സെക്കന്തരാബാദ്: തെലങ്കാന സംസ്ഥാന രൂപവല്‍കരണത്തെ എതിര്‍ത്തും അനുകൂലിച്ചുമുള്ള വാദങ്ങള്‍ നിരത്താന്‍ ആന്ധ്രയില്‍നിന്നുള്ള വിവിധ നേതാക്കള്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടു. ഹ്രസ്വസന്ദര്‍ശനത്തിനായി ഹൈദരാബാദില്‍ എത്തിയതായിരുന്നു രാഷ്‌ട്രപതി. സീമാന്ധ്രയിലെ നേതാക്കള്‍ സംസ്ഥാനം വിഭജിക്കരുതെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടു. തെലങ്കാന സംയുക്ത കര്‍മസമിതി ചെയര്‍മാന്‍ കോടന്തരത്തിന്റെ നേതൃത്വത്തില്‍ 40 പേര്‍ തെലങ്കാന രൂപവല്‍ക്കരണം വേഗത്തിലാക്കണമെന്ന ആവശ്യമുന്നയിച്ചു.
ആന്ധ്രാ നിയമസഭയില്‍ ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുമ്പോഴുള്ള അസ്വാരസ്യങ്ങള്‍ ഒഴിവാക്കാന്‍ വിഭജനവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇല്ലാതാക്കണമെന്നായിരുന്നു കൂടുതല്‍പേരും രാഷ്‌ട്രപതിയോട് അഭ്യര്‍ഥിച്ചത്. സഭയുടെ അഭിപ്രായം ആരാഞ്ഞ് ഡിസംബര്‍ 12നാണ് തെലങ്കാനാ ബില്‍ രാഷ്‌ട്രപതി ആന്ധ്രയിലേക്കയച്ചത്. ബില്‍ വെച്ചതു മുതല്‍ പിരിയുന്നതുവരെ സഭ സംഘര്‍ഷഭരിതമായിരുന്നു. ജനവരി മൂന്നിനാണ് രണ്ടാംഘട്ടം സഭ ചേരുക. അന്ന് ബില്‍ വീണ്ടും ചര്‍ച്ചക്കെടുക്കും. ജനവരി 23ന് അഭിപ്രായങ്ങളോടെ ബില്‍ തിരിച്ചയക്കണമെന്നാണ് രാഷ്‌ട്രപതി നിര്‍ദേശിച്ചത്.
















