938ലെ ഫ്രഞ്ച് ലോകകപ്പിനെത്തുമ്പോള്‍ ഇറ്റാലിയന്‍ ടീം തന്ത്രപരമായും ഘടനാപരമായും ഏറെ മാറ്റങ്ങള്‍ക്ക് വിധേയമായിക്കഴിഞ്ഞിരുന്നു. ഫോര്‍വേഡുകളായ മേസയെയും ജിയോവാനി ഫെരാരിയെയും കേന്ദ്രീകരിച്ച് പോസോ കളി മെനഞ്ഞു. അപകടകാരിയായ സ്ട്രൈക്കര്‍ സില്‍വിയോ പിയോളയെയും വിങ്ങര്‍ ജിനോ കൊളോസിയെയും ആക്രമണത്തിനും നിയോഗിച്ചു. ടൂര്‍ണമെന്റിലാകെ യഥാക്രമം അഞ്ചും നാലും ഗോള്‍വീതം കുറിച്ച് ഇരുവരും പോസോയുടെ വിശ്വാസം കാത്തു. നോര്‍വെക്കെതിരായ ആദ്യ റൗണ്ട് മത്സരത്തില്‍ വിയര്‍ത്തു ജയിച്ചാണ് ഇറ്റലി തുടങ്ങിയത്. പിയോളയുടെ എക്സ്ട്രാം ടൈം വിന്നര്‍ മത്സരത്തിന്റെ ജാതകം കുറിച്ചു. രണ്ടാം റൗണ്ടില്‍ ഫ്രാന്‍സ്. പോസോ കൈക്കൊണ്ടതെല്ലാം ശരിയായ തീരുമാനങ്ങളായപ്പോള്‍ ആതിഥേയര്‍ മുട്ടുമടക്കി. ഇത്തവണ പിയോളക്ക് ഇരട്ട ഗോള്‍. സെമിയില്‍ കരുത്തരായ ബ്രസീലുമായുള്ള മുഖാമുഖം. ലിയോണിദാസിനെ പുറത്തിരുത്തിയ ബ്രസീല്‍ കോച്ച് അഡെമര്‍ പിമെന്റെയ്‌ക്കു പിഴച്ചു. അതു മുതലെടുത്ത ഇറ്റലി ഫൈനല്‍ ഉറപ്പിക്കുകയും ചെയ്തു. ഹംഗറിയുമായുള്ള കിരീടപ്പോരാട്ടത്തിന്റെ രണ്ടിനെതിരെ നാലു ഗോളുകള്‍ ആധികാരികമായി ജയിച്ച് ഇറ്റലി വീണ്ടും ജേതാക്കളായി. അമിത ഭാവനയില്‍ ഊന്നിയ ഹംഗേറിയന്‍ ശൈലിയും അവരുടെ കാലപ്പഴക്കം ചെന്ന തന്ത്രങ്ങളും പോസോയുടെ കുട്ടികള്‍ തുറന്നുകാട്ടിയ കളികൂടിയായിരുന്നത്. രണ്ടാം ലോകകപ്പ് വിജയത്തിന്റെ പത്താം വാര്‍ഷിക വേളയില്‍ അദ്ദേഹം കോച്ചിങ് കരിയറിനു വിരാമിട്ടു. കളിയെഴുത്തുകാരനായും മറ്റുമൊക്ക പില്‍ക്കാലം തള്ളിനീക്കിയ പോസോ 1968ല്‍ ആളും ആരവങ്ങളുമില്ലാത്ത ലോകത്തേക്ക് മടങ്ങി.
















