കൊല്‍ക്കത്ത: മഹാകവി രവീന്ദ്രനാഥ ടാഗോറിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരില്‍ സ്വര്‍ണ നാണയങ്ങള്‍ വിപണിയില്‍. ടാഗോറിന്റെ 152-ാം ജന്മ വാര്‍ഷികദിനത്തോടനുബന്ധിച്ചാണ് സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കിയത്. ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ തനിഷ്ക് ജ്വല്ലറി വിംഗാണ് നാണയങ്ങള്‍ വിപണിയിലെത്തിക്കുന്നത്. ടാഗോറിന്റെ ചിത്രവും പേരും ആലേഖനം ചെയ്ത രണ്ട് ഗ്രാമിന്റെയും അഞ്ച് ഗ്രാമിന്റെയും എട്ട് ഗ്രാമിന്റെയും നാണയങ്ങളാണ് വിപണിയിലെത്തിയത്.
ടാഗോറിന്റെ അപൂര്‍വ്വ ചിത്രങ്ങളും കത്തുകളും രചനകളുമടങ്ങിയ ഒരു ബുക്ക്ലെറ്റും സ്വര്‍ണനാണയത്തോടൊപ്പം ലഭിക്കും. ടാഗോറിനെ ആദരിക്കാനുള്ള നല്ല മാര്‍ഗങ്ങളില്‍ ഒന്നാണിതെന്ന് അദ്ദേഹത്തിന്റെ ചെറുമകന്റെ മകന്‍ സുപ്രിയോ ടാക്കൂര്‍ പ്രതികരിച്ചു. പശ്ചിമബംഗാളുമായി സാംസ്ക്കാരിക ബന്ധം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് വി. ഗണേഷ് പറഞ്ഞു.
ടാഗോറിന് നൊബേല്‍ സമ്മാനം ലഭിച്ചതിന്റെ നൂറാം വാര്‍ഷികവും സംസ്ഥാനത്ത് ആഘോഷിക്കുകയാണ്. 1913 ലാണ് ടാഗോറിന്റെ ഗീതാഞ്ജലിക്ക് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട ടാഗോര്‍ കവിതകളും അദ്ദേഹത്തിന്റെ കൃതികളുടെ വ്യാഖ്യാനവും അടങ്ങുന്ന സിഡി പുറത്തിറക്കി. പ്രശസ്ത സംഗീതജ്ഞരായ ഉസ്താദ് റഷീദ് ഖാന്‍, ലോപമുദ്ര മിത്ര, ഉഷാ ഉതുപ്പ്, റസ്വാന ചൗധരി ബന്യ, ശ്രീകാന്ത ആചാര്യ, മനോജ് മുരളി നായര്‍ തുടങ്ങിയവരാണ് ടാഗോര്‍ കവിതകള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.
















