ഒരാളുടെ മനസ്സിലേക്ക് ആദ്യം കുടിയിരിക്കുന്ന ഗാനവും അയാള്‍ ആദ്യം കാണുന്ന സിനിമയും അയാളുടെ ജീവിതത്തെ വളരെയധികം സ്വീധീനിക്കുമെന്നു ചിലര്‍ പറയാറുണ്ട്. ആ നിലയ്ക്കു നോക്കുമ്പോള്‍ പലരുടെയും മനസ്സിലേക്ക് കുടിയേറുകയും ആസ്വാദനത്തിന്റെ ഉയര്‍ന്ന തലങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്ത ഗാനമാണ് “ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍ പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു….” എന്നത്. വരികളുടെ അര്‍ത്ഥസംപുഷ്ടി മാത്രമല്ല ആ ഗാനത്തെ മഹത്താക്കുന്നത്. ദക്ഷിണാമൂര്‍ത്തിയെന്ന സംഗീതജ്ഞന്റെ ദൈവീകമായ ഈണംകൂടി ചേരുമ്പോഴാണ് ആ ഗാനം പൊന്നോടക്കുഴലില്‍ നിന്ന് തുളുമ്പിവരുന്നത്. 1970ല്‍ പുറത്തിറങ്ങിയ സ്ത്രീ എന്ന ചലച്ചിത്രത്തിനുവേണ്ടിയാണ് ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ ഈ പാട്ട് ചിട്ടപ്പെടുത്തുന്നത്. പി.ഭാസ്കരന്റെ രചനയില്‍ ബേഗഡ രാഗത്തില്‍ യേശുദാസ് പാടി…..
“മാനത്തെ മട്ടുപ്പാവില്‍ താരകാനാരിമാരാ
ഗാനനിര്‍ഝരി കേട്ടു തരിച്ചുനിന്നു
നീലമാമരങ്ങളില്‍ ചാരിനിന്നിളം തെന്നല്‍
താളമടിക്കാന്‍പോലും മറന്നുപോയി….” ബേഗഡയുടെ രാഗച്ഛായയില്‍ സ്വാമി കൊത്തിയെടുത്ത മനോഹര ശില്പമായിരുന്നു ഈ ഗാനം. ഒരിക്കല്‍ വൈക്കത്തപ്പനെ ഭജനമിരിക്കാന്‍ വൈക്കത്തെത്തിയ ദക്ഷിണാമൂര്‍ത്തിക്കൊപ്പം ചിലവിട്ട നിമിഷങ്ങള്‍ ജീവിതത്തിലെ അമൂല്യാനുഭവമായി ഈ ലേഖകന്‍ കണക്കാക്കുന്നതും അന്നും സ്വാമിക്കൊപ്പം ബേഗഡ രാഗത്തിലെ ഈ ഗാനമുണ്ടായിരുന്നതിനാലാണ്. സ്വാമിയുടെ പാട്ടുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ആദ്യം നാവിലെത്തുന്നതും “ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…” എന്ന ഗാനമാണ്. അതിനാല്‍ തന്നെ വൈക്കത്തെ കൂടിക്കാഴ്ചയില്‍ സ്വാമിയോട് മടിച്ചാണെങ്കിലും ഈ പാട്ടിനെക്കുറിച്ച് ചോദിച്ചു. പാട്ടിനെക്കുറിച്ച് അധികമൊന്നും അദ്ദേഹം സംസാരിച്ചില്ലെങ്കിലും വായിലെ മുറുക്കാന്‍ നീട്ടി തുപ്പിയിട്ട്, തൊണ്ട ശരിയാക്കി അദ്ദേഹം പാടി….
