സ്വതന്ത്ര ഭാരതത്തില്‍ നിരവധി വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിവിധ അവകാശങ്ങള്‍ നേടിയെടുക്കാന്‍ യുവജനങ്ങള്‍ മുന്നോട്ടുവന്നതിന്റെ ചരിത്രമാണ് അത്. എന്നാല്‍, വിദ്യാര്‍ത്ഥി സമരങ്ങളുടെ ചരിത്രം അവകാശങ്ങള്‍ നേടിയെടുത്തതിന്റെ ചരിത്രം മാത്രമല്ല; പല സന്ദര്‍ഭങ്ങളിലും അത് രക്തപങ്കിലവും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികളാല്‍ കലുഷിതവുമായ ചരിത്രം കൂടിയാണ്.
പക്ഷേ, 2026 ജൂലൈയില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രക്ഷോഭത്തിന്റെ സമീപനം വ്യത്യസ്തമായിരുന്നു. വിദ്യാര്‍ത്ഥി പ്രക്ഷോഭം എന്ന നിലയില്‍ അല്ല വിദ്യാര്‍ത്ഥി പ്രശ്നങ്ങളെ മുന്‍നിര്‍ത്തി പലരും നയിച്ച പ്രക്ഷോഭമായാണ് ഇതിനെ കാണാന്‍ പറ്റുക. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ മറയാക്കി ആരംഭിച്ച പ്രക്ഷോഭം പല ഘട്ടങ്ങളിലും വ്യതിചലിച്ച് പ്രതിപക്ഷ കൂട്ടായ്‌മയുടെ സ്വഭാവം കൈവരിച്ചു. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ നടന്ന പ്രക്ഷോഭത്തിലും കര്‍ഷക സമരത്തിലും സ്വീകരിച്ച സമരസമീപനത്തിന്റെ ആവര്‍ത്തനമായാണ് ജന്തര്‍ മന്തറിലെയും സമരം മുന്നോട്ടുപോയത്.
സമരനേതാക്കളും മുദ്രാവാക്യങ്ങളുംഏറെക്കുറെ സമാനമായിരുന്നു. ദല്‍ഹി പോലീസ് റിപ്പോര്‍ട്ട് പ്രകാരം, വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതികളായിരുന്ന 2,748 പേര്‍ പ്രക്ഷോഭ വേദിയിലെത്തിയിരുന്നു. അതിനാല്‍, സമരം കലാപ സ്വഭാവത്തിലേക്ക് വഴിമാറുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നിരുന്നാലും, വിദ്യാര്‍ത്ഥികളെ മുന്‍നിര്‍ത്തിയുള്ള പ്രക്ഷോഭമായതിനാല്‍ സര്‍ക്കാര്‍ അതീവ സംയമനത്തോടെയാണ് കൈകാര്യം ചെയ്തത്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളോട് സംവാദപരമായ സമീപനം സ്വീകരിക്കുകയും അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കുകയും ചെയ്തതോടെ, വലിയ തോതിലുള്ള രക്തച്ചൊരിച്ചിലോ വ്യാപകമായ പോലീസ് അതിക്രമങ്ങളോ ഇല്ലാതെയാണ് സമരം അവസാനിച്ചത്.
വിദ്യാര്‍ത്ഥികളുടെ പിന്നില്‍നിന്ന് കലാപം സൃഷ്ടിക്കാനുള്ള പലരുടെയും വ്യാമോഹം തകര്‍ന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ, സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പ്രക്ഷോഭചരിത്രത്തില്‍ ജന്തര്‍ മന്തര്‍ പ്രക്ഷോഭം വ്യത്യസ്ത അധ്യായമായി രേഖപ്പെടുത്തപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ മുന്നോട്ടുവച്ചുള്ള പ്രക്ഷോഭം എന്ന നിലയില്‍, അതിനെ കൈകാര്യം ചെയ്ത സര്‍ക്കാരാണ് പ്രക്ഷോഭത്തിന്റെ ഈ വ്യത്യസ്തമായ ചരിത്രത്തിന് കാരണക്കാരായതെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍, ഭാരതത്തില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ ചരിത്രം ഇത്തരത്തിലുള്ളതല്ല. പ്രക്ഷോഭത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവും ശരിയായിരുന്നിട്ടും അന്നത്തെ സര്‍ക്കാരുകള്‍ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയ ചരിത്രമാണുള്ളത്.
ഹിന്ദി വിരുദ്ധ പ്രക്ഷോഭം
1965-ല്‍ തമിഴ്നാട്ടില്‍ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭം സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യ പ്രധാന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലൊന്നാണ്. ദ്രാവിഡ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ ഹിന്ദി വിരുദ്ധ നിലപാടിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രക്ഷോഭം രൂപംകൊണ്ടതെങ്കിലും, അതിന്റെ മുഖ്യശക്തിയായി വിദ്യാര്‍ത്ഥി സമൂഹം മാറി. 1965 ജനുവരി മുതല്‍ മാര്‍ച്ച് വരെ ശക്തിപ്പെട്ട ഈ പ്രക്ഷോഭത്തില്‍ ഔദ്യോഗിക കണക്ക് പ്രകാരം 70 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍, വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണസംഖ്യ 200 മുതല്‍ 500 വരെയായിരുന്നു. തമിഴ്നാട്ടിലാകെ വ്യാപിച്ച പ്രക്ഷോഭത്തെ അന്നത്തെ മുഖ്യമന്ത്രി എം. ഭക്തവത്സലത്തിന്റെ സര്‍ക്കാര്‍ ശക്തമായ പോലീസ് നടപടികളിലൂടെയാണ് നേരിട്ടത്. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയായിരുന്നു പ്രധാനമന്ത്രി. പ്രതിഷേധാവകാശവും ഭരണകൂടത്തിന്റെ പ്രതികരണവും സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സംഭവമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഗുജറാത്ത് നവനിര്‍മാണ പ്രസ്ഥാനം
1973-ല്‍ ഗുജറാത്തില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആരംഭിച്ച നവനിര്‍മാണ പ്രസ്ഥാനം ഭാരതത്തിലെ ഏറ്റവും ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലൊന്നായി ചരിത്രം രേഖപ്പെടുത്തി. പിന്നീട് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ഉയര്‍ന്ന ജനകീയ പ്രക്ഷോഭത്തിന് പ്രചോദനമായതും ഈ സമരമായിരുന്നു. 1973 ഡിസംബര്‍ 20-ന് അഹമ്മദാബാദിലെ എല്‍.ഡി. കോളജിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്‌ക്കെതിരെയാണ് സമരം ആരംഭിച്ചത്. പിന്നീട് അഴിമതി ആരോപണങ്ങള്‍ നേരിട്ട സംസ്ഥാന സര്‍ക്കാരിനെ പുറത്താക്കുക, സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ ഭരണസംവിധാനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രക്ഷോഭത്തിന്റെ ഭാഗമായി.
1974 ജനുവരിയോടെ സമരം ശക്തിപ്പെട്ടു. സംസ്ഥാനത്തുടനീളം വിദ്യാര്‍ത്ഥി പ്രകടനങ്ങളും റാലികളും ഹര്‍ത്താലുകളും നടന്നു. പ്രക്ഷോഭം ശക്തമായതോടെ പോലീസ് ലാത്തിച്ചാര്‍ജിലും വെടിവെപ്പിലും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ഏറെപ്പേര്‍ മരണപ്പെടുകയും ചെയ്തു. ഔദ്യോഗിക രേഖകള്‍ പ്രകാരം മരണസംഖ്യ നൂറോളം ആയിരുന്നു. മുന്നൂറിലധികം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ പലതും അംഗീകരിക്കപ്പെടുകയും ചിമന്‍ഭായ് പട്ടേല്‍ സര്‍ക്കാര്‍ രാജിവെക്കുകയും ചെയ്തെങ്കിലും, വിദ്യാര്‍ത്ഥികള്‍ക്കുനേരെയുണ്ടായ ക്രൂരമായ അടിച്ചമര്‍ത്തല്‍ ഈ സമരത്തെ രക്തപങ്കിലമായ വിദ്യാര്‍ത്ഥി പ്രക്ഷോഭമായി ചരിത്രത്തില്‍ രേഖപ്പെടുത്തി.
മോഗ പ്രക്ഷോഭം
1972 ഒക്ടോബര്‍ 5-ന് പഞ്ചാബിലെ മോഗയില്‍ റീഗല്‍ സിനിമയിലെ ടിക്കറ്റ് കരിഞ്ചന്തയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭവും രക്തപങ്കിലമായിരുന്നു. ആദ്യഘട്ടത്തില്‍ത്തന്നെ വിദ്യാര്‍ത്ഥി നേതാക്കളായ സ്വരണ്‍ സിങ്ങും ഹര്‍ജിത് സിങ്ങും പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് പ്രക്ഷോഭം പഞ്ചാബിലാകെ വ്യാപിച്ചു. ഗ്യാനി സെയില്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സര്‍ക്കാരും കേന്ദ്രത്തിലെ ഇന്ദിരാ ഗാന്ധി സര്‍ക്കാരും ഈ പ്രക്ഷോഭത്തെ ശക്തമായ പോലീസ് നടപടികളിലൂടെയാണ് നേരിട്ടതെന്ന് വിവിധ ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു.
സമ്പൂര്‍ണ ക്രാന്തി പ്രക്ഷോഭം
അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇടയാക്കിയ രാഷ്‌ട്രീയ സാഹചര്യവും വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടതാണ്. ബിഹാറില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രക്ഷോഭത്തിന് പിന്നീട് ജയപ്രകാശ് നാരായണന്‍ നേതൃത്വം നല്‍കി. വൈകാതെ അത് രാജ്യവ്യാപക ജനകീയ പ്രക്ഷോഭമായി വളര്‍ന്നു. 1974 നവംബറില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ ശക്തമായ പോലീസ് അതിക്രമമുണ്ടായി. ജയപ്രകാശ് നാരായണന് മര്‍ദനമേല്‍ക്കുകയും നിരവധി വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലാകുകയും ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത് അനേകം വിദ്യാര്‍ത്ഥി നേതാക്കള്‍ തടവിലാക്കപ്പെടുകയും വിവിധ തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയരാവുകയും ചെയ്തു.
മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭം
1990-ല്‍ വി.പി. സിങ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയതിനെ തുടര്‍ന്ന് ഉയര്‍ന്ന മണ്ഡല്‍ വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാജീവ് ഗോസ്വാമിയുടെ ആത്മാഹുതി ശ്രമത്തെ തുടര്‍ന്നാണ് പ്രക്ഷോഭം ശക്തമായത്. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആത്മഹത്യാശ്രമങ്ങളും ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം നൂറിലധികം ആത്മഹത്യാ ശ്രമങ്ങളും അറുപതിലധികം ആത്മഹത്യകളും ഈ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇടതുപക്ഷ പിന്തുണയോടു കൂടി ഭരിച്ച വി.പി. സിങ് സര്‍ക്കാര്‍ ഈ സമരം കൈകാര്യം ചെയ്ത രീതിക്കെതിരെയും വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
കോണ്‍ഗ്രസും സിപിഎമ്മും മാറിമാറി ഭരിച്ച കേരളത്തിലും വിവിധ കാലഘട്ടങ്ങളില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ പോലീസ് നടപടികള്‍ക്കും അടിച്ചമര്‍ത്തലിനും വിധേയമായി. വിദ്യാര്‍ത്ഥി സമരങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍, പലപ്പോഴും ഭരണകൂടങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ സംവാദത്തിലൂടെയല്ല, ബലപ്രയോഗത്തിലൂടെയാണ് നേരിട്ടതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഇത്തരത്തില്‍ നോക്കുമ്പോള്‍, ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം, സമരം കൂടുതല്‍ വഷളാകാതെയും വിദ്യാര്‍ത്ഥികള്‍ക്കുനേരെ വ്യാപകമായ അടിച്ചമര്‍ത്തല്‍ നടപടികള്‍ ഉണ്ടാകാതെയും സമാധാനപരമായി അവസാനിച്ചതായി അവതരിപ്പിക്കപ്പെടുന്നു.
സമീപകാല റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിദ്യാര്‍ത്ഥി സമരങ്ങള്‍ മറ്റ് ശക്തികള്‍ ഇടപെട്ട് സംഘര്‍ഷഭരിതമായ രൂപങ്ങളിലേക്ക് വഴിമാറ്റുന്ന സാഹചര്യം ഇവിടെ ഒഴിവാക്കപ്പെട്ടു. പ്രക്ഷോഭം കലാപമായി പരിണമിക്കാതെ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചതിലൂടെ ജനാധിപത്യത്തിന്റെ മറ്റൊരു മുഖം ഇവിടെ പ്രതിഫലിച്ചതായി വിലയിരുത്താം. ജനാധിപത്യ മനോഭാവമുള്ള ഭരണസമീപനവും ഈ അനുഭവത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെടുന്നു.











