കളിക്കളത്തിലെ ഒരു ചെറിയ പിഴവ്.. അതിന് സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവരുക. ആരാധകരുടെ നെഞ്ചിലെ നീറുന്ന നൊമ്പരമായിത്തീരുക. അതാണ് ആന്ദ്രെ എസ്കോബാര്‍. 1994 ലോകകപ്പില്‍ കൊളംബിയയുടെ പ്രതീക്ഷകള്‍ തകര്‍ത്തു എസ്കോബാറിന്റെ സെല്‍ഫ് ഗോള്‍. കഠിനാധ്വാനിയും പ്രതിഭാധനനുമായ ആ ഫുട്ബോളറുടെ ജീവിതത്തിന് തന്നെ റെഡ് കാര്‍ഡ് കാട്ടിക്കൊണ്ടായിരുന്നു ബെറ്റിങ് മാഫിയ അതിന് പകരംവീട്ടിയത്.
94ലെ അമേരിക്കന്‍ ലോകകപ്പില്‍ കൊളംബിയയ്‌ക്ക് ഏറെ കിരീട സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു. യോഗ്യതാ റൗണ്ടില്‍ കരുത്തരായ അര്‍ജന്റീനയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തടക്കമുള്ള ഉശിരന്‍ പ്രകടനങ്ങള്‍. ഗ്രൂപ്പ് ഘട്ടം കൊളംബിയെ സംബന്ധിച്ച് ഒരു ചടങ്ങുമാത്രമെന്ന് വിലയിരുത്തപ്പെട്ടു. എന്നാല്‍ ആദ്യ മത്സരത്തില്‍ റുമാനിയയോട് തോറ്റു തുടങ്ങാനായിരുന്നു ലാറ്റിനമേരിക്കന്‍ ടീമിന്റെ വിധി (3-1). അതോടെ ആതിഥേയരായ അമേരിക്കയുമായുള്ള രണ്ടാം മത്സരത്തില്‍ കൊളംബിയയ്‌ക്ക് സമനിലയെങ്കിലും അനിവാര്യമായി.ആ കളിയില്‍ തുടക്കത്തില്‍ നല്ല രീതിയില്‍ തന്ന എസ്കോബാറും കൂട്ടരും പന്തുതട്ടി. ആസൂത്രിതമായ ആക്രമണങ്ങളിലൂടെ എതിര്‍ പ്രതിരോധത്തെ പൊറുതിമുട്ടിച്ചു കൊളംബിയ. 35-ാം മിനിറ്റില്‍ എസ്കോബാറിന്റെ ജീവിതത്തിന്റെ ഗതിമാറ്റിമറിച്ച നീക്കത്തിന് തുടക്കം. ജോണ്‍ ഹാര്‍ക്കസിന്റെ നേതൃത്വത്തില്‍ അമേരിക്ക കൊളംബിയന്‍ ഗോള്‍ മുഖത്തേക്ക് കുതിച്ചുകയറി. പെനാല്‍റ്റി ഏരിയയ്‌ക്കുള്ളില്‍ നിന്ന എറെയ്ന്‍ സ്റ്റ്യുവര്‍ട്ടിനെ ലക്ഷ്യമിട്ട് ഹാര്‍ക്കസിന്റെ ക്രോസ്. തടയാന്‍ എസ്കോബാറിന്റെ ശ്രമം. പക്ഷേ, എസ്കോബാറിന്റെ വലതുകാലില്‍ സ്പര്‍ശിച്ച പന്ത് കൊളംബിയന്‍ വലയില്‍ കയറി. അമേരിക്ക 1-0ന് മുന്നില്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അമേരിക്ക കളി ജയിച്ചു. കൊളംബിയയുടെ സാധ്യതകള്‍ കയ്യാലപ്പുറത്ത്. അവസാന മത്സരത്തില്‍ സ്വിറ്റ്സര്‍ലാന്റിനെ കൊളംബിയ കീഴടക്കി. എങ്കിലും റുമാനിയ അമേരിക്കയെ തോല്‍പ്പിച്ചതോടെ കൊളംബിയ പുറത്ത്.
കളത്തില്‍ പോരാട്ടം മുറുകിയ വേളയില്‍ അതിലും വലിയൊരു ഗെയിം പുറത്തുനടക്കുന്നുണ്ടായിരുന്നു. കൊളംബിയയിലെ ബെറ്റിങ് സിന്‍ഡിക്കേറ്റുകള്‍ തമ്മിലെ വാശിയും പകയും നുരയുന്ന യുദ്ധം. മയക്കുമരുന്ന് മാഫിയാ ലോബികള്‍ കൊളംബിയയുടെ വിജയ പരാജയങ്ങളെ കേന്ദ്രീകരിച്ച് പണംവാരിയെറിഞ്ഞ് വാതുവച്ചു. ദേശീയ ടീം അപ്രതീക്ഷിതമായി തോറ്റുമടങ്ങിയപ്പോള്‍ വാതുവയ്‌പ്പുകാരില്‍ വലിയൊരു വിഭാഗം നഷ്ടങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ ചുമന്നു. അവര്‍ കൊളംബിയന്‍ താരങ്ങളെ ശത്രുക്കളായി പ്രഖ്യാപിച്ചു. ലോകകപ്പിനിടെ വാതുവയ്‌പ്പുകാര്‍ കൊളംബിയന്‍ ടീമംഗങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. അതാണ് മിഡ്ഫീല്‍ഡര്‍ ഗബ്രിയേല്‍ ഗോമസിനെ പിന്മാറാന്‍ പ്രേരിപ്പിച്ചതും.
ലോകകപ്പിനുശേഷം സഹതാരങ്ങള്‍ക്കൊപ്പം എസ്കോബാറും രാജ്യത്തേക്ക് മടങ്ങി. സുരക്ഷാ ഭീഷണികളുണ്ടായിരുന്നിട്ടും ജന്മനാടായ മെഡെലിനെ ഉപേക്ഷിക്കാന്‍ എസ്കോബാര്‍ തയാറായില്ല. മറ്റേതെങ്കിലും രാജ്യത്തേക്കുപോകാനുള്ള പ്രേരണകളെയും ആന്ദ്രെ തള്ളിക്കളഞ്ഞു. ആ നേര്‍വഴി എസ്കോബാറിന് ‘ജെന്റില്‍മാന്‍ ഓഫ് ഫുട്ബോള്‍’ എന്ന വിളിപ്പേര് നേടിക്കൊടുത്തു. വീട്ടില്‍ തിരിച്ചെത്തി ഒരു ദിവസത്തിനുശേഷം ജൂലൈ ഒന്നിന് എസ്കോബാര്‍ സുഹൃത്തുകള്‍ക്കൊപ്പം ഊരു ചുറ്റാനിറങ്ങി. കൂടുതല്‍ സമയവും ബാറുകളില്‍ ചെലവിട്ട സംഘം അവസാന ‘എല്‍ ഇന്‍ഡിയോ’ എന്ന മദ്യശാലയിലെത്തി. പാര്‍ട്ടിക്കുശേഷം പുലര്‍ച്ചെ മൂന്നുമണിയോടെ എസ്കോബാറും കൂട്ടുകാരും ബാറിന് പുറത്തിറങ്ങി. ഇതിനിടെ ബാറിനുള്ളില്‍ ചില സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. കൊളംബിയന്‍ മയക്കുമരുന്ന് മാഫിയയുടെ ഭാഗമായ ഗാലന്‍ ബ്രദേഴ്സ് എസ്കോബാറിനെ സെല്‍ഫ് ഗോളിന്റെ പേരില്‍ കളിയാക്കുകയുണ്ടായി. അപ്പോഴെല്ലാം എസ്കോബാര്‍ അചഞ്ചലനായി നിന്നു. മാഫിയ സംഘം എസ്കോബാറിനെ വിടാന്‍ ഉദ്ദേശിച്ചിരുന്നില്ല. അവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. കാറിനടുത്തുവരെ ചെന്ന് പ്രകോപിപ്പിച്ചു. അപ്പോള്‍പ്പോലും എസ്കോബാര്‍ മാന്യതവിട്ടു പെരുമാറിയില്ല. താന്‍ ഒരു തെറ്റും ചെയ്തില്ലെന്ന് ശാന്തമായി മറുപടി പറഞ്ഞു. പിന്നെ മുഴങ്ങിയത് 12 വെടിയൊച്ചകള്‍… ഓരോ തവണ വെടിയുതിര്‍ക്കുമ്പോഴും മാഫിയാ സംഘം ‘ഗോള്‍.. ഗോള്‍’ എന്നാര്‍ത്തുവിളിച്ചു. പിന്നെ കാറിന്റെ സീറ്റില്‍ ചോരയില്‍കുളിച്ച നിലയില്‍ എസ്കോബാറിനെ കണ്ടെത്തി. മരിക്കുമ്പോള്‍ 27 വയസായിരുന്നു എസ്കോബാറിന്. ആറ ഹംബര്‍ട്ടോ കാര്‍ലോസ് മുനോസ് എന്നയാളാണ് എസ്കോബാറിന്റെ ഘാതകന്‍ എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. 1994ല്‍ ഇയാളെ 43 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 2005ല്‍ നല്ലനടപ്പിന്റെ പേരില്‍ മുനോസിനെ മോചിപ്പിച്ചു.
















