ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ രാഷ്‌ട്രീയ നേതാക്കള്‍, ക്രിക്കറ്റ് താരങ്ങള്‍, അന്താരാഷ്‌ട്ര തലത്തില്‍ അറിയപ്പെടുന്നവര്‍ എന്നിവര്‍ക്ക് സ്വിസ് ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടെന്നാണ് സ്വിസ് ബാങ്കിലെ മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ വിക്കി ലീക്സിന് കൈമാറിയ റുഡോള്‍ഫ് എല്‍ഫര്‍ ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇത് സംബന്ധിച്ച് ഒരു വിവരവും ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വിസ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് ഫ്രഞ്ച് സര്‍ക്കാരില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ വിദഗ്‌ദ്ധമായി പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു.
മുകേഷ് അംബാനി, അനില്‍ അംബാനി, ജെറ്റ് എയര്‍ വെയ്സ് ചെയര്‍മാന്‍ നരേഷ് ഗോയല്‍, കോണ്‍ഗ്രസ് എംപി അനു ടണ്ടന്‍ എന്നിവര്‍ക്ക് സ്വിസ് ബാങ്കില്‍ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായി അരവിന്ദ് കേജ്‌രിവാള്‍ സംഘമാണ് രംഗത്തെത്തിയത്.
അതേസമയം, സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ കള്ളപ്പണം സൂക്ഷിക്കുന്നതിനെതിരെ യുപിഎ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കേജ്‌രിവാള്‍ വിമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഫ്രഞ്ച് സര്‍ക്കാര്‍ കൈമാറിയ രേഖകളിലുള്ള എച്ച്‌എസ്ബിസി ബാങ്ക്, അംബാനിമാര്‍ എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.
വിദേശത്ത് കള്ളപ്പണം സൂക്ഷിച്ചിരുന്ന ഇന്ത്യക്കാരുടേയും സ്ഥാപനങ്ങളുടെയുമടക്കം 700 ല്‍പ്പരം ആളുകളുടെ പേരുവിവരങ്ങളാണ് കഴിഞ്ഞവര്‍ഷം ഫ്രഞ്ച് സര്‍ക്കാര്‍ ഇന്ത്യക്ക് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.
















