ന്യൂദല്‍ഹി: സമാധാന ദൗത്യസേനയെ അയച്ചതിന്റെ പേരില്‍ ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് രണസിംഗെ പ്രേമദാസ ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കിയെന്ന് വെളിപ്പെടുത്തല്‍. ശ്രീലങ്കയിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന ലഖന്‍ലാല്‍ മല്‍ഹോത്രയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1989 ല്‍ ഇന്ത്യന്‍ സമാധാന സേന ലങ്കയില്‍ ദൗത്യത്തില്‍ ഏര്പ്പെടുക്കൊണ്ടിരുന്നപ്പോഴാണ് സംഭവമുണ്ടായത്. ദൗത്യസേനയെ തിരിച്ചുവിളിക്കണമെന്നായിരുന്നു പ്രേമദാസയുടെ ആവശ്യം.
മല്‍ഹോത്രയെ പ്രസിഡന്റിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഈ ആവശ്യം അദ്ദേഹം ഉന്നയിച്ചത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ദേശീയ ടെലിവിഷനിലൂടെ യുദ്ധ പ്രഖ്യാപനം നടത്തുമെന്നും ഇന്ത്യക്കെതിരെ സൈന്യത്തെ വിന്യസിപ്പിക്കുമെന്നും അറിയിച്ചു. എന്നാല്‍ താന്‍ സമാധാന ചര്‍ച്ചയ്ക്കാണ് എത്തിയിരിക്കുന്നതെന്നും താങ്കള്‍ യുദ്ധമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെയാകാമെന്നും മല്‍ഹോത്ര അറിയിച്ചു. ഇന്ത്യയുടെ സൈന്യത്തെ അധിനിവേശ സേനയായി പ്രഖ്യാപിക്കുമെന്ന് പ്രേമദാസ പറഞ്ഞതായി മല്‍ഹോത്ര പറഞ്ഞു. ഇത് ഇന്ത്യയുടെ സല്‍പ്പേരിന് കളങ്കമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സല്‍പ്പേരിന്റെ കാര്യം തങ്ങള്‍ നോക്കിക്കൊള്ളാമെന്ന് മല്‍ഹോത്ര മറുപടി നല്കി. ഇതോടെ ദേഷ്യത്തോടെ പ്രേമദാസ തന്റെ രാഷ്ട്രീയ ഭാവിയെ പ്രശ്നം ബാധിക്കുമെന്നും അടുത്ത തവണ വരുമ്പോള്‍ തന്റെ ശവസംസ്ക്കാരത്തില്‍ പങ്കെടുക്കുമെന്നും മല്‍ഹോത്ര പറഞ്ഞു. ഒരു വിദേശ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മല്‍ഹോത്ര ഇക്കാര്യം വ്യക്തമാക്കിയത്.
അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും ശ്രീലങ്കന്‍ പ്രസിഡന്റ് ജെ.ആര്.ജയവര്‍ധനെയും തമ്മില്‍ ഒപ്പുവെച്ച ദ്വികക്ഷി ഉടമ്പടി പ്രകാരമാണ് ശ്രീലങ്കയിലേക്ക് സമാധാന സേനയെ അയച്ചത്. എല്‍ടിടിഇക്കെതിരായ നടപടി തുടര്‍ന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു ഉടമ്പടിയില്‍ ഒപ്പ് വെച്ചത്. എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന പ്രേമദാസ ഉടമ്പടി അംഗീകരിച്ചില്ല. 1988 ല്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയതോടെ ഇന്ത്യന്‍ സേനയെ തിരിച്ചയക്കാനുള്ള ശ്രമം അദ്ദേഹം തുടങ്ങുകയായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയത്. 1989 ല്‍ എല്‍ടിടിഇയുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് ഇന്ത്യക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. ജൂലൈ മാസത്തില്‍ മല്‍ഹോത്രയോട് നേരിട്ട് സേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
1990 മാര്‍ച്ച് മാസം അവസാനത്തോടെ ശ്രീലങ്കയില്‍നിന്ന് മുഴുവന്‍ സൈന്യത്തേയും പിന്‍വലിക്കുന്നതിന് മുന്‍പ് നടന്ന പിന്‍വാതില്‍ ചര്‍ച്ചകളില്‍ മല്‍ഹോത്ര വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: