മേലേടത്തെ അതിരാത്രം വളരെ ഗംഭീരമായിട്ടുതന്നെ നടന്നു. മഹര്ത്വിക്കുകളായ അധ്വര്യു യജുര്‍വ്വേദത്തേയും, ഹോതന് ഋഗ്വേദത്തേയും, ഉദ്ഗാതാവ് സാമവേദത്തേയും, ബ്രഹ്മന്‍ അഥര്വ്വവേദത്തേയും പ്രതിനിധീകരിയ്ക്കുകയല്ല അതാതു വേദങ്ങളായിത്തീരുകയായിരുന്നൂ എന്നു തോന്നുന്നവിധം തന്മയത്വവും ചൈതന്യവും ക്രിയകളിലെ ഓരോ ചലനങ്ങളിലും മന്ത്രങ്ങളിലും തെളിഞ്ഞു നിന്നിരുന്നു. എല്ലാക്രിയകള്ക്കും സാക്ഷി ബ്രഹ്മന്‍ എന്ന മഹര്ത്വിക്കാണ്. ബ്രഹ്മനായത് വന്ദ്യവയോധികനായ മേലേടത്തെത്തന്നെ രാമന് ചൊമാരി. ?നാഴികകളോളം ഇടവിടാതെ ക്രിയകളും മന്ത്രങ്ങളും ഉള്ള അധ്വര്യുവിന്റെ ചുമതലയില്‍ ചൊമാരിയുടെ മകന് കുഞ്ചുവിന് പിഴപോകട്ടെ ഒരഭംഗിപോലും ഒരിടത്തും ഉണ്ടായില്ല. ആളുകള്‍ കണ്ണിടാതിരിയ്ക്കാന് എവിടേയെങ്കിലും ഒന്നു പിഴയ്ക്കണേ എന്ന് പ്രാര്‍ത്ഥിയ്ക്കാന്‍ പോലും എനിയ്ക്കു തോന്നുകയുണ്ടായി? എന്നാണ് അദ്ദേഹം പറഞ്ഞത്. ആകെയുള്ള പതിനാറ് ഋത്വിക്കുളിലും ഏറ്റവും പ്രായം കുറവായി തോന്നിയത് ഹോതനായ കുന്നം ഓതിയ്ക്കനാണെന്നുവരെ തോന്നി. ദീര്‍ഘദീര്‍ഘങ്ങളായ അഭിഷ്ടവങ്ങളോ ശസ്ത്രങ്ങളോ നില്ക്കട്ടെ, ഇടതടവോ സ്വരത്തിന് ഏറ്റക്കുറച്ചിലോ ഇല്ലാതെ മുന്നൂറ്ററുപത് ഋക്കുള്ള പ്രാതരനുവാകത്തിനുപോലും ഒരു പുഴുക്കുത്ത് പറയാനില്ല. ആകെ ഒന്നു പറയാവുന്നത് എട്ടുനാഴികയോളം നിറുത്താതെ ചൊല്ലേണ്ടുന്ന ആശ്വിനം ശസ്ത്രത്തിനിടയ്ക്ക് ഒരിടത്ത് രണ്ടു നിമിഷം ആലോചിയ്ക്കേണ്ടി വന്നു എന്നു മാത്രമാണ്. എല്ലാം വളരെ കേമമാകുന്നതുകാരണം ഷോഡശി ശസ്ത്രത്തിനെക്കുറിച്ച് എല്ലാവര്ക്കും നല്ല പേടിയുണ്ടായിരുന്നു. ഷോഡശിപിഴച്ചാല് മരണംവരെ വരാം എന്നാണ് വിശ്വാസം. കുന്നം ഓതിയ്ക്കനാണെങ്കില് പ്രായവും കമ്മിയല്ല. ആളുകള്‍ക്ക് പഴിയ്ക്കാന്‍ ഒരു കാരണമായേനേ. പക്ഷേ ഷോഡശി പിഴയ്ക്കുകയുണ്ടായില്ല എന്നുമാത്രമല്ല, ആ സമയത്ത് യജ്ഞഭോക്താക്കളായ ദേവന്മാരെല്ലാവരുടേയും സാന്നിദ്ധ്യം യാഗശാലയില്‍ ഉണ്ടായിരുന്നതായി എന്ന് എല്ലാവര്ക്കും തന്നെ അനുഭവപ്പെടുകയും ചെയ്തു. ഉദ്ഗാതാവായിരുന്ന മധുസൂദന്‍ ഷോഡശീസ്തുതിയ്ക്ക് രണ്ടു പിഴ പറ്റി. അത്രയല്ലേ പിഴച്ചുള്ളൂ എന്നാണ് സമാധാനിയ്ക്കേണ്ടത്.
പെരുങ്കൂറു രാജ്യത്ത് താമസിച്ചിരുന്ന യജ്ഞപുരം ഗ്രാമക്കാരും സൗരാഷ്ട്രത്തില് അടുത്തകാലത്ത് വന്നു ചേര്‍ന്നവരും ആയ സാമവേദികളെ നാടുകടത്താന്‍ പെറുങ്കൂറുവാഴുന്നവര് വിളംബരം പുറപ്പെടിച്ചു എന്ന് ഷോഡശീസ്തുതിയ്ക്ക് തൊട്ടു മുന്നിലാണ് ശീതജ്വരം പോലെ കേള്‍ക്കുന്നവരുടെ മനസ്സിനെ ബാധിച്ചുകൊണ്ട് യജ്ഞശാലയില്‍ പരന്നത്. മധുസൂദനന്റെ സ്തുതികള്‍ ഷോഡശീസ്തുതിയൊഴിച്ച് എല്ലാം തന്നെ അതുല്യമായിരുന്നു. മധുസൂദനനന്റെ ശബ്ദത്തിന് പ്രത്യേകതയുണ്ട്. അടുത്തുനിന്നു കേട്ടാലും അകലേനിന്നു കേട്ടാലും ഒരുപോലെ സ്ഫുടവും വ്യക്തവുമാണ്. ഒരു ചിലമ്പലോ വലിച്ചിലോ ഇല്ലാതെ ആനന്ദത്തിലൊഴുകുകയാണെന്നു തോന്നും. യജ്ഞപുരത്തിന് ആ സ്വരമാധുരി വീണ്ടും ആസ്വദിയ്ക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. ദ്വിവേദിയുടെ കുടുംബം ഒഴിച്ചെല്ലാവരും സൗരാഷ്ട്രത്തിലേയ്ക്ക് തിരിച്ചുപോയി.
സൗരാഷ്ട്രത്തില് നിന്ന് വന്നവര്‍ക്ക് പെരുങ്കൂറില്‍ പാര്‍ക്കാന്‍ സൗഹാര്‍ദ്ദപൂര്‍വ്വം ഇടംകൊടുത്ത വാഴുന്നവര്‍ മേലേടത്തെ അഗ്നിയ്ക്കു മുമ്പായി നാടുനീങ്ങിയതായിരുന്നു സൗരാഷ്ട്രത്തില് നിന്നു വന്നവരുടെ മടക്കയാത്രയ്ക്ക് വഴിവെച്ചത്. അദ്ദേഹത്തിന്റെ അനന്തരവന് അധികാരമേല്‍ക്കുന്ന അരിയിട്ടു വാഴ്ച അതിരാത്രത്തിന്റെ ഒമ്പതാം ദിവസമായിരുന്നു. പെരുങ്കൂറില്‍ താമസിയ്ക്കുന്ന സാമവേദികളില്‍ പ്രധാനികളായവര് അരിയിട്ടുവാഴ്ചയ്ക്ക് ചെന്നില്ല എന്ന നിസ്സാരകാരണമാണ് പോലും നാടുകടത്തലിന് കാരണം. സാമവേദികളെ അപമാനിച്ച് നാടുകടത്താനും അവരെ സഹായിക്കുന്നരെ കാരാഗ്രഹത്തിലടയ്ക്കാനും പുതിയ പെരുങ്കൂര്‍ വാഴുന്നവര്‍ ആജ്ഞയിട്ട് നാഴികയ്ക്കുള്ളില്‍ കുറുങ്കൂറ് ഇളയവാഴുന്നവര് അതില്‍ ഒരുവിധം എല്ലാവരേയും രക്ഷിച്ചു കൊണ്ടുപോന്നു.
പുതുതായി വന്ന കൃഷ്ണശര്‍മ്മയ്ക്കും കുടുംബത്തിനും അങ്ങിനെ ഉള്ള അനുഭവങ്ങള്‍ ഉണ്ടവാതിരിയ്ക്കട്ടെ.
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: