ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ പണം കായ്ക്കുന്ന മരങ്ങള്‍ ടു ജിയും കല്ക്കരിപ്പാടങ്ങളുമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്ക്കരണ നയങ്ങളെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു മോഡി. സാമ്പത്തിക വിദഗ്ദ്ധനായ മന്‍മോഹനെപ്പോലൊരാള്‍ ജനങ്ങളെ ബോധവാന്മാരാക്കാന് നടത്തിയ പ്രസംഗത്തെ മോഡി നിശിതമായി വിമര്‍ശിച്ചു.
പണം മരത്തില്‍ കായ്ക്കില്ലെന്നും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് കടക്കുമെന്നും ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ മന്മോഹന് സിംഗ് വ്യക്തമാക്കിയിരുന്നു. പണം മരത്തില്‍ കായ്ക്കുന്ന ഒന്നല്ലെന്ന് ജനങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും ടു ജിയും കല്‍ക്കരിയും പണം കായ്ക്കുന്ന മരങ്ങളായി കോണ്‍ഗ്രസ് മാറ്റിയെന്നും മോഡി പറഞ്ഞു. ഗുജറാത്തിലെ ആദിവാസി ഭൂരിപക്ഷമേഖലയായ ദഹോദില്‍ വിവേകാനന്ദ യൂത്ത് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മോഡി.
ബിജെപി കേന്ദ്രനേതൃത്വവും പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. 1991 ലേതിന് സമാനമായ സാമ്പത്തികസാഹചര്യത്തിലേക്ക് രാജ്യത്തെ തള്ളിവിടുകയാണ് സര്‍ക്കാരെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു പറഞ്ഞു. അധികാരത്തിലെത്തി എട്ട് വര്‍ഷത്തിന് ശേഷം സര്‍ക്കാര്‍ സാമ്പത്തികപരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. പ്രധാനമന്ത്രി നല്കിയ വിശദീകരണം നിരാശാജനകമാണെന്നും അദ്ദേഹത്തിന് സ്വന്തം സഖ്യകക്ഷികളെപ്പോലും ഇക്കാര്യത്തില്‍ ബോധവത്ക്കരിക്കാന്‍ കഴിയുന്നില്ലെന്നും വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി.
രാഷ്ട്രീയസമവായത്തിന് ശേഷം മാത്രമേ ചില്ലറവില്‍പ്പനമേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തുകയുള്ളു എന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയ സര്‍ക്കാര്‍ വാക്കു പാലിക്കാതെ ജനങ്ങളെയും പാര്‍ലമെന്റിനെയും വഞ്ചിക്കുകയായിരുന്നു. 91 ലേതിന് സമാനമായ സാമ്പത്തിക സാഹചര്യമാണ് രാജ്യത്തെന്ന് പ്രധാനമന്ത്രി തുറന്നു സമ്മതിക്കുന്നു. എട്ട് വര്‍ഷമായി അധികാരത്തിലിരിക്കുന്ന മന്മോഹന് സിംഗും കോണ്‍ഗ്രസുമാണ് ഇതിന് ഉത്തരവാദി. സാമ്പത്തിക ദുരുപയോഗം, തെറ്റായ നയങ്ങള്‍, സാമ്പത്തികഗുണമില്ലാത്ത പദ്ധതികള്‍ ഇവയൊക്കെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച ഘടകങ്ങളാണ്, വെങ്കയ്യ നായിഡു പറഞ്ഞു.
നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധിച്ചവരില്‍ സഖ്യകക്ഷികളായ ഡിഎംകെയും എസ്പിയുമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നേരിട്ടുള്ള വിദേശ നിക്ഷേപത്തെ എതിര്‍ക്കുന്നു. ഒരു വീട്ടിലേക്ക് ആറ് പാചകവാതക സിലിണ്ടറുകള്‍ മതി യാകുമെന്ന് പ്രധാനമന്ത്രി പ്രസ്താവന നടത്തുമ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സബ്സിഡിയോട് കൂടി ഒമ്പത് സിലിണ്ടറുകള്‍ നല്‍കാനാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശമെന്നും വെങ്കയയ്യ നായിഡു പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: