കോട്ടയം: ബ്രിട്ടനിലെ കിരീടാവകാശി ചാള്‍സ് രാജകുമാരനും ഭാര്യ കാമില്ലാ പാര്‍ക്കര്‍ ബൗള്‍സും ഇന്നും നാളെയും കുമരകം സന്ദര്‍ശിക്കും. സുരക്ഷാ സന്നാഹങ്ങള്‍ കര്‍ശനമാക്കി. സ്‌കോട്ടലന്റ് യാര്‍ഡ് പൊലീസിന്റെ നേതൃത്വത്തിലാണ് സുരക്ഷാ വലയം ഒരുക്കിയിട്ടുള്ളത്. ആറ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 12 സിഐമാര്‍, 17 എസ്‌ഐ മാര്‍, 330 പൊലീസുകാര്‍ എന്നിവരെയാണ് രാജകുമാരനും സംഘവും താമസിക്കുന്ന ലേക് റിസോര്‍ട്ടിലും കായലിലും സമീപപ്രദേശങ്ങളിലും വിന്യസിച്ചിട്ടുള്ളത്. ഇതുകൂടാതെ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡുകളും എത്തും. കോട്ടയം ജില്ലാ പൊലീസ് മേധാവി എന്‍.പി.ദിനേശിനാണ് സുരക്ഷാ ചുമതല. കൊച്ചിയില്‍നിന്ന് രാജകുമാരനെ റോഡ് മാര്‍ഗ്ഗം എത്തിക്കുന്നതിന്റെ വാഹനവ്യൂഹം റിഹേഴ്‌സലും നടത്തി.
ബ്രിട്ടനില്‍ നിന്നെത്തുന്ന ഷെഫ് ആയിരിക്കും ചാള്‍സ് രാജകുമാരനും കാമില്ല പാര്‍ക്കര്‍ക്കും ഭക്ഷണം തയ്യാറാക്കുക. രാജകുമാരനും സംഘത്തിനും താമസിക്കാന്‍ റിസോര്‍ട്ടില്‍ 40 മുറികളാണ് തയ്യാറാക്കിയിട്ടുള്ളത്. ഇവിടെ കൂടുതല്‍ നിരീക്ഷണ ക്യാമറകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയുടെ സന്ദര്‍ശനത്തോടെയാണ് കുമരകം അന്താരാഷ്‌ട്ര ശ്രദ്ധ നേടിയത്. ഇതിനുശേഷമാണ് അന്യദേശങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പോലും ഇങ്ങോട്ട് എത്തിത്തുടങ്ങിയത്.
















