മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ രാജി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ‘അഴിമതിക്കെതിരെ ഇന്ത്യ’. ജലസേചന പദ്ധതികളില്‍ അഴിമതി കാണിച്ചെന്ന പ്രതിപക്ഷത്തിന്റെ ശക്തമായ ആരോപണം നിലനില്‍ക്കെ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് ഉപമുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ആവശ്യമെന്താണെന്നും സംഘാംഗം അരവിന്ദ് കേജ്രിവാള് ചോദിച്ചു. പ്രശ്നത്തില്‍ ധാര്‍മ്മിക പരീക്ഷണമാണ് ചവാന് നേരിടുന്നതെന്നും കേജ്രിവാള് വ്യക്തമാക്കി.
‘സത്യസന്ധനായ വ്യക്തിയും മുഖ്യമന്ത്രിയുമാണ് ചവാന്. സര്‍ക്കാരിനെ സംരക്ഷിക്കുന്നതിനായി രാജി സ്വീകരിക്കാതിരിക്കാന്‍ എല്ലാ തലത്തില്‍നിന്നും അദ്ദേഹത്തിന് സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ അഴിമതിയാരോപണ വിധേയനായ ഉപമുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ചാല്‍ മാത്രമേ ഈ പരീക്ഷണത്തില്‍ വിജയിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ രാജി സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും കേജ്രിവാള് വ്യക്തമാക്കി. മഹാരാഷ്ട്ര സര്‍ക്കാരില്‍ മാത്രമല്ല രാജ്യമൊട്ടുക്കും ‘ബ്ലാക്മെയില്‍’ രീതിയാണ് എന്‍സിപി പിന്തുടരുന്നതെന്നും കേജ്രിവാള് കുറ്റപ്പെടുത്തി. അഴിമതി നടത്തിയശേഷം സഖ്യകക്ഷിയായ എന്‍സിപി സര്‍ക്കാരില്‍നിന്നും ഇറങ്ങിപ്പോക്ക് നടത്താനോ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനോ ആണ് ശ്രമിക്കുന്നത്. ഇത് ശരിയായ നടപടിയല്ല. ഇതിലൂടെ മഹാരാഷ്ട്ര സര്‍ക്കാരിനെ മാത്രമല്ല രാജ്യത്തെ ഒന്നടങ്കമാണ് എന്‍സിപി ബ്ലാക്മെയില്‍ ചെയ്യുന്നത്. പ്രത്യേക അന്വേഷണ ഏജന്‍സിയെക്കൊണ്ട് കേസന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉന്നതതലങ്ങളിലെ അഴിമതി ഗൗരവമേറിയ വിഷയമാണ്. സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ മുന്‍ ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് കേസന്വേഷണം നടത്തണം. അല്ലാത്തപക്ഷം അഴിമതികള്‍ ഇനിയും ആവര്‍ത്തിക്കപ്പെടുമെന്നും കര്‍ഷകര്‍ ആത്മഹത്യ തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: