ഭാരതത്തില്‍ സംസ്കൃതവും ബഹുമതിയും ഒന്നിച്ചുപോകുന്നു; അതുണ്ടായാല്‍ മതി. നിങ്ങള്‍ക്കെതിരായി ഉരിയാടാന്‍ ആരും മുതിരില്ല. ഒരേയൊരു രഹസ്യമാണത്. അത് കൈക്കൊള്ളൂ. അദ്വൈതിയുടെ പഴയൊരു ദൃഷ്ടാന്തമുപയോഗിച്ച് പറയാം – സ്വകൃതഭ്രമത്തില് കഴിയുകയാണ് പ്രപഞ്ചമാസകലം. ഇച്ഛാശക്തിയിലത്രേ പ്രഭാവം. പ്രബലമായ ഇച്ഛാശക്തിയുള്ളവന് തനിക്ക് ചുറ്റും ഒരു പരിവേഷം പരത്തുന്നു എന്നുപറയാം. അങ്ങനെ അയാള്‍ മറ്റുള്ളവരെയും തന്റെ മനസ്സിന്റെ സ്പന്ദാവസ്ഥയിലേക്ക് കൊണ്ടുവരുന്നു. അത്തരം അമിതാത്മാക്കള് ഉണ്ടാകാറുണ്ടുതന്നെ. എന്താണ് ആശയം? ആ പ്രബലന്‍ ആവിര്‍ഭവിക്കുമ്പോള്‍ അയാളുടെ വ്യക്തിമഹത്ത്വം നമ്മിലേക്ക് അയാളുടെ ചിന്തകളെ കടത്തിവിടുന്നു; നമ്മുടെ ചിന്തകളും അയാളുടേതും സമമാകും; അങ്ങനെ നമ്മളും പ്രബലരാകും. എങ്ങനെയാണ് സംഘടനകള്‍ ഇത്ര പ്രബലങ്ങളാകുന്നത്? സംഘടന (വെറും) ഭൗതികമാണെന്ന് പറയരുത്. പ്രസക്തമായ ഒരുദാഹരണം: നാലു കോടി ഇംഗ്ലീഷുകാര്‍ ഇവിടെയുള്ള മുപ്പതുകോടി ആളുകളെ ഭരിക്കുന്നതെന്തുകൊണ്ട്? മനശാസ്ത്രപരമായി ഇതിന് വിശദീകരണമെന്ത്? ആ നാലു കോടി തങ്ങളുടെ ഇച്ഛാശക്തിയെ ഏകീകരിച്ചിരിക്കുന്നു. ഇതിനര്‍ഥം അതിരറ്റ ശക്തിയെന്നത്രേ. നിങ്ങള്‍ മുപ്പതുകോടിയില് ഓരോരുത്തനും മറ്റുള്ളവരുടെതില്‍ നിന്ന് വേറായ ഇച്ഛാശക്തിയാണുള്ളത്. അതുകൊണ്ട് മഹത്തായ ഭാവിഭാരതം പടുത്തുകെട്ടുന്നതിന്റെ രഹസ്യം മുഴുവന്‍ സംഘടനയില്‍, ശക്തിസംഭരണത്തില്, ഇച്ഛാശക്തികളെ കൂട്ടിയിണക്കുന്നതില്‍, അത്രേ സ്ഥിതിചെയ്യുന്നത്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: