ന്യൂദല്‍ഹി: വാര്‍ത്ത നല്‍കാതിരിക്കാന്‍ കോഴ ചോദിച്ച കേസില്‍ അറസ്റ്റിലായ സീ ന്യൂസ് എഡിറ്ററുമാരായ സുധീര്‍ ചൗധരി, സമീര്‍ ആലുവാലിയ എന്നിവരുടെ ലാപ്‌ടോപ്പുകള്‍ നോയ്ഡയിലെ സീ ടിവി ഓഫീസില്‍ റെയ്ഡ് നടത്തി പോലീസ് പിടിച്ചെടുത്തു.
കേസില്‍ നിര്‍ണായകമായേക്കാവുന്ന പല വിവരങ്ങളും ലാപ്‌ടോപ്പില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. വിശദപരിശോധനക്കായി ലാപ്‌ടോപ്പുകള്‍ ഉടന്‍ തന്നെ വിദഗ്ധ സംഘത്തിനു കൈമാറുമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ കേസ് സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായില്ല. ആവശ്യമെങ്കില്‍ സീ ടിവി ഓഫീസില്‍ ഇനിയും റെയ്ഡുകള്‍ നടത്തുമെന്നും അന്വേഷണ സംഘം പറഞ്ഞു.
കല്‍ക്കരി കോഴയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കാതിരിക്കാന്‍ കോണ്‍ഗ്രസ് എം.പി നവീന്‍ ജിന്‍ഡാലിനോട് സീ ന്യൂസ് എഡിറ്റര്‍മാര്‍ കോഴ ചോദിച്ചുവെന്നാണ് കേസ്. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം നവീന്‍ ജിന്‍ഡാല്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ജിന്‍ഡാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സീ ന്യൂസ് എഡിറ്റര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇവര്‍ തിഹാര്‍ ജയിലില്‍ റിമാന്‍ഡിലാണ്.
















