കൂടംകുളം: കൂടംകുളം സമരസമിതി നേതാവ് എസ്.പി ഉദയകുമാറിനെതിരേ അറസ്റ്റ് വാറണ്ട്. വള്ളിയൂര്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. അദ്ദേഹത്തിനൊപ്പം 36 സമര സമിതി പ്രവര്‍ത്തകര്‍ക്കുമെതിരെയും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കേസില്‍ ഉദയകുമാറിന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായിരുന്നു. പോലീസ് അറസ്റ്റിലേക്ക് നീങ്ങുന്നുവെന്ന സൂചന ലഭിച്ചതോടെയാണ് ഉദയകുമാര്‍ അജ്ഞാതകേന്ദ്രത്തിലേക്ക് മാറിയത്. ജനരോഷം ഭയന്നാണ് പോലീസ് ഇതുവരെ ഉദയകുമാറിനെ അറസ്റ്റ് ചെയ്യാന്‍ മുതിരാഞ്ഞത്.
എന്നാല്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചതോടെ ഉദയകുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് ഊര്‍ജിതമാക്കുമെന്നാണ് വിവരം. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ ഉദയകുമാര്‍ കോടതിയില്‍ കീഴടങ്ങാനും സാധ്യതയുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി നാളെ സമരസമിതി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: