ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നിരന്തരം ബിജെപിയെ അപമാനിക്കാന്‍ മനപ്പൂര്‍വ്വം ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ്. ഭിന്നിപ്പും വിവേചനവും അടിസ്ഥാനമാക്കിയുള്ള രാഷ്‌ട്രീയത്തില്‍ ബിജെപി വിശ്വസിക്കുന്നില്ലെന്നും പാര്‍ട്ടിക്കെതിരെയുള്ള ആശങ്ക ദൂരീകരിക്കാന്‍ സഹായിക്കണമെന്നും അദ്ദേഹം മുസ്ലീം സമുദായത്തോട് അഭ്യര്‍ത്ഥിച്ചു. ദല്‍ഹിയില്‍ തന്നെ കാണാനെത്തിയ മുസ്ലീം നേതാക്കളോടായിരുന്നു രാജ്നാഥ് സിംഗിന്റെ അഭ്യര്‍ത്ഥന. അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഏതെങ്കിലും രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കിയതായി ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ഇടയില്‍ ബിജെപി ശത്രുത ഉണ്ടാക്കുന്നു എന്നാണ് പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിക്കുന്നതെന്നും ഇത് ദൂരീകരിക്കാന്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് മാത്രമേ കഴിയുകയുള്ളുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ദല്‍ഹിയില്‍ നിന്ന് ഇതിനായി തുടക്കം കുറിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആദര്‍ശമല്ല ബിജെപിയുടേതെന്നും മനുഷ്യത്വവും നീതിയും ആധാരമാക്കിയുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്ത് എത്രയോ കലാപങ്ങള്‍ നടന്നിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി. ബിജെപി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് കലാപം നടക്കുന്നുണ്ടോ എന്നും പാര്‍ട്ടിക്കെതിരെ തെറ്റായ ധാരണകള്‍ സൃഷ്ടിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
















