ബെംഗളൂരു : ഐ.ടി. നഗരമായ ബെംഗളൂരുവിനെയും തുറമുഖനഗരമായ മംഗളൂരുവിനെയും ബന്ധിപ്പിച്ചുള്ള എക്സ്പ്രസ് വേ പദ്ധതിയുടെ പ്രാരംഭ നടപടി പുരോഗമിക്കുന്നു. ബെംഗളൂരുവിൽ നിന്ന് ഹാസൻ വഴി മംഗളൂരുവിലേക്ക് 335 കിലോമീറ്റർ നീളമുള്ള ആറു പാത നിർമിക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ പദ്ധതി. വിശദ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കുന്നതിനായി വിളിച്ച ടെൻഡറുകൾ കഴിഞ്ഞദിവസം തുറന്നു. ഒൻപത് കമ്പനികളാണ് ടെൻഡർ നൽകിയിരിക്കുന്നത്. സാങ്കേതിക പരിശോധനകൾക്കുശേഷം ടെൻഡർ ഉറപ്പിക്കാനുള്ള നടപടിയിലേക്ക് നീങ്ങും. പദ്ധതിയുടെ നടപടി ക്രമങ്ങൾ പൂർത്തിയായാൽ 2028-ഓടെ പാതയുടെ നിർമാണം ആരംഭിക്കും.
പശ്ചിമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന പാതയിൽ ചുരം റോഡുകൾക്ക് പകരം കരയിലൂടെയുള്ള പാലങ്ങൾ (വയഡക്ട് ) നിർമിക്കും. ഹാസൻ അടക്കമുള്ള ചില നഗരങ്ങളെ ഒഴിവാക്കി ബൈപാസ് റോഡുകളും നിർമിക്കും. നിലവൽ ഇരു നഗരങ്ങളെയും ബന്ധിപ്പിക്കുന്ന പാതയുടെ (NH 75) ദൂരം 352 കിലോമീറ്ററും യാത്രാസമയം ഏഴു മണിക്കൂറുമാണ്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാസമയം മൂന്നരമണിക്കൂറായി ചുരുങ്ങുമെന്നാണ് പ്രതീക്ഷ. യാത്രാസമയം കുറയുന്നത് തെക്കൻകർണാടകത്തിന്റെയും കർണാടകത്തിന്റെ കടലോരമേഖലകളുടെയും വികസനത്തിന് നാഴികക്കല്ലാകും.
നിലവിലെ പാത കടന്നുപോകുന്ന ഹാസനിലെ ഷിറാഡി ചുരത്തിൽ മഴക്കാലങ്ങളിൽ മണ്ണിടിഞ്ഞുണ്ടാകുന്ന ഗതാഗത തടസ്സത്തിനും പരിഹാരമാകും. ബെംഗളൂരുവിൽ നിന്നും മംഗളൂരു വഴി കാസറഗോഡേക്ക് അഞ്ചു മണിക്കൂറിനുള്ളിൽ എത്തിച്ചേരാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: