ഹൈദരാബാദ്: തെലങ്കാന പ്രശ്നത്തില്‍ ആന്ധ്ര നിയമസഭാസമ്മേളനം രണ്ടാംദിവസവും സ്തംഭിച്ചു. പ്രത്യേക സംസ്ഥാനരൂപീകരണത്തിനായി നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് ടി ആര് എസ് അംഗങ്ങള്‍ ബഹളം വച്ചതിനെത്തുടര്‍ന്നാണ് സഭാനടപടികള്‍ തടസ്സപ്പെട്ടത്. ബിജെപി, സിപിഐ അംഗങ്ങളും ഈ ആവശ്യത്തെ പിന്താങ്ങിയതോടെ സഭാനടപടികള്‍ പൂര്‍ണ്ണമായും തടസ്സപ്പെടുകയായിരുന്നു. ഇതിനിടെ മുഖ്യപ്രതിപക്ഷമായ തെലഗുദേശം പാര്‍ട്ടി ഊര്‍ജ്ജക്ഷാമവും മന്ത്രിമാര്‍ക്കെതിരായ അഴിമതി ആരോപണവും സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചതും സഭയെ പ്രക്ഷുബ്ധമാക്കി.
സഭ ആദ്യം അരമണിക്കൂര്‍ നിര്‍ത്തി വച്ച സ്പീക്കര്‍ മനോഹര്‍ പിന്നീട് നിയമസഭാകക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ചര്‍ച്ചക്ക് ശേഷം സഭ സമ്മേളിച്ചപ്പോഴും ബഹളം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്നലത്തെ സഭാനടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. തെലങ്കാന സംസ്ഥാനത്തിനായി നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്രപരിഗണനയിലുള്ള വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് റെഡ്ഡി പ്രമേയാവതരണത്തെ എതിര്‍ത്തത്.
അതേസമയം, തെലുങ്കാന പ്രശ്നത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തെലുങ്കാന രൂപീകരണത്തില്‍ അന്തിമതീരുമാനം ഉടന്‍ എടുക്കണമെന്നും ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവന്നാല്‍ തങ്ങള്‍ പിന്തുണയ്ക്കുമെന്നും ബിജെപി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ ദല്‍ഹിയില്‍ പറഞ്ഞു. തെലുങ്കാനയ്ക്കായി പോരാടുന്ന ജനങ്ങളുടെ വികാരം കോണ്‍ഗ്രസ് ചൂഷണം ചെയ്യുകയാണെന്നും പുതിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായി ഹൈദരാബാദിനെ നിര്‍ദ്ദേശിക്കണമെന്നും ജാവ്ദേക്കര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: