റാലഗെന്സിദ്ധി : രാഷ്ട്രീയപാര്‍ട്ടീ രൂപീകരണത്തില്‍ നിന്ന് അണ്ണാ ഹസാരെ പിന്മാറുന്നു. അനുയായികളില്‍ നിന്ന് വേണ്ടരീതിയിലുള്ള പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണിത്. താന്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ജനങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം ഒരു മാറ്റവും ഉണ്ടാക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതായി ഹസാരെ വ്യക്തമാക്കി. പുതിയൊരു പാര്‍ട്ടി രൂപീകരിച്ചതുകൊണ്ട് കാര്യമായ മാറ്റമുണ്ടാക്കാനാകില്ല. മറിച്ച് സത്യസന്ധരായ നല്ല വ്യക്തികളെ പാര്‍ലമെന്റിലേക്ക് അയക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹസാരെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ അദ്ദേഹത്തിന്റെ അനുയായി ശിവേന്ദ്രസിംഗ് ചൗഹാന്റെ നേത്യത്വത്തിലുള്ള പ്രവര്‍ത്തകര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹത്തിന് മനംമാറ്റമുണ്ടായത്. അടുത്ത അനുയായി സുരേഷ് പതാരെയോടാണ് ഹസാരെ ഇക്കാര്യം വ്യക്തമാക്കിയത്. വീഡിയോ വഴിയാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്ന് പിന്മാറുന്ന വിവരം ശിവേന്ദ്ര സിംഗ് ചൗഹാനെ അറിയിച്ചത്.
അഴിമതി വിരുദ്ധ, ജനലോക് പാല് ബില്‍ സമരങ്ങള്‍ പാതി വഴിയിലാണ്. അത് ഉപേക്ഷിച്ച് പുതിയ പാര്‍ട്ടിക്കോ സംഘടനക്കോ പുറകേ പോകാന്‍ താനില്ലെന്നും അഴിമതി വിരുദ്ധ സമരങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ പാര്‍ട്ടി രൂപീകരിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ മറ്റുചിലര്‍ അത് ശരിയല്ലെന്ന് വാദിക്കുന്നുണ്ടെന്നും ഹസാരെ അഭിപ്രായപ്പെട്ടു. ജയ്പ്രകാശ് നാരായണ്‍, വിനോഭാ ബാവ തുടങ്ങിയവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചിട്ടില്ല. പക്ഷേ അവരുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് പലമാറ്റങ്ങളും സൃഷ്ടിച്ചെന്നും ഹസാരെ വീഡിയോയിലൂടെ ഓര്‍മ്മപ്പെടുത്തി. ജന്തര്‍ മന്തറില്‍ നടത്തിയ സത്യഗ്രഹത്തിലാണ് ഹസാരെ പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കം നടത്തുന്നതായി സൂചന ലഭിച്ചത്. എന്നാല്‍ അന്നു തന്നെ സംഘാംഗള്ക്കിടയില് ഭിന്നത ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: