ഖരഗ്പൂര്‍: വിദ്യാഭ്യാസ രംഗത്ത് ലോകനിലവാരത്തിലേക്ക് ഉയരാന്‍ സാധിക്കാത്തത് ആശങ്കാജനകമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആഗോളരംഗത്തെ 200 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാജ്യത്തെ പ്രമുഖ ഐഐടിക്കുപോലും സ്ഥാനമില്ലെന്നത് നിരാശാജനകമാണ്. വന്‍ സാമ്പത്തിക ശക്തിയായിക്കൊണ്ടിരിക്കുന്ന നമുക്ക് വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം സാധ്യമാകാത്തത് എന്തുകൊണ്ടാണെന്ന് എല്ലാവരും ആലോചിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ പത്തോ, അന്‍പതോ, കുറഞ്ഞത് നൂറോ സ്ഥാനത്തെങ്കിലും ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എത്തണം. അതിന് കുറ്റമറ്റ മാനദണ്ഡങ്ങള്‍ വികസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഖരഗ്പൂര്‍ ഐഐടിയുടെ 58 -ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രണബ്. പൂര്‍വ വിദ്യാര്‍ത്ഥിയായ വ്യോമയാനമന്ത്രി അജിത് സിംഗും ചടങ്ങില്‍ ഉണ്ടായിരുന്നു. രാഷ്ട്രത്തിന്റെ പുരോഗതിക്കും സമൂഹത്തിനും വേണ്ടി പുതിയ തലമുറ കൂടുതല്‍ സംഭാവനകള്‍ നല്‍കണമെന്ന് രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ സാഹചര്യങ്ങള്‍ക്കനുസൃതമായുള്ള പുതിയ സാങ്കേതിക വിദ്യകള്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ അവസരങ്ങള്‍ ഒരുക്കിക്കൊടുക്കണമെന്നും എല്ലാവരേയും ഇതിന്റെ ഭാഗമാക്കണം. സാങ്കേതികവിദ്യയുടെ അപര്യാപ്തത നമ്മുടെ വാണിജ്യ, വ്യവസായ മേഖലകളെ കാര്യമായി ബാധിക്കുമെന്നും പ്രണബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: