പനാജി: ലൈംഗിക പീഡന കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിന് ഗോവ പോലീസിന്റെ സമന്‍സ്. പനാജിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉടന്‍ ഹാജരാകണമെന്നാണ് ആവശ്യം. എത്തിയില്ലെങ്കില്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കും. അതേസമയം, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥ സുനിത സാവന്താണ് മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മുംബൈയിലുള്ള ബന്ധുവിന്റെ വീട്ടിലെത്തിയാണ് സുനിത മൊഴിയെടുത്തത്. രാവിലെ പതിനൊന്നരയോടെ തുടങ്ങിയ മൊഴിശേഖരണം രാത്രി എട്ടുവരെ നീണ്ടു.
സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തേജ്പാലിന്റെ നില പരുങ്ങലിലാണ്. തേജ്പാല്‍ രാജ്യം വിട്ടുപോകാതിരിക്കാന്‍ ഗോവ പോലീസ് തുറമുഖങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞതിനാല്‍ തേജ്പാലിനെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ ഗോവ പോലീസ് തുടങ്ങി കഴിഞ്ഞു. തെഹല്‍ക്ക മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തക അന്വേഷണ സംഘത്തോടും ആവര്‍ത്തിച്ചതായാണ് സൂചന. സംഭവത്തില്‍ ആദ്യം മാധ്യമപ്രവര്‍ത്തകയോട് നിരുപാധികം മാപ്പ് പറഞ്ഞ തേജ്പാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വയം ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
