“……ഇന്നലെയൊരു നവവാസരസ്വപ്നമായ് നീ
എന്‍ മനോമുകരത്തില്‍ വിരുന്നു വന്നു
ചൈത്രസുഗന്ധത്തിന്റെ താലവൃന്ദത്തിന്‍ കീഴില്‍
മദ്ധ്യാഹ്നമനോഹരി മയങ്ങിടുമ്പോള്‍
മുന്തിരിക്കുലകളാല്‍ നൂപുരമണിഞ്ഞെത്തും
സുന്ദരവസന്തശ്രീയെന്നപോലെ
മുഗ്ദ്ധാനുരാഗത്തിന്റെ പാനഭാജനം നീട്ടി
നൃത്തവിലാസിനി നീ അരികില്‍ വന്നൂ….”
പഴയ ചലച്ചിത്രഗാനങ്ങളെന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് അന്നും ഇന്നും ആദ്യം കുടിയേറാന്‍ ഈ വരികളോടിയെത്തും. വൈക്കത്തപ്പന്റെ സമീപത്തുവച്ച് സാക്ഷാല്‍ ദക്ഷിണാമൂര്‍ത്തിയുടെ ശബ്ദത്തില്‍ തന്നെ പാട്ടു കേള്‍ക്കാനിടയായ ശേഷം പിന്നീടെപ്പോഴും ആ സ്വരവും പാട്ടിനൊപ്പം മനസ്സില്‍ സ്ഥാനം പിടിച്ചു. ദക്ഷിണാമൂര്‍ത്തി അന്തരിച്ചു എന്ന വാര്‍ത്ത കേട്ടപ്പോഴും മരണത്തെക്കുറിച്ചല്ല ആദ്യം ചിന്തിച്ചത്. ഈ പാട്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ പാട്ടുകളേതൊക്കെയാണെന്ന് ആരോക്കയോ ചോദിച്ചപ്പോഴും, മറ്റ് നിരവധി പാട്ടുകളുണ്ടായിട്ടും ചുണ്ട് മന്ത്രിച്ചതും ശബ്ദമായി പുറത്തേക്ക് ഒഴുകിയെത്തിയതും ഇതു തന്നെയായിരുന്നു,
“….മാമകകരാംഗുലീ ചുംബനലഹരിയില്‍
പ്രേമസംഗീതമായ് നീ പുറത്തുവന്നു”
തൊണ്ണൂറ്റിനാലാം വയസ്സിലെ വിയോഗം ഒരിക്കലും അകാലത്തിലുള്ളതല്ല. എന്നാല്‍ അദ്ദേഹത്തിന്റെ സംഗീതത്തിന് ഒരിക്കലും വയസ്സാകാത്തതിനാല്‍ ആ സംഗീതസാഗരം അകാലത്തില്‍ ഇല്ലാതായെന്ന് തന്നെ പറയുന്നതില്‍ തെറ്റില്ല. 1950ല്‍ കെആന്റ്കെ പ്രൊഡക്ഷന്‍സിന്റെ ‘നല്ലതങ്ക’യില്‍ തുടങ്ങി 1987ലെ ഇടനാഴിയില്‍ ഒരുകാലൊച്ച വരെയുള്ള മുപ്പത്തിയേഴ് വര്‍ഷക്കാലത്തിനിടയില്‍ ഒരുപാട് നല്ലഗാനങ്ങള്‍ അദ്ദേഹം മലയാളിക്ക് സമ്മാനിച്ചു. അദ്ദേഹത്തിന്റെ പാട്ടുകളുടെ പട്ടിക പരിശോധിക്കുമ്പോള്‍ അദ്ഭുതം കൊള്ളുന്നവരാണ് പുതിയ തലമുറ. ഇത്രമനോഹരമായ പാട്ടുകള്‍ ഈ മനുഷ്യന്റെ ചിട്ടപ്പെടുത്തലുകളിലൂടെ എങ്ങനെയുണ്ടായെന്ന അദ്ഭുതം. അതിന് പലതവണ ദക്ഷിണാമൂര്‍ത്തി തന്നെ മറുപടിയും നല്‍കിയിട്ടുണ്ട്.
സംഗീതത്തിന്റെ മൂലം ഭക്തിയാണെന്നാണ് അദ്ദേഹം വിശ്വസിച്ചത്. ഭക്തി നിറച്ചാണ് ഓരോപാട്ടും ചിട്ടപ്പെടുത്തിയത്. ജപംകൊണ്ടു മാത്രമേ നാദത്തെ നിലനിര്‍ത്താന്‍ കഴിയൂ എന്നും അദ്ദേഹം സ്ഥാപിച്ചു. കാലം മാറിയാലും സംഗീതം മാറ്റമില്ലാതെ നിലനില്ക്കുന്നതിന്റെ കാരണം ഈ ദൈവീകതയാണ്.
സംഗീതത്തെ മാറ്റാന്‍ കാലത്തിനു കഴിയുകയുമില്ല. രാഗവും താളവും പിഴച്ചാലും ഭക്തി പിഴക്കരുതെന്ന ശാഠ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഭക്തിയോടെ പാടിയാല്‍ സംഗീതം തങ്കവിഗ്രഹം പോലെ തിളങ്ങും. കാലത്തിനൊപ്പം സംഗീതത്തിനു മുന്നില്‍ താനും തൊഴുതി നില്ക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നാദങ്ങള്‍ ഈശ്വരന്റെതാണ്. ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന നാദത്തിന്റെ ചെറിയൊരു അംശമാണ് നാം ആവാഹിച്ചെടുക്കുന്നത്.
ആവാഹിച്ചതിലും കൂടുതലായി എത്രയോ വിസ്തൃതിയിലാണ് അത് വ്യാപിച്ചു കിടക്കുന്നതെന്നും അദ്ദേഹം വിശ്വസിച്ചു. എന്തും ഭക്തികൊണ്ട് സ്വായത്തമാക്കാമെന്ന് ദക്ഷിമാമൂര്‍ത്തി നമുക്ക് കാട്ടിത്തന്നു. വൈയ്ക്കത്തപ്പന്റെ മുന്നിലും ശ്രീകണ്ഠേശ്വരനുമുന്നിലും തഞ്ചാവൂരും നിന്ന് കീര്‍ത്തനങ്ങള്‍ ആലപിക്കുമ്പോള്‍ ഉദാത്ത ഭക്തിക്കൊപ്പം ലോകോത്തര സംഗീതം കൂടി ലയിപ്പിക്കുകയായിരുന്നു അദ്ദേഹം.
സിനിമയിലെ ഗാനങ്ങള്‍ക്ക് രാഗത്തിന്റെ ആത്മാവും ഓജസ്സും നല്കിയ നല്കിയ സംഗീതജ്ഞനായിരുന്നു അദ്ദേഹം. രാഗം, സ്വാമിയുടെ പ്രാണവായുവായിരുന്നു. പതിമൂന്നാമത്തെ വയസ്സില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണന്റെ മുമ്പില്‍ സ്വാമി തുടങ്ങിയത് വിഘ്നേശ്വരവന്ദനമായിരുന്നു. മലയാളത്തിലെ സംഗീത സംവിധായകര്‍ക്കിടയില്‍ സ്വാമിയെ വ്യതിരിക്തനാക്കിയതും അത് തന്നെയാണ്. രാഗം വിട്ടൊരു ശൈലിക്കും അദ്ദേഹം തയ്യാറായിരുന്നില്ല. ചില രാഗങ്ങള്‍ അദ്ദേഹത്തിനു ഓക്സിജന്‍ പോലെയായിരുന്നു. ഖരഹരപ്രിയ സ്വാമിയുടെ സന്തത സഹചാരിയായിരുന്നു. ഉത്തരാസ്വയംവരം കഥകളി കാണാന്‍…, മനോഹരി നിന്…., ദേവവാഹിനി…, അശോകപൂര്‍ണ്ണിമ… തുടങ്ങിയ ഗാനങ്ങള്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നു.
രാഗങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വി. ദക്ഷിണാമൂര്‍ത്തി എന്ന സംഗീത സംവിധായകന്റെ പ്രാഗദ്ത്ഭ്യം കാണുന്നത് അദ്ദേഹം ഒരേ രാഗത്തില്‍ ചെയ്ത പല പാട്ടുകളും എങ്ങിനെ ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കുന്നു എന്ന് നോക്കുമ്പോഴാണ്. ആഭേരിയില്‍ അദ്ദേഹം ചെയ്ത അഞ്ചു പാട്ടുകള്‍ നോക്കിയാല്‍ മതി.
‘ഹൃദയസരസ്സിലെ പ്രണയപുഷ്പമേ, ‘സ്വപ്നസുന്ദരീ നീയൊരിക്കലെന്‍, ‘കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി, ‘ഏകാന്തജീവനില്‍ ചിറകുകള് മുളച്ചു, ‘സന്ധ്യയ്ക്കെന്തിനു സിന്ദൂരം ഇവ ഓരോന്നും ആ രാഗത്തിന്റെ വിവിധ ഭാഗങ്ങള്‍ നമുക്ക് കാട്ടിത്തരുന്നു. എന്നാല്‍ ഓരോന്നും വ്യത്യസ്തമായി നില്‍ക്കുകയും ചെയ്യുന്നു.
യേശുദാസിന് ഓര്‍മ്മിക്കാനും ദാസിനെ ആസ്വാദകര്‍ക്ക് ഓര്‍ക്കാനും നിരവധി ഗാനങ്ങള്‍ അദ്ദേഹം നല്കി. അതില്‍ പലതും ക്ലാസ്സിക്കല്‍ ഗരിമയുള്ളതായിരുന്നു. അതില്‍ ഒരൊറ്റ ഗാനം മതി യേശുദാസെന്ന ഗായകനെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍. “പൊന്‍വെയില്‍ മണിക്കച്ച അഴിഞ്ഞു വീണു….” എന്നത്. നൃത്തശാല എന്ന സിനിമയിലെ പാട്ടായിരുന്നു അത്. ജയചന്ദ്രന് എന്ന ഭാവഗായകന്റെ ജീവിത്തില്‍ ഒരൊറ്റ പാട്ടുകൊണ്ട് സ്വാമി മാന്ത്രികമായൊരു സുവര്‍ണ്ണകാലം പണിതു. മുത്തശ്ശിയിലെ ‘ഹര്‍ഷബാഷ്പം തൂകി….’ എന്ന ഗാനം മലയാളി ഉള്ള കാലത്തോളം മറക്കാന്‍ കഴിയില്ല.
പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര സൗരഭ്യം നിറക്കുന്ന പാട്ടുകളാണ് ദക്ഷിണാമൂര്‍ത്തിയുടെ സാഗീത സംവിധാനത്തിലൂടെ മലയാളി അനുഭവിച്ചത്. സംഗീതസംവിധാനത്തിലെ സജീവത ഇടനാഴിയില്‍ ഒരു കാലൊച്ചയിലെ “വാതില്‍ പഴുതിലൂടെ….” എന്ന ഗാനത്തോടെ നിലച്ചെങ്കിലും തൊണ്ണൂറാം വയസ്സിലും സ്വാമി സംഗീതസംവിധാനം ചെയ്യാന്‍ തയ്യാറായി. രഞ്ജിത്ത് സംവിധാനം ചെയ്ത മിഴികള്‍ സാക്ഷിയായിരുന്നു അവസാന ചിത്രം. തൊണ്ണൂറ്റിനാലാം വയസ്സിലെ മരണം അനിവാര്യമായതാണെന്ന് ആശ്വസിക്കുമ്പോഴും അതിലും വലിയ ആശ്വാസമാകുന്നത് ബേഗഡ രാഗത്തിന്റെ സൗന്ദര്യം നിറച്ച “……ഇന്നലെയൊരു നവവാസരസ്വപ്നമായ് നീ
എന്‍ മനോമുകരത്തില്‍ വിരുന്നു വന്നു…” എന്ന ഈണമാണ്. ആ ഈണത്തിന് ഒരിക്കലും മരണമില്ല.
e-mail: [email protected]
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: