ന്യൂദല്‍ഹി: അഴിമതി ആരോപണ വിധേയനായ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിംഗിനെ സിബിഐ ചോദ്യംചെയ്തേക്കും. ഇതിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നു സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
സിംഗിനെതിരായ ആരോപണങ്ങള്‍ നിരത്തി രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി അയച്ച കത്ത് സിബിഐ വിശദമായി പരിശോധിച്ചുവരികയാണ്. വീരഭദ്രസിംഗ് കേന്ദ്രത്തില്‍ ഉരുക്കുമന്ത്രിയായിരിക്കെ, സ്വകാര്യ കമ്പനിയില്‍നിന്നു രണ്ടു കോടി രൂപ കൈക്കൂലി കൈപ്പറ്റിയെന്നതടക്കമുള്ള ആരോപണങ്ങളാണു ജെയ്റ്റ്ലി ഉന്നയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്കുള്ള കത്തിന്റെ പകര്‍പ്പ് സിബിഐ ഡയറക്ടര്‍ക്കും നല്‍കിയിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച സിംഗ്, ഏതന്വേഷണത്തിനും തയാറാണെന്നു വ്യക്തമാക്കി. ഇതിനിടെ, വീരഭദ്രസിംഗിന്റെയും കുടുംബത്തിന്റെയും അക്കൗണ്ടിലേക്കു അഞ്ചു കോടി രൂപ നിക്ഷേപിച്ചെന്ന് ആരോപിക്കപ്പെടുന്ന ഇന്‍ഷ്വറന്‍സ് ഏജന്റ് ആനന്ദ് ഛാന്റെ മൊഴി സിബിഐ രേഖപ്പെടുത്തി. 2009 മേയ് മുതല്‍ 2011 ജനുവരി വരെയാണു വീരഭദ്രസിംഗ് ഉരുക്കു വകുപ്പ് ഭരിച്ചത്.
മുംബൈയിലെ സ്റ്റീല്‍ കമ്പനിയില്‍നിന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയ രേഖകളില്‍ മന്ത്രിമാര്‍ക്കും മറ്റും നല്‍കിയ തുകയുടെ വിശദാംശങ്ങളുണ്ടായിരുന്നു. ഇതിനു പിന്നാലെ സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പറേഷന്റെ പരാതിപ്രകാരമാണു സിബിഐ കഴിഞ്ഞ വര്‍ഷം കേസെടുത്തത്. അഴിമതിയാരോപണം സംബന്ധിച്ചു കോണ്‍ഗ്രസ് നേതൃത്വത്തിനു വിശദീകരണം നല്‍കാന്‍ ഇന്നലെ വീരഭദ്ര സിംഗ് ദല്‍ഹിയിലെത്തി. സോണിയഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്. സിംഗിനെ ഹൈക്കമാന്‍ഡ് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണു സൂചന.
















