അധികാര വടംവലിയും ഗോത്രക്കലാപങ്ങളും ചോരപ്പുഴയൊഴുക്കുന്ന ഒരു നാട്ടില്‍ എത്രനാള്‍ സഹിച്ചും ക്ഷമിച്ചും കഴിയും. ഒരുപാട് പറ്റില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു കഴിഞ്ഞു ഈ സ്ത്രീകള്‍. കേരളത്തിലോ ദല്‍ഹിയിലോ അല്ല ഇത്. അപരിഷ്കൃതരുടെ നാടെന്ന് നാം ധരിക്കുന്ന സുഡാനിലാണ് സംഭവം. ദക്ഷിണസുഡാനിലെ ജോംങ്ങ്ലിയില് 20 മാസത്തിനുള്ളില്‍ വിവിധ സംഘര്‍ഷങ്ങളിലായി 2,600 പേര് കൊല്ലപ്പെട്ടപ്പോഴാണ് ഇനിയും കൈ കെട്ടി ഈ അക്രമം നോക്കി നില്‍ക്കില്ലെന്ന് ഇവിടുത്തെ സ്ത്രീകള്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനായി തങ്ങള്‍ക്കെന്ത് ചെയ്യാനാകുമെന്ന് ചര്‍ച്ച ചെയ്യാന്ഒരു യോഗം തന്നെ വിളിച്ചുചേര്‍ത്തു ഇവര്‍. നൂറോളം സ്ത്രീകള്‍ യോഗത്തില്‍ പങ്കെടുത്തു. അടുത്തിടെ നടന്ന ആക്രമണത്തില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗങ്ങളായ ആറ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതില്‍ യോഗം ഖേദം രേഖപ്പെടുത്തി. എന്ത് വിലകൊടുത്തും അക്രമങ്ങള്‍ക്ക് അറുതി വരുത്തി സ്വന്തം നാട്ടില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്ന ആവശ്യമാണ് യോഗത്തില്‍ ഉയര്‍ന്നത്. രക്തച്ചൊരിച്ചിലുകള്‍ കണ്ട് കണ്ണുനീര് തൂകാതെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങാന്‍ തീരുമാനിച്ചു ഇവര്‍.
“സമാധാനത്തെക്കുറിച്ച് പറയുകല്ല അത് നില നിര്‍ത്തുകയാണ് വേണ്ടത്. ഞങ്ങള്‍ ഓരോ സ്ത്രീകളോടും പറയും സമാധാനപ്രവര്ത്തകരാകാന്. ഇതിനായി ഒരു കര്‍മ്മപദ്ധതി തയ്യാറാക്കി ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച് ഓരോ സ്ത്രീകളെയും അതില്‍ ഭാഗഭാക്കുകക്കും” -സംസ്ഥാനത്തെ പ്രമുഖ വനിതാ നേതാവ് ആന്‍ ലിനോ പറഞ്ഞു.
വിഭാവന ചെയ്തിരിക്കുന്ന മഹാസംരംഭത്തിനായി അമ്മമാരോട് ഇവര്‍ ഇങ്ങനെ അഭ്യര്‍ത്ഥിച്ചു- നിങ്ങളുടെ പുത്രന്മാര്ക്ക് നല്ല വിദ്യാഭ്യാസം നല്‍കൂ. നിങ്ങളുടെ ഗ്രാമത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് കണ്ണു തുറന്നു വീക്ഷിക്കൂ. അരുതാത്തത് സംഭവിക്കുമ്പോള്‍ അയ്യോ എന്ന് നിലവിളിക്കുകയല്ല വേണ്ടത്.
ഗ്രാമങ്ങളിലെ സ്ത്രീകള്‍ എവിടെയാണെന്നും ഈ വനിതാപ്രവര്‍ത്തകര്‍ ചോദിക്കുന്നു. അക്രമങ്ങളില്‍ നിന്ന് പുത്രന്മാരെ അകറ്റി നിര്‍ത്താന്‍ അമ്മമാര്‍ക്ക് കഴിഞ്ഞാല്‍ നാട്ടില്‍ ശാന്തി നിറയുമെന്ന ബാലപാഠം മനസ്സിലാക്കി പ്രവര്‍ത്തിക്കാനാണ് സുഡാനിലെ ഈ സ്ത്രീകൂട്ടായ്മയുടെ തീരുമാനം. രക്തച്ചൊരിച്ചിലുകളോട് മാത്രമല്ല കാലാകാലങ്ങളായി നില നില്ക്കുന്ന ദുരാചാരങ്ങള്‍ക്കെതിരെയും ഇവര്‍ ശബ്ദമുയര്‍ത്തുകയാണ്. സ്ത്രീധനവ്യവസ്ഥ ശക്തമായ ഒരു സമൂഹത്തില്‍ അതിനെതിരെ പ്രവര്‍ത്തിക്കാനും ഇവര്‍ അഹ്വാനം ചെയ്തുകഴിഞ്ഞു. ഇന്ത്യയിലെ സൈനികരുടെ കുടുംബം മനസ് കൊണ്ടെങ്കിലും ഇവര്‍ക്ക് നന്ദി പറയണം. ഗോത്രവര്‍ഗങ്ങള്‍ നിരന്തരം രക്തച്ചൊരിച്ചില്‍ നടത്തുന്ന ദക്ഷിണ സുഡാനില്‍ രണ്ടായിരത്തിലേറെ ഇന്ത്യന്‍ സൈനികരാണുള്ളതിനാല്.
എന്തായാലും അങ്ങകെലയുള്ള ഒരു ചെറുരാജ്യത്ത് നിന്ന് അത്രയൊന്നും പ്രബുദ്ധരല്ലാത്ത ഒരു വിഭാഗം സ്ത്രീകള്‍ പകര്‍ന്നു നല്‍കുന്നത് ഒരുപാട് മൂല്യമുള്ള ഒരു സന്ദേശമാണ്. പ്രതികരിക്കാന്‍ വേണ്ടി പ്രതികരിക്കുന്ന പരിഷ്കൃത സമൂഹം കേള്‍ക്കട്ടെ ഈ സ്ത്രീകളെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: