പാലാ: മിനി സിവില്‍ സ്റ്റേഷനില്‍ ലിഫ്റ്റ് തകരാറിലായി, ജീവനക്കാരന് ഉള്ളില്‍ കുടുങ്ങി. അര മണിക്കൂറോളം സമയം അകത്ത് അകപ്പെട്ട് ശ്വാസതടസ്സം നേരിട്ട ജീവനക്കാരനെ ഫയര്‍ ഫോഴ്സ് എത്തി രക്ഷപെടുത്തി. താലൂക്ക് ഓഫീസിലെ ജീവനക്കാരന് ഷാജുവാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ലിഫ്റ്റില്‍ അകപ്പെട്ടത്. അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന അസി. രജിസ്ട്രാര്‍ ഓഫീസില്‍ രേഖകള്‍ എത്തിച്ച ശേഷം ഷാജു ലിഫ്റ്റില്‍ താഴത്തെ നിലയില്‍ എത്തിയിട്ടും വാതില്‍ തുറക്കാനാവാതെ വരുകയായിരുന്നു. വീണ്ടും മുകളിലെ മറ്റ് നിലകളിലേയ്ക്ക ലിഫ്റ്റ് വിട്ടിട്ടും അവിടെയൊന്നും വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. വീണ്ടും താഴത്തെ നിലയിലെത്തിയ ശേഷം മൊബൈല്‍ ഫോണില്‍ സഹപ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ നേരിയ തോതില്‍ ശ്വാസതടസം അനുഭവപ്പെട്ട ഷാജുവിന് ജീവനക്കാര്‍ ചേര്‍ന്ന് ലിഫ്റ്റിന്റെ വാതില്‍ കമ്പി ഉപയോഗിച്ച് അകത്തി മാറ്റി വായുസഞ്ചാരമൊരുക്കി. തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തി വാതില്‍ പാളികള്‍ വലിച്ചുമാറ്റിയശേഷം മൂന്നരയോടെ ജീവനക്കാരനെ പുറത്തിറക്കുകയായിരുന്നു.
രണ്ട് വര്‍ഷത്തോളമായി പ്രവര്‍ത്തനരഹിതമായി കിടന്ന ലിഫ്റ്റ് ഇന്നലെ മുതല്‍ പ്രവര്‍ത്തനക്ഷമമാണെന്ന് കാട്ടി പിഡബ്ലുഡി അധികൃതര്‍ രാവിലെ തഹസീല്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ജീവനക്കാരന് ലിഫ്റ്റില്‍ കുടുങ്ങിയത്. ഇതിന് മുന്‍പ് അഞ്ചോളം തവണ സിവില്‍ സ്റ്റേഷനില്‍ ലിഫ്റ്റ് തകരാറിലായി ആളുകള്‍ കുടുങ്ങിയിട്ടുണ്ട്. അപ്പോഴെല്ലാം ഫയര്‍ഫോഴ്സ് എത്തിയാണ് ഉള്ളില്പെട്ടവരെ പുറത്തിറക്കിയിരുന്നത്. പ്രവര്‍ത്തനക്ഷമമല്ലാത്ത ലിഫ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
അഞ്ച് നിലകളുള്ള സിവില്‍സ്റ്റേഷനില്‍ മുകള്‍ നിലയിലെത്താന്‍ ജീവനക്കാരും പൊതു ജനങ്ങളും ഏറെ കഷ്ടപ്പെടുകയാണ്. അടുത്തയിടെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന സെയില്‍ ടാക്സ് ഓഫീസിലെ പാര്‍ട് ടൈം ജീവനക്കാരിക്ക് നടയില്‍ കാല് വഴുതി വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലാത്ത ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: