ചെളിയും പാഴ്ക്കടലാസും കഴുത്തിലും കാതിലുമിടാന്‍ ആരുടെയും സ്വബോധം സമ്മതിക്കില്ല. പക്ഷേ , കാതിലാടുന്ന ഈ കമ്മലുകളും കഴുത്തിനഴകേറ്റുന്ന ഈ മാലകളും വെറും കടലാസുകൊണ്ടുള്ളതാണന്നു പറഞ്ഞാലും ആരും കളയുകയുമില്ല. ഇതിന്റെ പിന്നിലെ കരവിരുത് ആഭരണ നിര്‍മ്മാണത്തില്‍ വമ്പിച്ച അവകാശവാദങ്ങളൊന്നും പറയാത്ത മൂന്നു വീട്ടമ്മമാരുടേതാണ്.
അലങ്കാരത്തിന്റെ ആ ആഭരണക്കഥ ഇങ്ങനെ.
ആമ്പല്ലൂര്‍ സ്വദേശിനികളായ മൂന്ന് വനിതകള്‍; അവര്‍ മാറി മാറി വരുന്ന ആഭരണ സൗന്ദര്യ സങ്കല്പ്പങ്ങള്ക്കനുസൃതമായി വസ്ത്രധാരണത്തിന് അനുയോജ്യമായ ആഭരണങ്ങള്‍ നിര്‍മ്മിച്ചു വിപണനം ചെയ്യുകയാണ്. സ്വര്‍ണ്ണത്തിനു തൊട്ടാല്‍ പൊള്ളുന്ന വിലയുള്ള ഈ കാലത്ത് ചെലവു ചുരുങ്ങിയ രീതിയില്‍ കളിമണ്ണിലും കടലാസിലും ഇവര്‍ തീര്‍ക്കുന്ന ആഭരണ വൈവിധ്യങ്ങള്‍ക്ക് ആവശ്യക്കാരുമേറെയാണ്.
അനിത ശ്രീകുമാര്‍, സൗമ്യ മുരളി, ബിജി അരുണ്‍ എന്നിവരാണ് മൂവര്‍ സംഘത്തില്‍. അയല്‍ വാസികളായ ഇവര്‍ മൂന്നുപേരും ഈ രംഗത്തേക്കു തിരിഞ്ഞിട്ട് മൂന്നു വര്‍ഷമായി. സാങ്കേതിക സാമഗ്രികളും വന്‍ മുതല്‍ മുടക്കും ഇല്ലാതെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു തൊഴില്‍ മേഖല എന്ന ആശയമാണ് ആദ്യം ഉയര്‍ന്നത്.
ആശയം ആഭരണ നിര്‍മ്മാണ രംഗത്തെത്തിച്ചു. സാരി പെയിന്റിംഗ്, ഫാബ്രിക് പെയിന്റ്, ടോയ്സ് നിര്‍മ്മാണം തുടങ്ങിയ ഇനങ്ങളായിരുന്നു ആദ്യകാലങ്ങളില്‍ ഇവര്‍ ചെയ്തിരുന്നത്. എന്നാല്‍ വളരെ ചുരുങ്ങിയ വിലയില്‍ ലഭിക്കുന്ന വര്‍ണ്ണക്കടലാസുകളുപയോഗിച്ച് ആഭരണങ്ങള്‍ നിര്‍മ്മിക്കാനാവും എന്ന ആശയമാണ് ഇവരെ കടലാസ് ആഭരണ നിര്‍മ്മാണ രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കുവാന്‍ പ്രേരിപ്പിച്ചത്. ലൈറ്റ് വെയ്റ്റായും, വിവിധ വര്‍ണ്ണങ്ങളിലും നിര്‍മ്മിച്ചു നല്‍കാം എന്നതാണ് കടലാസ് ആഭരണങ്ങളുടെ പ്രത്യേകത. ജിമിക്കി, മാല, കമ്മല്‍, ലോക്കറ്റ് തുടങ്ങിയവ ഇവര്‍ കടലാസില്‍ നിര്‍മ്മിക്കുന്നു. വസ്ത്രങ്ങളുടെ നിറങ്ങള്‍ക്ക് അനുയോജ്യമായ ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണ്. ഇതില്‍ ജിമുക്കിയാണ് കൂടുതലായും വിപണനം നടക്കുന്നത്. കടലാസാണെങ്കിലും മഴ നനയുമ്പോഴോ വെള്ളത്തില്‍ വീഴുമ്പോഴോ കേടുപാടുകള്‍ സംഭവക്കുന്നില്ല എന്നതാണ് ഗുണം.
ഇപ്പോള്‍ വിപണി കീഴടക്കിക്കൊണ്ടിരിക്കുന്ന ക്ലേ മോഡല്‍ ആഭരണങ്ങളാണ് ഇവര്‍ നിര്‍മ്മിക്കുന്ന മറ്റൊരു ഇനം. കടലാസില്‍ നിര്‍മ്മിക്കുന്ന എല്ലാ തരം ആഭരണങ്ങളും കളിമണ്ണിലും ഇവര്‍ നിര്‍മ്മിക്കുന്നു. കളിമണ്‍ ആഭരണങ്ങള്‍ക്ക് നിര്‍മ്മാണജോലി കൂടുതലായതുകൊണ്ട് നാട്ടിന് പുറങ്ങളില്‍ വിപണി കണ്ടെത്താനും സാധിക്കാറില്ല. കളിമണ്ണുപയോഗിച്ച് ആഭരണങ്ങള്‍ നിര്‍മ്മിച്ചു നല്കാന് രണ്ടാഴ്ച്ചയിലേറെ സമയമെടുക്കും. ഒരു കിലോഗ്രാം കളിമണ്ണ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍ക്ക് അയ്യായിരം രൂപയോളം ലഭിക്കും. സാധാരണ കളിമണ്ണിനു പുറമെ കൊറിയന്‍ ക്ലേ, ഡ്രയര്‍ ക്ലേ എന്നീ കളിമണ്ണുകളിലാണ് ഇവര്‍ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നത്.
കളിമണ്ണുപയോഗിച്ച് മുപ്പത്തിയഞ്ചു ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ ഇവര്‍ നിര്‍മ്മിക്കുന്നുണ്ട്. വ്യത്യസ്തമായ ഇനങ്ങളില്‍ പരിശീലനം നേടിയ ശേഷം മൂവരും ഒന്നിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വീട്ടമ്മമാര്‍ക്ക് ഒഴിവു സമയങ്ങളില്‍ സ്വയം തൊഴിലിലൂടെ വരുമാനമാര്‍ഗ്ഗം കണ്ടെത്താനുള്ള ഈ മേഖലയില്‍ ഇവര്‍ പരിശീലനവും നടത്തിവരുന്നുണ്ട്. ആഭരണ നിര്‍മ്മാണത്തിനു പുറമെ അലങ്കാര നെറ്റിപ്പട്ടങ്ങളും ഇവര്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. നെറ്റിപ്പട്ട നിര്‍മ്മാണത്തില്‍ പാലിക്കേണ്ട ലക്ഷണങ്ങളും അളവുകളും സ്ഥാനങ്ങളും കൃത്യമായി ശ്രദ്ധിച്ചാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. ഇതിനെല്ലാം പുറമെ ക്രിസ്റ്റല്‍ ഓര്‍ണമെന്റ്സ്, ഫ്ലവര്‍ മേക്കിങ്, ക്രാഫ്റ്റ് വര്‍ക്ക്, മിറര്‍ വര്‍ക്ക് തുടങ്ങിയ ഇനങ്ങളിലും ഇവര്‍ നിര്‍മ്മാണ പ്രവര്‍ത്തികളും ഒപ്പം പരിശീലനവും നടത്തി വരികയാണ്.
സ്വര്‍ണ്ണാഭരണങ്ങള്‍ക്കപ്പുറത്ത് ആഭരണങ്ങളിലെ വൈവിധ്യത തേടിയെത്തുന്ന പുത്തന്‍ തലമുറക്ക് മുന്നില്‍ കുറഞ്ഞ ചിലവില്‍ ലഭിക്കാവുന്ന മാച്ചിങ് മോഡലുകളുടെ വിപണന സാധ്യത തിരിച്ചറിഞ്ഞതാണ് ഈ മൂവര്‍ സംഘത്തിന്റെ ജീവിത വിജയം. അതെ, ഇവര്‍ വീട്ടുഭരണം നടത്തുന്നു, ഒപ്പം ആഭരണ വിപണിയിലെ ഭരണവും…..
രാജേഷ് കുറുമാലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: