സോമയാഗം നടത്തിക്കൊടുക്കാന്‍ പറ്റില്ല എന്നു പറയുന്നത് കാത്തുനില്ക്കുകയായിരുന്നു അഗ്നിദത്തന്‍ നമ്പൂതിരിയും സുഹൃത്തുക്കളും. ചൊമാരിയും യജ്ഞപുരത്തുള്ളവരും വിശ്വസിയ്ക്കാന്‍ പറ്റാത്തവരാണെന്നും മറ്റും ഉറക്കെ പറയാന്‍ ഉള്ള അവസരങ്ങളെല്ലാം അവര്‍ ആഘോഷിയ്ക്കുകയായിരുന്നു. ‘മകന് മേലേടത്തെ യാഗത്തിന് അധ്വര്യു ആകാന്‍ ക്ഷണം കിട്ടിയപ്പോള്‍ താന്നിയിലെ സോമയാഗം നടത്തിക്കൊടുക്കാം എന്ന വാക്ക് മാറ്റി. മകന് അധ്വര്യുവാകാന് തരായാല്‍ സോമയാഗം മുടക്കുന്ന ചൊമാരി സ്വാര്‍ത്ഥിയും നെറികെട്ടവനും അധര്‍മ്മത്തിന്റെ പണിയാളുമാണ്. അങ്ങിനെ ഒരാള്‍ വിചാരിച്ചാല്‍ താന്നിയിലെ സോമയാഗം മുടക്കാന്‍ കഴിയില്ല. യജ്ഞപുരം ഗ്രാമക്കാരനായ കൃഷ്ണന്റെ സോമയാഗം ഊരുഗ്രാമക്കാര് ഗംഭീരമായി നടത്തും.’ എന്ന് വെല്ലുവിളിയായി പറയുകയും ചെയ്തുവത്രേ.
ആ വെല്ലുവിളി ഗ്രാമങ്ങള്‍ തമ്മിലുള്ള പോരിന് പുതിയ യുദ്ധമുഖങ്ങള്‍ തുറന്നുകൊടുത്തു. പോര് തുടങ്ങിയാല്‍ അതില്‍ അധര്‍മ്മം കടന്നു വരാതിരിയ്ക്കാന്‍ പ്രയാസമുണ്ട്. മഹാഭാരതയുദ്ധത്തില്‍ ധര്മ്മപുത്രര്ക്കുകൂടി അധര്മ്മക്കറ പറ്റിയിട്ടുണ്ട്. വൈദികന്, കുന്നം ഓതിയ്ക്കന്‍, ദ്വിവേദി, തുടങ്ങിയുള്ളവര്ക്കെല്ലാം ഒരു പക്ഷേ കൃഷ്ണനൊഴിച്ചുള്ള യജ്ഞപുരം ഗ്രാമക്കാര്‍ക്കെല്ലാം തന്നെ അഗ്നിദത്തന്‍ നമ്പൂതിരിയുടെ അനാവശ്യമായ ഇടപെടലുകളും വര്‍ത്തമാനങ്ങളും അസ്വസ്ഥത വളര്‍ത്തി. വാരങ്ങളിലും വിശേഷങ്ങളിലും സ്പര്‍ദ്ധ വളര്‍ത്തുന്ന വാര്‍ത്തകള്‍ നൂലാമാലയായി വളര്‍ന്നുകൊണ്ടേ ഇരുന്നു.
ചൊമാരിയുടെ ധാര്‍മ്മികനാണ് എന്ന പൊള്ളത്തരം ഈ കളിയില്‍ പൊളിയും എന്ന് അഗ്നിദത്തന്‍ നമ്പൂതിരിയുടെ അനുയായികളിലാരോ അഷ്ടമിവാരത്തിന്റെ അന്ന് പറഞ്ഞുവത്രേ. അതിന് സ്വതേത്തന്നെ ശുണ്ഠിക്കാരനായ മൂത്തേടം കൂറേ കടന്നു പറഞ്ഞു. ഒരു ചൊമാരിയുടെ പൊള്ളത്തരം പുറത്തായാല്‍ ലോകം അവസാനിയ്ക്കുകയൊന്നും ഇല്ല. പറയുന്നവര്‍ക്കോ പ്രതികരിയ്ക്കുന്നവര്ക്കോ അതാലോചിയ്ക്കേണ്ട കാര്യമില്ല എന്നതാണ് കഷ്ടം. വാക്കുകളും മറുവാക്കുകളുമായി സ്പര്‍ദ്ധ വളര്‍ന്നുകൊണ്ടേ ഇരുന്നു. മത്സരത്തിന് ആരും വെള്ളമൊഴിയ്ക്കുയോ വളം ചേര്‍ക്കുയോ വേണ്ടതില്ല. അത് സാഹചര്യങ്ങളില്‍നിന്ന് വേണ്ടതെല്ലാം സമ്പാദിച്ച് വളരും. ഒരിയ്ക്കല്‍ മുളച്ചാല്‍ വേരറ്റുപോകാത്ത ഒരസുരവിത്താണ് മത്സരം. മത്സരം രണ്ടു സമൂഹങ്ങള്‍ തമ്മിലാകുമ്പോള്‍ സമൂഹത്തില്‍ പെട്ട വ്യക്തിയ്ക്ക് ഒഴിഞ്ഞുനില്ക്കാന് പറ്റത്ത അവസ്ഥവരും. മത്സരത്തിന്റെ ലക്ഷ്യം തന്നെ താനായതുകൊണ്ട് ക്രമേണ യുദ്ധത്തില്‍ ഒരു പക്ഷത്തിന്റെ കൊടിക്കൂറയായി മാറേണ്ടി വന്നു. കൊടിക്കൂറ വിചാരിച്ചാല്‍ പാറാതിരിയ്ക്കാന് പറ്റില്ല. യുദ്ധത്തില്‍ ചെന്നു പെടുന്നത് മനപ്പൂര്‍വ്വമോ അല്ലാതെയോ ആകാം. പക്ഷേ ഒരു പ്രാവശ്യം ചെന്നുപെട്ടാല്‍ അമ്പെയ്യാതിരിയ്ക്കാനും കൊള്ളാതിരിയ്ക്കാനും വിഷമമാണ്. താന്നി കൃഷ്ണന്റെ സോമയാഗം ചൊമാരിയേയും ശിങ്കിടികളേയും തൊടീയ്ക്കാതെ അതികേമമായി നടത്തും എന്ന് അഗ്നിദത്തന്‍ നമ്പൂതിരി പ്രതിജ്ഞയെടുത്തുവത്രേ. പരിപാവനമായ ഒരാരാധനാക്രമമാണ് യജ്ഞം. ഒരു വിഭാഗത്തെ താഴ്ത്തിക്കെട്ടാനോ എതിര്‍ക്കാനോ ആകുന്നത് പരിതാപകരമാണ്. അത് ഊരുഗ്രാമക്കാരുടെ എതിര്‍പ്പിനെ പ്രതിരോധിയക്കുന്ന യജ്ഞപുരത്തെ പ്രധാനികളും വിചാരിച്ചില്ല എന്നതാണ് സത്യം. എതിരാളികള്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍ ആഘോഷിയ്ക്കാനും തങ്ങള്‍ക്കു പറ്റുന്നവയ്ക്ക് എതിരാളികളെ പഴിയ്ക്കാനും രണ്ടുകൂട്ടരും പിന്നിലായിരുന്നില്ല. യജ്ഞം നടത്തുന്നവരെല്ലാം അല്പ്പരസക്കാരും കീറാമുട്ടിപോലെ മത്സരം ഉള്ളില്‍ കൊണ്ടു നടക്കുന്നവരും ആണെന്നുവരെ തോന്നിപ്പോകുന്നു. പണ്ട് ദക്ഷപ്രജാപതിയും മഹാദേവനും ഒരു യജ്ഞത്തിന്റെ പേരില്‍ വലിയ കോലാഹലങ്ങള്‍ നടന്നു എന്നു പുരാണങ്ങള്‍ പറയുന്നു. അതിന്റെ തുടര്ച്ചകളാണോ ആവോ ഈ മത്സരങ്ങള്‍?
അഗ്നിദത്തന്‍ നമ്പൂതിരിയും മറ്റും ഘോഷിച്ചു നടത്താനിരുന്ന താന്നിയിലെ കൃഷ്ണന്റെ സോമയാഗം മുടങ്ങി. മേലേടത്തെ അതിരാത്രത്തിന് പ്രധാനമായ സുത്യം നടക്കുന്ന ദിവസം തന്നെ കൃഷ്ണന്റെ സോമയാഗത്തിനും സുത്യം നടത്തണം എന്ന വാശിയിലായിരുന്നു മത്സരങ്കൊണ്ട് വെഞ്ചാമരം വീശുകയും, ആലവട്ടം പിടിയ്ക്കുകയും ചെയ്തുകൊടുക്കുന്ന അനുയായികളുള്ള അഗ്നിദത്തന്‍ നമ്പൂതിരി. അതിനാല്‍ ആ പക്ഷത്തില്‍ ആദ്യം നടത്താതെ അവസാനത്തേയ്ക്കു വച്ചു. അത് തുടങ്ങേണ്ട അന്ന് വെളുപ്പാന്‍ കാലത്ത് താന്നിയിലെ വയസ്സായ ഒരു മുത്തശ്ശി പ്രത്യേക കാരണം ഒന്നും ഇല്ലാതെ ശകുനപ്പിഴയായി പെട്ടന്ന് മരിച്ചു. അങ്ങിനെ ആദ്യപക്ഷത്തില്‍ പറ്റിയില്ല. അടുത്ത പക്ഷത്തില്‍ പ്രതീക്ഷിച്ച പോലെ പെറ്റപുല വന്നു. എന്നാലും രണ്ടാമത്തെ പക്ഷത്തില്‍ അവസാനം വെച്ച് ഒരു സന്ദര്‍ഭം ഉണ്ടായിരുന്നു. അപ്പോഴേയ്ക്ക് കൃഷ്ണന്റെ പത്നിയ്ക്ക് ശാപത്തിന്റെ ബാക്കിപോലെ മാസമുറ വന്നുപെട്ടു.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: