അദ്ധ്യാത്മഗുരുവിനാല്‍ സംക്രമിപ്പിക്കപ്പെട്ട് ഒരാത്മാവിലേക്കുവരുന്ന ജ്ഞാനത്തെക്കാള്‍ ഉത്കൃഷ്ടതരവും വിശുദ്ധതരവുമായിട്ടൊ ന്നുമില്ല. ഒരുവന്‍ സിദ്ധയോഗിയായി ക്കഴിഞ്ഞെങ്കില്‍ അത് സ്വയം വന്നുചേരുന്നു, പക്ഷേ അത് പുസ്തകങ്ങളില്‍നിന്നു കിട്ടാവതല്ല. നിങ്ങള്‍ പോയി ലോകത്തിന്റെ നാലു മൂലയ്‌ക്കും തല തല്ലിയേക്കാം ഹിമാലയങ്ങളിലോ അല്‍പിസിലോ കോക്കസ്സിലോ ഗോബി – സഹാറാമരുഭൂമികളിലോ കടലിന്റെ അടിത്തട്ടിലോ തേടിയേക്കാം. പക്ഷേ ഒരു ഗുരുവിനെ കണ്ടെത്തുംവരെ അത് വരില്ല. ഒരു ഗുരുവിനെ കണ്ടെത്തുക, ഒരു കുട്ടിയെപ്പോലെ അവിടുത്തെ പരിചരിക്കുക, അവിടുത്തെ പ്രഭാവത്തിലേക്ക് നിങ്ങളുടെ ഹൃദയം തുറക്കുക, ഗുരുവില്‍ ഈശ്വരനെ അഭിവ്യക്തമായി കാണുക. ഈശ്വരന്റെ അത്യുച്ചമായ അഭിവ്യക്തിയല്ലോ എന്ന് ഗുരുവില്‍ നമ്മുടെ ശ്രദ്ധയെ ഉറപ്പിക്കണം. സാദരശ്രദ്ധ അവിടെ കേന്ദ്രീകരിക്കുംതോറും മനുഷ്യനെന്ന നിലയ്‌ക്കുള്ള ഗുരുവിന്റെ ചിത്രം അലിഞ്ഞുപോകും, ആ ചട്ടക്കൂട് മറയും, യഥാര്‍ത്ഥമായ ഈശ്വരന്‍ അവിടെ ശേഷിക്കുകയും ചെയ്യും. അത്തരം ആദരഭാവത്തോടെ ഗുരുവിങ്കലേക്ക് വരുന്നവരും പ്രേമിക്കുന്നവരും ആയവര്‍ക്ക് സത്യസ്വരൂപനായ പ്രഭു അത്യത്ഭുതവചനങ്ങള്‍ അരുളിചെയ്യുന്നു. ‘നിന്റെ കാലില്‍നിന്ന് ചെരുപ്പഴിച്ച് മാറ്റുക, നീ നില്‍ക്കുന്നിടം പുണ്യഭൂമിയല്ലോ.’ അവിടുത്തെ നാമം ഉച്ചരിക്കപ്പെടുന്ന ഇടം പുണ്യതീര്‍ത്ഥമാണ്. അവിടുത്തെ നാമമുച്ചരിക്കുന്നവനാകട്ടെ അതിലുമേറെ പുണ്യമിയന്നവന്‍! അധ്യാത്മസത്യങ്ങള്‍ ആരില്‍നിന്ന് പുറപ്പെടുന്നുവോ അദ്ദേഹത്തെ എത്രയാദരവോടെ വേണം നാം സമീപിക്കാന്‍. ഈ ഭാവത്തിലാണ് നാം ഉപദേശിക്കപ്പെടേണ്ടത്.
ഈ ലോകത്തില്‍ അത്തരം ഗുരുക്കന്മാര്‍ എണ്ണത്തില്‍ കുറവാണ്, സംശയമില്ല; എങ്കിലും ഈ ലോകം തീരെ അവരെക്കൂടാതെ ഒരിക്കലുമിരിപ്പില്ല. അവര്‍ ലോകത്തില്‍നിന്ന് തീരെ അറ്റുപോയാല്‍ അതിന്റെ ഉണ്മയ്‌ക്കറുതിവരും. അതൊരു ഭയങ്കര നരകമാകും, അങ്ങ് കൊഴിഞ്ഞുപോകും. ഈ ഗുരുക്കന്മാര്‍ മാനവജീവിതത്തിന്റെ സുന്ദരസുമങ്ങളാണ്, അവരാണ് ലോകത്തെ നയിച്ചുകൊണ്ടിരിക്കുന്നത്; അവരുടെ ഹൃദയങ്ങളില്‍നിന്ന് അഭിവ്യക്തമായ കരുത്താണ് സമുദായബന്ധങ്ങളെ ഭദ്രമായി നിലനിര്‍ത്തുന്നത്.
– സ്വാമി വിവേകാനന്ദന്‍
















