ജെയ്പൂര്‍: പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് പലായനംചെയ്ത 7000ത്തോളം ഹിന്ദുക്കള്‍ ഇന്ത്യന്‍ പൗരത്വത്തിനുവേണ്ടി കാത്തിരിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇവിടെ തങ്ങുകയാണ്. പടിഞ്ഞാറന്‍ രാജസ്ഥാനിലെ ഒരു ക്യാമ്പിലാണ് ഇവര്‍ ഇപ്പോള്‍ തങ്ങുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഹിന്ദുകുടിയേറ്റക്കാരുടെ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്ന സംഘടനയാണ് ഇവര്‍ക്ക് താമസസൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തത്.
അയ്യായിരത്തോളം പേര് താമസിക്കുന്നത് അഭയാര്‍ത്ഥി ക്യാമ്പുകളിലാണ്. എന്തു പ്രശ്നമുണ്ടായാലും ഇനി പാക്കിസ്ഥാനിലേക്ക് തിരിച്ച് പോകില്ലെന്നാണ് ഇവര്‍ പറയുന്നത്. ചെറിയ രീതിയില്‍ ജീവിതമാരംഭിച്ച ഹിന്ദുക്കള്‍ സന്നദ്ധസംഘടനകള്‍ വഴി ചില ജോലികള്‍ക്കും പോയിത്തുടങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങളെ തൂക്കിക്കൊന്നാലും പാക്കിസ്ഥാനിലേക്ക് തങ്ങള്‍ക്കൊരു മടക്കയാത്ര ഇല്ലെന്ന് ഏഴ് അംഗങ്ങളുമായി ക്യാമ്പില്‍ തങ്ങുന്ന ചാങ്ങി റാം പറഞ്ഞു. തങ്ങളുടെ എല്ലാം പാക്കിസ്ഥാനില്‍ വെച്ചുതന്നെ നഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഇന്ത്യയിലേക്ക് വരാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ പലതവണ ക്യാമ്പിലെത്തി ചില മോഹനവാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും ഇതുവരെ നടപ്പായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുഖ്യമന്ത്രി അശോക് ഗെലോട്ട് ക്യാമ്പിലെത്തി തങ്ങളെ കണ്ടിരുന്നു. എന്നാല്‍ ഏഴ് വര്‍ഷമായി തങ്ങള്‍ ഇന്ത്യയില്‍ തങ്ങിയിട്ടും പൗരത്വം ലഭിക്കാത്തതില്‍ ദു:ഖമുണ്ടെന്നും ഇവര്‍ പറഞ്ഞു. അടുത്തിടെ 208 ഹിന്ദുക്കള്‍ക്കൂടി ഇന്ത്യയിലെക്ക് എത്തിയിട്ടുണ്ട്. തീര്‍ത്ഥാടക വിസയിലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. എന്നാല്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നുമാണ് ഇവരുടെ ഇപ്പോഴുള്ള ആവശ്യം.
ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിക്കാമെന്ന് ബി ജെ പി എംപി ബികനീര്‍ അര്ജുന് റാം മേഖ്വാള് ഉറപ്പു നല്‍കിയതായി ഇവര്‍ പറഞ്ഞു. പാക്കിസ്ഥാനിലേക്ക് മടങ്ങിപ്പോകുവാന്‍ താല്പ്പര്യപ്പെടാത്ത പക്ഷം ഇവരുടെ വിസാ കാലാവധി നീട്ടിനല്കാന് ഇന്ത്യയിലെ പാക് കമ്മീഷണറോട് ആവശ്യപ്പെടാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക പരിഗണന എന്ന നിലയില്‍ പാക്കിസ്ഥാനി ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് അവിടെവെച്ച് പലതരത്തിലുള്ള ക്രൂരതകളും നേരിടേണ്ടി വരുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വിഷയത്തില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് എം പി അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളുടെ പ്രശ്നം ഇന്ത്യ ഗൗരവമായി എടുക്കണമെന്ന് ഇതിനോടകം തന്നെ ബി ജെ പി നേതാക്കള്‍ പാര്‍ലമെന്റില്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ പൗരത്വമെന്ന സ്വപ്നം എത്രയും പെട്ടെന്ന് സാധ്യമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: