അവസ്ഥാത്രയത്തെക്കുറിച്ചുള്ള നിരൂപണം വേദാന്തത്തില്‍ വളരെ പ്രാധാന്യേന ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. സര്‍വ്വ ജ്ഞാന-കര്‍മ്മേന്ദ്രിയങ്ങളും വിലയിച്ചു ചേര്‍ന്ന മനസ്സ് സ്വപ്നത്തില്‍ മഹിമയെ അനുഭവിക്കുന്നു. വിഷയ-വിഷയ്യാകാരത്തിലെല്ലാം സ്വയം പരിണമിക്കുന്നു. കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം വീണ്ടും വീണ്ടും മനസ്സ് സംസ്ക്കാരങ്ങളെക്കൊണ്ട് പുനഃസൃഷ്ടിക്കുന്നു. ദേശാന്തരങ്ങളിലുണ്ടായ അനുഭവങ്ങളെ ചേര്‍ത്തും വ്യത്യസ്തങ്ങളായ സംവേദനങ്ങളെ കലര്‍ത്തിയും എല്ലാം മനസ്സ് സ്വപ്നാനുഭാവത്തെ സൃഷ്ടിക്കുന്നു. എന്നു മാത്രമല്ല, സര്‍വ്വവും കാണുന്ന മനസ്സ് സര്‍വ്വവുമായി സ്വയം തീര്‍ന്ന് കാണുന്നുവെന്നതും ശ്രദ്ധേയമാണെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഉപനിഷദ് വിചാരയജ്ഞം നാല്‍പ്പത്തിയഞ്ചാം ദിവസം പ്രശ്നോപനിഷത്തിലെ നാലാം അദ്ധ്യായത്തെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
അനന്തരം തേജസ്സിനാല്‍ അഭിഭൂതനായി മനസ്സ് സുഷുപ്തിയെ പ്രാപിക്കുന്നു. ആ സന്ദര്‍ഭത്തില്‍ സകല ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളും അന്തഃകരണവൃത്തികളും അവയുടെ വിഷയങ്ങളും എല്ലാം പരമമായ ആത്മാവില്‍ വിലയിക്കുന്നു. എപ്രകാരമാണോ പകല്‍ പല മേഖലകളില്‍ പറന്നു വിഹരിച്ച പക്ഷികള്‍ വാസോവൃക്ഷത്തിലേക്ക് ചേക്കേറുന്നത്, അതില്‍ വിലയിക്കുന്നത്, അതുപോലെയാണ് സുഷുപ്തിയിലെ സകല കരണങ്ങളുടെയും ആത്മാവിലുള്ള വിലയം. ആ സന്ദര്‍ഭത്തില്‍ ജീവാത്മഭാവം തീര്‍ത്തും വിലയിച്ച് പരമാത്മാവില്‍ സംപ്രതിഷ്ഠിതമാകുന്നു. അതാകട്ടെ ശുഭ്രവും വര്‍ണ്ണരഹിതവും വിശേഷണരഹിതവുമായ അക്ഷരസ്വരൂപമാകുന്നു, സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: