ലണ്ടന്‍: ലോകകപ്പ് തുടങ്ങും മുന്നേ ഇംഗ്ലണ്ടിന് തിരിച്ചടി. അവരുടെ മികച്ച താരമായ ആഴ്സണലിന്റെ തിയോ വാല്‍ക്കോട്ട് ജൂണില്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പില്‍ ദേശീയ ജേഴ്സി അണിയാനുണ്ടാവില്ല. കഴിഞ്ഞ ദിവസം എഫ്‌എ കാപ്പില്‍ ടോട്ടനത്തിനെതിരായ മത്സരത്തില്‍ കാലിന് പരിക്കേറ്റതാണ് കാരണം.
ആറ് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. വാല്‍ക്കോട്ട് വൈകാതെ ശസ്ത്രക്രിയക്ക് വിധേയനാകുമെന്നും ക്ലബ് വെബ്സൈറ്റില്‍ പറഞ്ഞു. സീസണില്‍ ഇനിയുള്ള മത്സരങ്ങളില്‍ നിന്നും ലോകകപ്പില്‍ നിന്നും വാല്‍ക്കോട്ടിന് വിട്ടുനില്‍ക്കേണ്ടിവരുമെന്നും വെബ്സൈറ്റില്‍ പറഞ്ഞു. ജൂണ്‍ പതിനാലിനാണ് ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.
പരിക്ക്മൂലം മോണ്ടെനെഗ്രോയ്‌ക്കും പോളണ്ടിനുമെതിരായ ഇംഗ്ലണ്ടിന്റെ അവസാന രണ്ട് യോഗ്യതാ മത്സരങ്ങളിലും വാല്‍ക്കോട്ട് കളിച്ചിരുന്നില്ല. ടോട്ടനമിന്റെ ആന്‍ഡ്രോസ് ടൗണ്‍സെന്‍ഡായിരുന്നു ഈ മത്സരങ്ങളില്‍ വാല്‍ക്കോട്ടിന്റെ പകരക്കാരന്‍.
2006-ല്‍ പതിനേഴാം വയസ്സില്‍ ഇംഗ്ലണ്ടിനുവേണ്ടി അരങ്ങേറ്റം കുറിച്ച വാല്‍ക്കോട്ട് 35 മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളാണ് നേടിയത്.
















