ലണ്ടന്‍: പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. പ്രീമിയര്‍ ലീഗിലെയും എഫ്‌എ കാപ്പിലെയും പരാജയത്തിന് പിന്നാലെ ഇംഗ്ലീഷ് ലീഗ് കാപ്പിലും യുണൈറ്റഡ് മുട്ടുമടക്കി. ലീഗ് കപ്പിന്റെ ആദ്യപാദ സെമിഫൈനലില്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാരായ സണ്ടര്‍ലാന്റാണ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തത്.
13 വര്‍ഷത്തിനുശേഷം സണ്ടര്‍ലാന്റ് യുണൈറ്റഡിനെതിരെ നേടുന്ന ആദ്യ വിജയമാണിത്. പ്രീമിയര്‍ലീഗില്‍ യുണൈറ്റഡ് ഏഴാം സ്ഥാനത്തും സണ്ടര്‍ലന്‍ഡ് ഏറ്റവും അവസാനക്കാരായി ഇരുപതാം സ്ഥാനത്തുമാണ്. റയാന്‍ ഗിഗ്സിന്റെ സെല്‍ഫ് ഗോളും പെനാല്‍റ്റിയിലൂടെ ബൊറിനി നേടിയ ഗോളുമാണ് മത്സരത്തില്‍ യുണൈറ്റഡിന്റെ കഥകഴിച്ചത്.
സണ്ടര്‍ലന്റിന്റെ ഹോം ഗ്രൗണ്ടില്‍ ആധികാരിക പ്രകടനം പുറത്തെടുക്കാന്‍ ഡേവിഡ് മോയസിന്റെ ശിഷ്യന്മാര്‍ തുടക്കം മുതലേ ബുദ്ധിമുട്ടി. കൗമാരതാരം അദ്നന്‍ ജാനസാജിന്റെ ചിലനീക്കങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ അവസരങ്ങള്‍ തുറക്കുന്നതില്‍ റെഡ് ഡെവിള്‍സ് പതറി. ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ വിശ്വസ്തതാരം റയാന്‍ ഗിഗ്സ് വരുത്തിയ പിഴവാണ് യുണൈറ്റഡിന് തിരിച്ചടിയായത്. യുണൈറ്റഡ് ബോക്സിനുള്ളിലേക്ക് പറന്നിറങ്ങിയ ഫ്രീകിക്ക് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗിഗ്സിന്റെ കാലില്‍ത്തട്ടി പന്ത് സ്വന്തം വലയില്‍ കയറുകയായിരുന്നു.
എന്നാല്‍ സെല്‍ഫ് ഗോളിന്റെ ഞെട്ടലില്‍ നിന്ന് അതിവേഗം മുക്തി നേടിയ യുണൈറ്റഡ് 52-ാം മിനിറ്റില്‍ മനോഹരമായൊരു ഹെഡ്ഡറിലൂടെ സെര്‍ബിയന്‍ താരം നെമന്‍ജ വിദിച്ച് സമനില നേടി. സ്റ്റീഫര്‍ ഫ്ലച്ചര്‍ എടുത്ത കോര്‍ണര്‍ കിക്കാണ് വിദിച്ച് ഗംഭീര ഹെഡ്ഡറിലൂടെ സമനില ഗോള്‍ നേടിയത്. എന്നാല്‍ 64-ാം മിനിറ്റില്‍ സണ്ടര്‍ലാന്റിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി യുണൈറ്റഡ് വലയിലെത്തിച്ച് ബൊറീനി സണ്ടര്‍ലാന്റിന്റെ വിജയഗോള്‍ നേടി. പകരക്കാരന്‍ ആഡം ജോണ്‍സണെ ടോം ക്ലെവേളി വീഴ്‌ത്തിയതിന് കിട്ടിയതായിരുന്നു പെനാല്‍റ്റി. റഫറിയുടെ വിധിക്കെതിരായ യുണൈറ്റഡ് താരങ്ങളുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് ബൊറിനിക്ക് കിക്കെടുക്കാന്‍ കഴിഞ്ഞത്.
2001നുശേഷം ആദ്യമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ തോല്‍ക്കുന്നത്. കഴിഞ്ഞയാഴ്ച സ്വാന്‍സിയോട് തോല്‍വി ഏറ്റുവാങ്ങിയ യുണൈറ്റഡ് എഫ്‌എ കാപ്പില്‍ നിന്ന് പുറത്തായിരുന്നു. പ്രീമിയര്‍ ലീഗില്‍ ടോട്ടനമാണ് നിലവിലെ ചാമ്പ്യനെ വീഴ്‌ത്തിയത്.
മൂന്ന് തവണ ലീഗ് കപ്പ് നേടിയ ടീമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 22ന് ഓള്‍ഡ് ട്രാഫോഡിലാണ് റിട്ടേണ്‍ മത്സരം.
















