പനാജി: കേന്ദ്രസര്‍ക്കാര്‍ ഭീകരതയെ ചെറുക്കാനായി ആവിഷ്കരിക്കുന്ന ദേശീയ ഭീകര വിരുദ്ധ കേന്ദ്രത്തിനെതിരെ മുന്‍ റോ മേധാവി അംബര്‍ സെന്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെന്ന് വെളിപ്പെടുത്തല്‍. അത്തരം സംവിധാനം ഇന്ത്യക്ക് ആവശ്യമില്ലെന്നായിരുന്നത്രെ റോ മേധാവിയുടെ നിലപാട്. പാര്‍ലമെന്ററി കമ്മറ്റിയും കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗിന്റെ മുന്‍ പ്രത്യേക സെക്രട്ടറി കൂടിയായ അംബര്‍ സെന്‍ ശനിയാഴ്ച ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് ഇത് പറഞ്ഞത്. രഹസ്യാന്വേഷണ വിഭാഗത്തിലെയും റോയിലെയും നിലവിലെ ഒഴിവുകള്‍ നികത്തിയാല്‍ മാത്രം മതി. അതോടെ ഇരു സ്ഥാപനങ്ങള്‍ക്കും ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കും. നാല്‍പ്പത്-അമ്പത് വര്‍ഷത്തെ അനുഭവസമ്പത്തുള്ള സ്ഥാപനങ്ങള്‍ നിലവിലിരിക്കെ എന്തിനാണ് പുതിയ സ്ഥാപനം ആരംഭിക്കുന്നത് ? സുരക്ഷാ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ട ഉപദേശങ്ങള്‍ നല്‍കുന്ന ദേശീയ സുരക്ഷാ സമിതിയിലെ തന്ത്രപരമായ മുന്‍ ബൗദ്ധിക ഉപദേശി കൂടിയായ അദ്ദേഹം ചോദിച്ചു.
ഐബിയില്‍ ഇപ്പോള്‍ ഇരുപതിനായിരം പേരുടെ ഒഴിവുകളുണ്ട്. റോയിലാകട്ടെ 3000 പേരുടെ ഒഴിവുകളും. ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും ആവശ്യത്തിന് ഉദ്യോഗസ്ഥരെ നല്‍കിയാല്‍ അത് തന്നെ ധാരാളം, സെന്‍ ചൂണ്ടിക്കാട്ടി. പുതിയ രഹസ്യാന്വേഷണ സ്വഭാവമുള്ള സ്ഥാപനം തുടങ്ങുന്നത് നീണ്ട പദ്ധതിയാണെന്നും അത് ഒരുപാട് സമയം അപഹരിക്കുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിലേക്ക് പുതുതായി ആളെ എടുക്കുന്നതിന് പകരം ഐബി, റോ എന്നിവിടങ്ങളിലെ ഒഴിവുകള്‍ നികത്തി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയാല്‍ ഇപ്പോഴത്തെ വെല്ലുവിളികള്‍ നേരിടാന്‍ സാധിക്കുമെന്നും സെന്‍ വ്യക്തമാക്കി. മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ ഭീകരവിരുദ്ധ കേന്ദ്ര ആരംഭിക്കാനുള്ള ആലോചനകള്‍ തുടങ്ങി വച്ചത്. എല്ലാവിധ ഭീകരപ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കാനും അതിനെതിരായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും ഒരു ഫെഡറല്‍ സംവിധാനം വേണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
എന്നാല്‍ ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ പേരു പറഞ്ഞ് കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കൈകടത്താനാണ് കേന്ദ്രശ്രമമെന്ന് ആരോപിച്ച് നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
















