ന്യൂദല്‍ഹി: സൈന്യത്തിന് ടട്ര ട്രക്ക് വാങ്ങുന്നതു സംബന്ധിച്ച തീരുമാനം സിബിഐയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് കരസേനാ മേധാവി ബിക്രം സിംഗ്. കമ്പനിക്കെതിരായുള്ള അഴിമതിയാരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.
സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ടട്ര ടക്ക് വാങ്ങുകയെന്നും ബിക്രം സിംഗ് പറഞ്ഞു. മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ടട്ര ടക്ക് ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചത്. ഗുണനിലവാരം കുറഞ്ഞ 600 ട്രക്കുകള്‍ വാങ്ങാന്‍ തനിക്ക് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നായിരുന്നു വി.കെ.സിംഗിന്റെ ആരോപണം.
ആസാമിലെ പ്രശ്നബാധിത മേഖലകളില്‍ സൈന്യത്തെ വിന്യസിക്കാന്‍ കാലതാമസം നേരിട്ടത് പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് ഉത്തരവ് ലഭിക്കാന്‍ വൈകിയതുമൂലമാണെന്നും ബിക്രം സിംഗ് പറഞ്ഞു.സര്‍ക്കാരിന്റെ അനുമതിയില്ലാതെ കലാപസ്ഥലങ്ങളില്‍ സൈന്യത്തെ വിന്യസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍മഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്ട് (അഫ്സ്പ) നിയമം പില്വലിക്കുന്നതു സംബന്ധിച്ച് കരസേനയുടെ അഭിപ്രായം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായും ബിക്രംസിംഗ് വ്യക്തമാക്കി. ഇനി സര്‍ക്കാരാണ് ഇതു സംബന്ധിച്ച തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംജോത എക്സ്പ്രസ് ട്രെയിനില്‍ വ്യാജപാസ്പോര്‍ട്ട് ഉപയോഗിച്ച് നേപ്പാളില്‍ നിന്നുള്ള ഭീകരവാദികള്‍ ഇന്ത്യയിലേക്ക് കടക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ട് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും കേന്ദ്രസര്‍ക്കാരിനും വിവരം നല്‍കിയിട്ടുണ്ട്. ഇതിനെതിരെ ഉടനടി നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: