ഹാമില്‍ട്ടണ്‍: ന്യൂസിലാന്റിനെതിരായ അവസാന ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിന് തകര്‍പ്പന്‍ വിജയം. 203 റണ്‍സിനാണ് വിന്‍ഡീസ് അവസാന ഏകദിനത്തില്‍ കിവീസിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് എഡ്വേര്‍ഡ്സ് (123 നോട്ടൗട്ട്), ക്യാപ്റ്റന്‍ ബ്രാവോ (106) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റ് 29.5 ഓവറില്‍ 160 റണ്‍സിന് ഓള്‍ ഔട്ടായി.
ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2ന് വിന്‍ഡീസ് സമനിലയില്‍ പിടിച്ചു. പരമ്പരയിലെ രണ്ടാം മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
ടോസ് നേടിയ ന്യൂസിലാന്റ് വിന്‍ഡീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ പവലും ചാള്‍സും ചര്‍ന്ന് 95 റണ്‍സ് അടിച്ചുകൂട്ടി. വെറും 44 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളും രണ്ട് സിക്സറുകളമടക്കം 73 റണ്‍സ് നേടിയ പവലാണ് ആദ്യം മടങ്ങിയത്. പിന്നീട് 116-ല്‍ എത്തിയപ്പോള്‍ 31 റണ്‍സെടുത്ത ചാള്‍സും 143-ല്‍ എത്തിയപ്പോള്‍ 9 റണ്‍സെടുത്ത സിമണ്‍സും മടങ്ങി. പിന്നീട് എഡ്വേര്‍ഡ്സും ബ്രാവോയും ഒത്തുചേര്‍ന്നതോടെ വിന്‍ഡീസ് കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു. എഡ്വേര്‍ഡ്സ് 108 പന്തില്‍ 12 ഫോറും നാല് സിക്സും അടക്കം 123 റണ്‍സോടെ പുറത്താകാതെ നിന്നു. 81 പന്ത് മാത്രം നേരിട്ട ബ്രാവോ മൂന്ന് സിക്സും 12 ഫോറും അടക്കം 106 റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 211 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 354-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
കൂറ്റന്‍ ലക്ഷ്യത്തിന് മുന്നില്‍ പകച്ചുപോയ കിവീസിന് തുടക്കം മുതല്‍ തന്നെ പിഴച്ചു. നാല് വിക്കറ്റ് നേടിയ മില്ലറും രണ്ട് വീതം വിക്കറ്റുകള്‍ നേടിയ ജയ്സണ്‍ ഹോള്‍ഡര്‍, ആന്ദേ റസ്സല്‍ എന്നിവരാണ് കിവീസ് നിരയെ തകര്‍ത്തത്.
29 റണ്‍സ് നേടിയ കോറി ജെ.ആന്‍ഡേഴ്സനാണ് കിവീസ് നിരയിലെ ടോപ്പ് സ്കോറര്‍. കീല്‍ മില്‍സ് 26 റണ്‍സ് നേടി. സെഞ്ച്വറിക്ക് പുറമേ കിവീസിന്റെ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ വിക്കററ്റ് വീഴ്‌ത്തുകയും ചെയ്ത ക്യാപ്റ്റന്‍ ബ്രാവോയാണ് മാന്‍ ഓഫ് ദ മാച്ച്.
















