ഒട്ടാവ : ബ്രാംപ്ടണിലെ ഹിന്ദുസഭാ മന്ദിറിൽ നവംബർ 3 ന് ഖാലിസ്ഥാൻ ഭീകരർ അക്രമം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ബ്രാംപ്ടൺ നിവാസിയെ കനേഡിയൻ പീൽ പോലീസ് അറസ്റ്റ് ചെയ്തു. ബ്രാംപ്ടൺ സ്വദേശിയായ ഇന്ദർജീത് ഗോസലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നഗരത്തിലെ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് നടന്ന അക്രമാസക്തമായ പ്രകടനത്തിനിടെ ആയുധം ഉപയോഗിച്ച് ഇന്ദർജീത് ക്ഷേത്രത്തിന് നേർക്ക് ആക്രമണം നടത്തുന്നത് വീഡിയോയിൽ കാണപ്പെട്ടതായി പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് കുടുക്കിയത്.
കാനഡയിലെ സിഖ് ഫോർ ജസ്റ്റിസ് കോർഡിനേറ്ററാണ് ഗോസൽ എന്ന് ടൊറൻ്റോ സ്റ്റാർ ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ ഖാലിസ്ഥാനെ പിന്തുണച്ച് ബാനറുകൾ പിടിച്ചിരിക്കുന്ന നിരവധി പ്രകടനക്കാരെ കാണാനാകുമെന്നും പോലീസ് പറഞ്ഞു. ഇവർ ക്ഷേത്രത്തിന് നേർക്ക് വടികൾ കൊണ്ട് അടിക്കുന്നതും വീഡിയോകളിൽ കാണാനാകും. അതേ സമയം അക്രമവുമായി ബന്ധപ്പെട്ട് നടന്ന നിരവധി കുറ്റകൃത്യങ്ങൾ പോലീസ് അന്വേഷിക്കാൻ തുടങ്ങിയിട്ടുണ്ട്.
അതേ സമയം നവംബർ 3, 4 തീയതികളിൽ നടന്ന ക്രിമിനൽ സംഭവങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും കനേഡിയൻ പോലീസ് പറഞ്ഞു.
നവംബർ 3 ന് ഖാലിസ്ഥാനി പതാകകളുമായെത്തിയ പ്രതിഷേധക്കാർ ക്ഷേത്ര അധികാരികളും ഇന്ത്യൻ കോൺസുലേറ്റും സഹകരിച്ച് സംഘടിപ്പിച്ച കോൺസുലാർ പരിപാടി തടസ്സപ്പെടുത്തുകയും ആളുകളുമായി ഏറ്റുമുട്ടുകയും ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: