ദല്‍ഹി:ആഭ്യന്തര സുരക്ഷ, പോലീസ് പരിഷ്കരണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ സമ്മേളനം ദല്‍ഹിയില്‍ ഇന്ന് നടക്കും. കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് സൂചന. കേരളത്തില്‍നിന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പകരക്കാരനായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ദേശീയ ഭീകര വിരുദ്ധ കേന്ദ്രം, ഭരണ പരിഷ്കരണ കമ്മീഷന് റിപ്പോര്‍ട്ട് തുടങ്ങിയവയും യോഗം ചര്‍ച്ച ചെയ്യും. സുശീല്‍ കുമാര്‍ ഷിന്‍ഡെ ആഭ്യന്തരമന്ത്രിയായ ശേഷം ആദ്യമായാണ് ആഭ്യന്തരമന്ത്രാലയം മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നത്
പ്രധാനമന്ത്രി ജര്‍മ്മന്‍ പര്യടനത്തിലായതിനാല്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യില്ല. ആഭ്യന്തര സുരക്ഷ സംബന്ധിച്ച കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. പോലീസ് പരിഷ്കരണം, ക്രമസമാധാന പാലനം, പട്ടികവിഭാഗങ്ങളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും. കേന്ദ്രസര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ദേശീയ ഭീകര വിരുദ്ധ കേന്ദ്രം സംബന്ധിച്ചും ചര്‍ച്ചയുണ്ടായേക്കും. കോണ്‍ഗ്രസ് ഇതര സംസ്ഥാന സര്‍ക്കാരുകള്‍ എന്സിപിസിയെ എതിര്‍ക്കുകയാണ്.
ചില വ്യവസ്ഥകള്‍ എടുത്തുകളഞ്ഞ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കില്ലെന്നും പരിശോധനകള്‍ നടത്തും മുമ്പ് പോലീസിനെ അറിയിക്കുമെന്നും കേന്ദ്രം യോഗത്തില്‍ വ്യക്തമാക്കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: