കൊച്ചി: മൊബെയില്‍ കംപ്യൂട്ടിങ് രംഗത്ത് പുതുപുത്തന്‍ അനുഭവങ്ങള്‍ പ്രദാനം ചെയ്ത് റിം പുതിയ ബ്ലാക്ക്ബെറി 10 പ്ലാറ്റ്ഫോം പുറത്തിറക്കി. പുതിയ ബ്ലാക്ക്ബെറി 10 പ്ലാറ്റ്ഫോമില്‍ രണ്ട് പുതിയ സ്മാര്‍ട്ട് ഫോണുകളും അവതരിപ്പിച്ചിട്ടുണ്ട്. പൂര്‍ണമായും ടച്ച് രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്ബെറി ഇസെഡ് 10, ടച്ചും കീബോര്‍ഡും അടങ്ങിയ ബ്ലാക്ക്ബെറി ക്യൂ 10 എന്നിവയാണ് പുതിയ ബ്ലാക്ക്ബെറി 10 പ്ലാറ്റ്ഫോമില്‍ അവതരിപ്പിച്ചിട്ടുള്ള മോഡലുകള്‍. ന്യൂയോര്‍ക്ക്, ടൊറോണ്ടോ, ലണ്ടന്‍, പാരീസ്, ദുബായ്, ജോഹന്നാസ്ബര്‍ഗ് എന്നിവിടങ്ങളില്‍ ഒരേ സമയം നടത്തിയ ചടങ്ങുകളിലാണ് ഇവ പുറത്തിറക്കിയത്. എല്‍.ടി.ഇ. സൗകര്യമുള്ള ഈ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇതുവരെയുള്ളവയില്‍ വച്ച് ഏറ്റവും വേഗതയുള്ള ബ്ലാക്ക്ബെറി ഫോണുകളാണ്. 1.5 ജി എച്ച് ഇസെഡ് ഡ്യൂവല്‍ കോര്‍ പ്രോസസറുകള്‍, 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ സ്റ്റോറേജ്, വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡ് സ്ലോട്ട് എന്നിവയാണിവയുടെ സവിശേഷതകള്‍. കൂടുതല്‍ വ്യക്തവും മികച്ചതുമായ ഇമേജുകള്‍ക്കും ഡിസ്പ്ലേയ്‌ക്കും സഹായകമായ രീതിയില്‍ ഉയര്‍ന്ന പിക്സലും സ്ക്രീന്‍ സാങ്കേതിക വിദ്യയും ഇവയ്‌ക്കുണ്ട്.
പ്രസന്റേഷനുകള്‍ക്ക് സഹായകമായ രീതിയില്‍ മൈക്രോ എച്ച്.ഡി.എം.ഐ. പോര്‍ട്ട്, മൊബെയില്‍ പെയ്‌മെന്റുകള്‍ക്ക് സഹായകമായ എന്‍.എഫ്.സി. (നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍) സെന്‍സറുകള്‍ എന്നിവയും രണ്ടുമോഡലുകളിലുമുണ്ട്. പുറത്തെടുക്കാവുന്ന ബാറ്ററികളാണിവയ്‌ക്കുളളത്. കറുപ്പും വെളപ്പും നിറങ്ങളില്‍ ലഭ്യമാണ്. ആഗോള റോമിങ് സാധ്യമാക്കുന്ന കണക്ടിവിറ്റി പിന്തുണയും ഇവയിലുണ്ടാകും. പുതിയ ബ്ലാക്ക്ബെറി 10 സ്മാര്‍ട്ട് ഫോണുകള്‍ക്കായുള്ള മിനി സ്റ്റീരിയോ സ്പീക്കറുകള്‍, വിവിധയിനം ചാര്‍ജറുകള്‍ തുടങ്ങിയ അനുബന്ധ സാമഗ്രികളും തെരഞ്ഞെടുത്ത റീട്ടെയിലര്‍മാരില്‍ നിന്നു ലഭ്യമാണ്.
കാനഡയില്‍ ഫെബ്രുവരി അഞ്ചുമുതല്‍ ഇത് ലഭ്യമാകും. യുഎഇയില്‍ ഫെബ്രുവരി പത്തു മുതലാവും ഇവ ലഭിക്കുക. 2599 ദിര്‍ഹമായിരിക്കും യുഎഇയിലെ ഇതിന്റെ റീട്ടെയില്‍ വില. അമേരിക്കയില്‍ മാര്‍ച്ച് മുതലാവും ഇതുലഭ്യമാകുക. എന്നാല്‍ ഇതിനായുള്ള പ്രീ രജിസ്ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. മറ്റു പല രാജ്യങ്ങളിലും ബ്ലാക്ക്ബെറി ഇസെഡ് 10 മോഡലിനായുള്ള പ്രീ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ബ്ലാക്ക്ബെറി ക്യൂ 10 ഏപ്രില്‍ മാസത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















